Connect with us

Wayanad

നിരീക്ഷിക്കാന്‍ സംവിധാനം വേണമെന്ന് ജില്ലാ വികസന സമിതി

Published

|

Last Updated

കല്‍പ്പറ്റ: ജില്ലയിലെ സി ബി എസ് ഇ, ഐ സി എസ് ഇ സ്‌കൂളുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം വേണമെന്ന് കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു.
എല്‍ കെ ജിയിലേക്കുള്ള അഡ്മിഷനു പോലും ഇത്തരം സ്‌കൂളുകള്‍ ഇരുപത്തയ്യായിരം രൂപ മുതല്‍ നാല്‍പതിനായിരം രൂപ വരെ ഡൊണേഷന്‍ വാങ്ങുന്നു.
കുട്ടികളില്‍ നിന്നും വന്‍ ഫീസ് ഈടാക്കുന്ന ഇവര്‍ അധ്യാപക-വിദ്യാര്‍ഥി അനുപാതം പാലിക്കുകയോ ഹൈക്കോടതി മാര്‍ഗ്ഗ നിര്‍ദ്ദേശ പ്രകാരമുള്ള ശമ്പളം അധ്യാപകര്‍ക്ക് നല്‍കുകയോ ചെയ്യുന്നില്ല. ഈ സാഹചര്യത്തില്‍ സി ബി എസ് ഇ, ഐസി എസ് ഇ സ്‌കൂളുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ യോഗം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി.
അധ്യയന വര്‍ഷം തുടങ്ങിയിട്ടും പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട കുട്ടികളില്‍ പലരെയും സ്‌കൂളുകളില്‍ എത്തിക്കാന്‍ കഴിയാത്തതില്‍ യോഗം ആശങ്ക രേഖപ്പെടുത്തി. കുട്ടികള്‍ക്കുള്ള പുസ്തകങ്ങളും യൂണിഫോമുകളും മറ്റുംഉടന്‍ലഭ്യമാക്കി ഇവരെ സ്‌കൂളുകളില്‍ ചേര്‍ക്കുന്നതിന് പ്രത്യേക പരിപാടികള്‍ ആവിഷ്‌കരിക്കാന്‍ യോഗം പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് അധികൃതര്‍ക്കും വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ക്കും നിര്‍ദേശം നല്‍കി.
ജില്ലയുടെ പിന്നാക്കാവസ്ഥയും ഡോക്ടര്‍മാരുടെ ക്ഷാമവും പരിഗണിച്ച് എന്‍.ആര്‍ എ ച്ച് എം പദ്ധതിക്ക് കീഴില്‍ 65 വയസ്സു കഴിഞ്ഞ ഡോക്ടര്‍മാരെ നിയമിക്കുന്നതിന് പ്രത്യേകാനുമതി നല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ യോഗം തീരുമാനിച്ചു. ജില്ലയിലെ ശിശു മരണ നിരക്ക് ആശങ്കാ ജനകമാണെന്നും ഇതിന്റെ കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കാന്‍ അടിയന്തിര നടപടി ഉണ്ടാകണമെന്നും യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ ദേവകി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 2012-2013 വര്‍ഷം 141 ശിശു മരണങ്ങളാണ് ജില്ലയില്‍ ഉണ്ടായത്. ഇതില്‍ എഴുപത്തി മൂന്നും പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരുടെ കേസുകളായിരുന്നു.
കേന്ദ്ര സഹായത്തോടെയുള്ള ഭവന നിര്‍മ്മാണ പദ്ധതികളില്‍ വീടിന്റെ പരമാവധി വിസ്തൃതി സംബന്ധിച്ച മാനദണ്ഡം സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കാനും യോഗം തീരുമാനിച്ചു.യോഗത്തില്‍ ജില്ലാ കലക്ടര്‍ കെ ജി രാജു അധ്യക്ഷനായിരുന്നു. പട്ടിക വര്‍ഗ്ഗ യുവജന ക്ഷേമ കാര്യ മന്ത്രി പി കെ.ജയലക്ഷ്മി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ശശി, വൈസ് പ്രസിഡന്റ് എ.ദേവകി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അബ്ദുള്‍ അഷ്‌റഫ്, സബ് കലക്ടര്‍ വീണ.എന്‍.മാധവന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജോസഫ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.ജി. സജീവ്, വിവിധ വകുപ്പുകളുടെ ജില്ലാ തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസാരിച്ചു.

Latest