Connect with us

Kerala

മുഖ്യമന്ത്രിയുടെ രാജി അനിവാര്യം; പ്രക്ഷോഭം ശക്തമാക്കും പിണറായി

Published

|

Last Updated

pinarayiതിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജി അനിവാര്യമാണെന്നും ഇതിനായി ഇടതുപക്ഷം പ്രക്ഷോഭം ശക്തമാക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ജോപ്പന്റെ അറസ്‌റ്റോടെ സോളാര്‍ തട്ടിപ്പ് കേസിലെ അന്വേഷണം മുഖ്യമന്ത്രിയുടെ പടികടന്ന് അകത്തേക്ക് എത്തിയിരിക്കുകയാണ്.

ക്രിമിനല്‍ കേസ് അന്വേഷിക്കേണ്ട മാനദണ്ഡം അനുസരിച്ച് ഇനി അന്വേഷണം ഉമ്മന്‍ ചാണ്ടിയിലേക്കാണ് നീളേണ്ടത്. ജോപ്പനേയും സരിതയേയും കൊണ്ട് ഇനി മുഖ്യമന്ത്രിയുടെ ഓഫീസില്‍ ചെന്ന് മഹസ്സര്‍ തയ്യാറാക്കേണ്ടി വരും. സ്വഭാവികമായി മുഖ്യമന്ത്രിയെ ചോദ്യം ചെയ്യേണ്ടി വരും. മുഖ്യമന്ത്രി ആ കസേരയില്‍ തുടരുന്നത് അന്വേഷണത്തെ പ്രഹസനമാക്കുമെന്നും പിണറായി പറഞ്ഞു.

അതിനാല്‍ , ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിപദം രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന നിലപാടില്‍ പ്രതിപക്ഷം ഉറച്ചുനില്‍ക്കുകയാണെന്നും പിണറായി പറഞ്ഞു.

ജോസ് തെറ്റയില്‍ വിഷയത്തില്‍ പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തെറ്റയില്‍ എം.എല്‍.എ.സ്ഥാനം രാജിവെയ്‌ക്കേണ്ട കാര്യമില്ല എന്നാണ് അന്നു ഇന്നും പാര്‍ട്ടി നിലപാട്. “ജോസ് തെറ്റയില്‍ രാജിവെച്ചേക്കും” എന്ന് ആദ്യം വാര്‍ത്തയുണ്ടാക്കി. എന്നിട്ട്, അതിന്റെ പേരിലൊരു പുകമറ സൃഷ്ടിക്കുകയായിരുന്നു.

മുമ്പും ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നു വന്നഘട്ടത്തില്‍ മന്ത്രിസ്ഥാനം പോലുള്ള അധികാരസ്ഥാനങ്ങള്‍ മാത്രമേ ആരോപണവിധേയര്‍ ഒഴിഞ്ഞിട്ടുള്ളൂ, അല്ലാതെ എം.എല്‍.എ.സ്ഥാനമോ എം.പി.സ്ഥാനമോ രാജിവെച്ചിട്ടില്ല. പി.ടി.ചാക്കോ, നീലലോഹിതദാസന്‍ നാടാര്‍, പി.ജെ.ജോസഫ്, കെ.ബി.ഗണേഷ് കുമാര്‍ തുടങ്ങിയവരുടെ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി പിണറായി വിശദീകരിച്ചു.

Latest