Connect with us

International

മുര്‍സി വിരുദ്ധ പ്രക്ഷോഭം; അമേരിക്കന്‍ പൗരന്‍ കൊല്ലപ്പെട്ടു

Published

|

Last Updated

കൈറോ: ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ അനുകൂലിക്കുന്നവരും മുര്‍സിവിരുദ്ധ പ്രക്ഷോഭകരും തമ്മിലുണ്ടായ സംഘട്ടനത്തിനിടെ അമേരിക്കക്കാരനും ഈജിപഷ്യന്‍ പത്രപ്രവര്‍ത്തകനും കൊല്ലപ്പെട്ടു. വെള്ളിയാഴ്ച അലക്‌സാണ്ട്രിയയിലാണ് മുര്‍സിക്കെതിരെ പതിനായിരങ്ങള്‍ പ്രക്ഷോഭം തുടങ്ങിയത്. മുര്‍സി ഭരണത്തിന്റെ ആദ്യവര്‍ഷം പൂര്‍ത്തീയാക്കുന്ന ഇന്ന് നടത്താനുദ്ദേശിക്കുന്ന ജനകീയ പ്രതിഷേധത്തിന്റെ മുന്നോടിയായാണ് അലക്‌സാണ്ട്രിയയില്‍ പതിനായിരങ്ങള്‍ വെള്ളിയാഴ്ച സമര രംഗത്തിറങ്ങിയത്. പോര്‍ട്ട് സെയ്ദില്‍ പ്രക്ഷോഭത്തിന്റെ ഭാഗമായുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇന്ന് നടത്താന്‍ തീരുമാനിച്ചിരിക്കുന്ന റാലി പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിക്കുമെന്ന ഭയം ഉയര്‍ന്നിട്ടുണ്ട്.
പ്രതിഷേധക്കാരുടെ ഫോട്ടോയെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അലക്‌സാണ്ട്രിയയിലെ അമേരിക്കന്‍ കള്‍ച്ചറല്‍ സെന്ററിലെ ആന്‍ഡ്ര്യൂ പോക്‌ടെര്‍ കൊല്ലപ്പെട്ടത്. ഈജിപ്തിലെ കുട്ടികള്‍ക്ക് ഇംഗ്ലീഷ് പഠിപ്പിക്കുന്നതിലും തന്റെ അറബി ഭാഷയിലുള്ള കഴിവ് വര്‍ധിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച വ്യക്തിയായിരുന്നു കൊല്ലപ്പെട്ട അമേരിക്കക്കാരന്‍. ഈജിപ്തിലെ സംഘര്‍ഷഭരിതമായ സാഹചര്യത്തില്‍ അത്യാവശ്യമായ യാത്രകള്‍ക്കല്ലാതെ ഇവിടെ സന്ദര്‍ശിക്കരുതെന്ന് തങ്ങളുടെ പൗരന്‍മാര്‍ക്ക് അമേരിക്കയും ബ്രിട്ടനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുര്‍സിവിരുദ്ധര്‍ക്കെതിരെ പോര്‍ട്ട് സെയ്ദില്‍ നടന്ന ബോംബേറിലാണ് ഈജിപ്ഷ്യന്‍ പത്രപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കുണ്ട്. ദഖാഹിലിയ്യ, ബഹേറിയ ഉള്‍പ്പെടെ രാജ്യത്തുടനീളം പ്രക്ഷോഭങ്ങള്‍ അരങ്ങേറുകയാണ്. വിവിധ സംഭവങ്ങളിലായി 130 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.വരും ദിവസങ്ങളില്‍ സംഘര്‍ഷം വ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
അതേസമയം, ഇത്തരം സംഘര്‍ഷങ്ങള്‍ ആഭ്യന്തര യുദ്ധത്തിലേക്ക് രാജ്യത്തെ നയിക്കുമെന്ന് അല്‍ അസ്ഹര്‍ സര്‍വകലാശാലയിലെ പ്രമുഖനായ ഹസ്സന്‍ അല്‍ ശാഫി മുന്നറിയിപ്പ് നല്‍കി.
നിലവിലെ പ്രസിഡന്റ് മുഹമ്മദ് മുര്‍സി അധികാരത്തില്‍ നിന്ന് രാജിവെച്ചൊഴിയണമെന്നാവശ്യപ്പെട്ട് ലക്ഷക്കണക്കിന് ഈജിപ്തുകാര്‍ ഇന്ന് തെരുവിലിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

Latest