Connect with us

Kozhikode

മര്‍കസ് നോളജ്‌സിറ്റി ശിലാസ്ഥാപനം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Published

|

Last Updated

താമരശ്ശേരി: മലബാറില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഒരു കുതിച്ചുചാട്ടത്തിന് നാന്ദികുറിക്കുന്ന മര്‍കസ് നോളജ്‌സിറ്റിയുടെ ശിലാസ്ഥാപനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്ന് വൈകിട്ട് നടക്കുന്ന ചടങ്ങിനെത്തുന്ന നേതാക്കളെയും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളെയും സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് നടന്നത്. രണ്ടായിരം ആളുകള്‍ക്ക് ഇരിക്കാവുന്ന പന്തലാണ് പ്രത്യേക ക്ഷണിതാക്കള്‍ക്കായി തയ്യാറാക്കിയിരിക്കുന്നത്. മുന്നൂറ്റിഅന്‍പത് വളണ്ടിയര്‍മാരാണ് പരിപാടി ചിട്ടയോടെ നടത്താന്‍ രംഗത്തുണ്ടാകുക.
നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും സ്വാഗതമോതി ദേശീയപാതയിലങ്ങോളമിങ്ങോളം വിവിധ സംഘടനകളുടെ ഫഌക്‌സുകള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. അതിഥികളുടെ വാഹനം ഗതാഗതക്കുരുക്കില്‍പ്പെടാതെ വേദിക്കരികിലെത്തിക്കാനായി പ്രത്യേക പരിശീലനം നേടിയ വളണ്ടിയര്‍മാര്‍ കൈതപ്പൊയില്‍ അങ്ങാടി മുതല്‍ അണിനിരക്കും. മലയോര മേഖലയുടെ മുഖഛായ തന്നെ മാറ്റുന്ന നോളജ് സിറ്റിയുടെ വരവില്‍ പ്രദേശവാസികളുടെ ആഹ്ലാദം അലയടിക്കുന്നതാകും ഇന്നത്തെ ചടങ്ങ്. ജാതി മത ചിന്തകള്‍ക്കതീതമായി പ്രദേശവാസികള്‍ നോളജ്‌സിറ്റിക്കായി കാത്തിരിപ്പിലാണ്.
നോളജ്‌സിറ്റി ശിലാസ്ഥാപനത്തിനെത്തുന്ന പ്രത്യേക ക്ഷണിതാക്കളല്ലാത്തവരുടെ വാഹനങ്ങള്‍ പാലക്കല്‍ റോഡിലോ എം ഇ എസ് സ്‌കൂളിന് സമീപത്തെ ഗ്രൗണ്ടിലോ പാര്‍ക്ക് ചെയ്യണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. കൈതപ്പൊയില്‍ അങ്ങാടി മുതല്‍ പാലക്കല്‍ റോഡ് വരെ പാര്‍ക്കിംഗ് അനുവദിക്കില്ല.

Latest