അപകടം: ദേശീയപാതകളില്‍ നിരീക്ഷണം ഏര്‍പ്പെടുത്തണം- ജില്ലാ വികസന സമിതി

Posted on: June 30, 2013 8:30 am | Last updated: June 30, 2013 at 8:30 am
SHARE

car accidentകോഴിക്കോട്: ജില്ലയില്‍ അപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കുന്നതിന് ദേശീയപാതകളില്‍ ആധുനിക നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തണമെന്നും അപകടത്തില്‍ മരിക്കുന്നവരുടെ കുടുംബങ്ങളെ സംരക്ഷിക്കാന്‍ നടപടിയുണ്ടാകണമെന്നും ജില്ലാ വികസന സമിതി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കെ ദാസന്‍ എംഎല്‍ എയാണ് പ്രമേയം അവതരിപ്പിച്ചത്.
ദേശീയപാത-17 വികസിപ്പിക്കുമ്പോള്‍ വീടും സ്ഥലവും നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കാനായി ജില്ലാ കലക്ടര്‍ സര്‍ക്കാറിന് നല്‍കിയ പാക്കേജ് ഉടനെ നടപ്പാക്കണമെന്ന് സമിതി മറ്റൊരു പ്രമേയത്തില്‍ ആവശ്യപ്പെട്ടു. പാക്കേജ് നടപ്പിലാക്കിയശേഷമേ അക്വിസിഷന്‍ ആരംഭിക്കൂവെന്ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഉറപ്പ് ലഭിച്ചിരുന്നുവെന്ന് പ്രമേയം അവതരിപ്പിച്ച കെ ദാസന്‍ എംഎല്‍ എ ചൂണ്ടിക്കാട്ടി. പാതാ വികസനം 6400 വീടുകള്‍, 31 ആരാധനാലയങ്ങള്‍, 22 വിദ്യാലയങ്ങള്‍ എന്നിവയെ ബാധിക്കുമെന്നാണ് കണക്കാക്കിയിട്ടുളളത്.
വെള്ളിമാട്കുന്നില്‍ പ്രവര്‍ത്തിക്കുന്ന പൂക്കോട് വെറ്ററിനറി സര്‍വകലാശാലയുടെ പ്രാദേശിക കന്നുകാലി വന്ധ്യതാ ഗവേഷണ കേന്ദ്രം ജൂണ്‍ 30 മുതല്‍ അടച്ചുപൂട്ടാനുളള നീക്കം ഉപേക്ഷിക്കണമെന്നും കെ ദാസന്‍ ആവശ്യപ്പെട്ടു. കേന്ദ്രത്തിന് സ്വന്തം കെട്ടിടം നിര്‍മിക്കാന്‍ സ്ഥലം അനുവദിക്കാമെന്ന് കൊയിലാണ്ടി നഗരസഭ സര്‍വകലാശാലയെ അറിയിച്ചിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
തിരുവമ്പാടി നിയോജകമണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ കാലവര്‍ഷക്കെടുതിയില്‍ കൃഷിയും ഭൂമിയും വീടുകളും നശിക്കുകയും ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുകയും ചെയ്യുകയാണെന്നും ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ അടിയന്തര നടപടി വേണമെന്നും സി മോയിന്‍കുട്ടി എം എല്‍ എ അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
കാലവര്‍ഷക്കെടുതിയില്‍ നാദാപുരം, എടച്ചേരി, നരിപ്പറ്റ പ്രദേശങ്ങളില്‍ കിണറുകള്‍ താഴുന്ന പ്രതിഭാസവും റോഡും കൃഷിയും വീടും നശിക്കുന്ന അവസ്ഥയും വ്യാപകമായുണ്ടെന്നും ഇതിന് നഷ്ടപരിഹാരം നല്‍കണമെന്നും ഇ ക വിജയന്‍ എംഎല്‍ എ ആവശ്യപ്പെട്ടു. കൊയിലാണ്ടി- താമരശ്ശേരി- എടവണ്ണപ്പാറ സ്റ്റേറ്റ് ഹൈവേയില്‍ ബാലുശ്ശേരി മുക്ക് വീതികൂട്ടുന്നതിന് ഭൂമി ഏറ്റെടുക്കുന്ന നടപടി ത്വരിതപ്പെടുത്തണമെന്ന് പുരുഷന്‍ കടലുണ്ടി എം എല്‍ എ ആവശ്യപ്പെട്ടു. ജംഗ്ഷനില്‍ മലിനജലം പൊങ്ങി ആശുപത്രിയിലേക്കുളള വഴിപോലും തടസ്സപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കാലവര്‍ഷത്തില്‍ തകര്‍ന്ന റോഡുകളും കെട്ടിടങ്ങളും മറ്റും പുനര്‍ നിര്‍മിക്കാന്‍ അടിയന്തര നടപടി വേണമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 കോടി രൂപയുടെ റോഡ് പാക്കേജില്‍ കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന റോഡുകളും ഉള്‍പ്പെടുത്തണമെന്നും എം ഐ ഷാനവാസ് എംപിയുടെ പ്രതിനിധി മോയന്‍ കൊളക്കാടന്‍ ആവശ്യപ്പെട്ടു.
താമരശ്ശേരിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് കെട്ടിടമുണ്ടാക്കിയിട്ടും ഇതിനായുളള നടപടിയെടുക്കുന്നില്ലെന്ന് വി എം ഉമ്മര്‍ മാസ്റ്റര്‍ എം എല്‍ എ പരാതിപ്പെട്ടു. ജില്ലയില്‍ ഒഴിഞ്ഞുകിടക്കുന്ന ഡി ഡി ഇ, ഡി ഇ ഒ തസ്തികകളും ഗവ. സ്‌കൂള്‍ പ്രധാനാധ്യാപക തസ്തികകളും ഉടന്‍ നികത്തണമെന്ന് കെ കുഞ്ഞമ്മദ് മാസ്റ്റര്‍ ആവശ്യപ്പെട്ടു. മാവൂരില്‍ കാലവര്‍ഷത്തെ തുടര്‍ന്ന് അപകടത്തിലായ വീടുകള്‍ക്ക് സുരക്ഷയൊരുക്കണമെന്ന് പി ടി എ റഹീം എം എല്‍ എ ആവശ്യപ്പെട്ടു.
ജില്ലാ കലക്ടര്‍ സി എ ലത അധ്യക്ഷത വഹിച്ചു. എം കെ രാഘവന്‍ എം പിയുടെ പ്രതിനിധി എ അരവിന്ദന്‍, മന്ത്രി ഡോ. എംകെ മുനീറിന്റെ പ്രതിനിധി കെമൊയ്തീന്‍ കോയ, എ ഡി എം. കെ പി രമാദേവി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം എ രമേഷ്‌കുമാര്‍, ഫിനാന്‍സ് ഓഫീസര്‍ സംബന്ധിച്ചു.