സാങ്കേതിക തകരാര്‍: ഹോണ്ട 1,43,000 കാറുകള്‍ തിരിച്ചു വിളിക്കുന്നു

Posted on: June 30, 2013 9:04 am | Last updated: June 30, 2013 at 9:04 am
SHARE

honda-logo-01ടോക്യോ: സാങ്കേതിക പിഴവിനെ തുടര്‍ന്ന് ഹോണ്ട ഫിറ്റ് മോഡല്‍ 1,43,000 കാറുകള്‍ തിരിച്ചു വിളിക്കുന്നു. വിന്‍ഡോ സ്വിച്ചിനുള്ള തകരാറിനെ തുടര്‍ന്നാണ് കാറുകള്‍ തിരിച്ചുവിളിക്കുന്നതെന്നും ഇത് തീപിടിത്തത്തിന് കാരണമാകുമെന്നും ഹോണ്ട കമ്പനി അറിയിച്ചു.
2007-2008 വര്‍ഷങ്ങളില്‍ പുറത്തിറക്കിയ കാറിനാണ് തകരാര്‍ കണ്ടെത്തിയത്. സമാന പരാതിയെ തുടര്‍ന്ന് 2010 ലും ഹോണ്ട ഈ മോഡല്‍ കാറുകള്‍ തിരിച്ചുവിളിച്ചിരുന്നു. മഴവെള്ളമോ മറ്റ് ദ്രാവകങ്ങളോ വിന്‍ഡോക്കകത്ത് പ്രവേശിക്കുന്നത് മൂലം സ്വിച്ച് അധികം ചൂടാകുകയും തീപിടിക്കാന്‍ കാരണമാകുകയും ചെയ്യും. ഡ്രൈവറുടെ ഭാഗത്തെ ഡോറിലാണ് സ്വിച്ചുകളുള്ളത്. ഈ തകരാറിനെ തുടര്‍ന്ന് അപകടമോ പരുക്കോ ഉണ്ടായിട്ടില്ലെന്ന് കമ്പനി അറിയിച്ചു. തകരാറുള്ള കാറുകള്‍ തിരികെ കമ്പനിയുടെ സര്‍വീസ് സെന്ററുകളിലെത്തിക്കണമെന്നാണ് ഉപഭോക്താക്കള്‍ക്കുള്ള നിര്‍ദേശം. 2010 ല്‍ സ്വിച്ച് തകരാറിനെ തുടര്‍ന്ന് തിരിച്ചുവിളിച്ച കാറുകള്‍ റിപ്പയര്‍ ചെയ്ത് നല്‍കിയിരുന്നുവെങ്കിലും വീണ്ടും തകരാര്‍ കണ്ടെത്തുകയായിരുന്നു. ജൂലൈ പകുതിയോടെ ഹോണ്ട കാറുകളുടെ സ്വിച്ചുകള്‍ പരിശോധിച്ച് മാറ്റി നല്‍കുന്ന പ്രവൃത്തി ആരംഭിക്കും.