Connect with us

Wayanad

പത്ത് ഗ്രാമപഞ്ചായത്തുകളിലും നഗരസഭയിലും കുടിവെള്ള പദ്ധതികള്‍ യാഥാര്‍ഥ്യമാവുന്നു- എം വി ശ്രേയാംസ്‌കുമാര്‍ എം എല്‍ എ

Published

|

Last Updated

കല്‍പ്പറ്റ: കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ പത്തു ഗ്രാമപഞ്ചായത്തുകളിലും ഏകനഗരസഭയിലും ശുദ്ധീകരണശാലയോടു കൂടിയ കുടിവെള്ള പദ്ധതികള്‍ യാഥാര്‍ഥ്യമാവുകയാണെന്ന് എം വി ശ്രേയാംസ് കുമാര്‍ എം എല്‍എ അറിയിച്ചു. 220 കോടിയോളം രൂപ ചെലവഴിച്ചാണ് പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നത്.
കല്‍പ്പറ്റ നഗരസഭയില്‍ കുടിവെള്ളമെത്തിക്കാന്‍ 42 കോടിയുടെ പദ്ധതിയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.
19.85 കോടി ഇതിനകം ചെലവഴിച്ചു കഴിഞ്ഞു. കാരാപ്പുഴയില്‍ നിന്നാണ് നഗരത്തില്‍ വെള്ളമെത്തിക്കുന്നത്.പമ്പ് ഹൗസിന്റെയും കിണറിന്റെയും നിര്‍മ്മാണം പൂര്‍ത്തിയായി.നവീകരണ പ്ലാന്റിന്റെ 70 ശതമാനം പണി തീര്‍ന്നു.കാക്കവയലില്‍ നിന്നും നഗരത്തില്‍ വരെ ദേശീയ പാതയോരത്തു കൂടിയാണ് പൈപ്പുകളിട്ടത്.ഇതിന് 1.20 കോടി ദേശീയ പാത അധികൃതര്‍ക്ക് നല്‍കേണ്ടി വന്നു.
മേപ്പാടി,മൂപ്പൈനാട് ,വൈത്തിരി ഗ്രാമ പഞ്ചായത്തുകളില്‍ കുടിവെള്ളമെത്തിക്കുന്ന പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു കഴിഞ്ഞു. 72 കോടി രൂപയാണ് ഇതിനു ചെലവു വരിക.ഇതില്‍ 40 കോടി അനുവദിച്ചു കിട്ടി.കഴിഞ്ഞ ജൂണ്‍ 23 ന് തറക്കല്ലിടാനിരുന്ന ചടങ്ങ് കനത്ത മഴ മൂലം അതു മാറ്റിവച്ചതായിരുന്നു
വേഗത്തില്‍ തന്നെ പ്രവൃത്തി തുടങ്ങും. മുട്ടില്‍ , നൂല്‍പ്പുഴ,സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാനുള്ള പദ്ധതിക്ക് 78.2 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.ഒന്നാം ഘട്ടമായി 42 കോടി അനുവദിച്ചു കഴിഞ്ഞു.
തരിയോട് ,പൊഴുതന ,കോട്ടത്തറ,വെങ്ങപ്പള്ളി ,പടിഞ്ഞാറെത്തറ ,ഗ്രാപഞ്ചായത്തുകളില്‍ പ്രാവര്‍ത്തികമാകുന്ന പദ്ധതിക്ക് 78 കോടി രൂപയാണ് ചെലവു വരിക.ഇതില്‍ 15 കോടിക്ക് ഭരണാനുമതി ലഭിച്ചു.ബാണാസുര സാഗറിലാണ് പദ്ധതിയുടെ കിണര്‍ നിര്‍മ്മിക്കുക.അഞ്ചുപഞ്ചായത്തുകളിലെ 1,40,000 പേര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും.
തരിയോട് ഗ്രാമപഞ്ചായത്തിലെ കമ്പനിക്കുന്നിലാണ് ശുദ്ധീകരണശാല സ്ഥാപിക്കുക.കമ്പനിക്കുന്നിനു പുറമെ ചെന്നലോട് ,വെങ്ങപ്പള്ളിയിലെ കോടഞ്ചേരിക്കുന്ന് ,കോട്ടത്തറയിലെ കുറുമ്പാലക്കോട്ട,പൊഴുതനയിലെ വലിയപാറ എന്നിവിടങ്ങളില്‍ ടാങ്കുകള്‍ നിര്‍മിക്കും. സാങ്കേതികാനുമതി ലഭ്യമാക്കി പ്രവൃത്തി ഉടന്‍ ടെന്‍ഡര്‍ ചെയ്യുമെന്ന് എം വി ശ്രേയാംസ് കുമാര്‍ എം എല്‍ എ അറിയിച്ചു.
പൂര്‍ത്തിയായ കണിയാമ്പറ്റ ശുദ്ധജല വിതരണ പദ്ധതിയില്‍ നിന്നും കുടിവെള്ള വിതരണം കാര്യക്ഷമമായി നടക്കുന്നുണ്ട്. ഇക്കഴിഞ്ഞ വരള്‍ച്ച കാലത്ത് കണിയാമ്പറ്റ പദ്ധതിയില്‍ നിന്നും തൊട്ടടുത്ത പനമരം ഗ്രാമ പഞ്ചായത്തിലെ ജനങ്ങള്‍ക്കും ലോറിയില്‍ വെള്ളമെത്തിച്ചു കൊടുത്തു. പദ്ധതിയുടെ പൈപ്പ് ലൈനുകള്‍ ദീര്‍ഘിപ്പിക്കാനായി ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരു കോടി കൂടി അനുവദിച്ചിട്ടുണ്ടെന്നും എം എല്‍ എ അറിയിച്ചു.

Latest