ദുരിതാശ്വാസത്തിന്റെ മറവില്‍ തിരഞ്ഞെടുപ്പ് പ്രചാരണ തന്ത്രം

Posted on: June 30, 2013 8:21 am | Last updated: June 30, 2013 at 8:21 am
SHARE

കോഴിക്കോട്: വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന്റെ മറവില്‍, ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ തന്ത്രവും. അതും റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ. എരഞ്ഞിപ്പാലം ശാസ്ത്രിനഗര്‍ (സി ഡി എ) കോളനിയിലാണ് സംഭവം. ഉയരം കുറഞ്ഞ സ്ഥലത്തെ വീടുകളിലേക്ക് വെള്ളം കയറിത്തുടങ്ങിയപ്പോള്‍ ആരെയും അറിയിക്കാതെ തൊട്ടടുത്ത് പാസ്‌പോര്‍ട്ട് ഓഫീസ് റോഡിലുള്ള കോടതി കെട്ടിടത്തില്‍ ‘ദുരിതാശ്വാസ കേന്ദ്രം’ തുറന്നു. ഒരു ജനപ്രതിനിധിയുടെ നേതൃത്വത്തില്‍ ഏതാനും ചില താമസക്കാരെ അവിടെ എത്തിച്ച് ഭക്ഷണം നല്‍കി. ധനസഹായം നല്‍കുന്നതിനായി മുപ്പതോളം പേരുടെ പട്ടിക തയ്യാറാക്കിക്കൊണ്ടുപോയി.
നടപടി ഔദ്യോഗികമാണെന്ന് തെറ്റിദ്ധരിച്ച മറുവിഭാഗം വെള്ളപ്പൊക്ക ദുരിതം ബാധിച്ച മറ്റ് താമസക്കാരുടെ പേരില്‍ നിവേദനവുമായി കലക്ടറെ സമീപിച്ചപ്പോഴാണ് ഔദ്യോഗിക സഹായം ഇനിയും തയ്യാറായിട്ടില്ലെന്നറിഞ്ഞത്. ‘ദുരിതാശ്വാസ കേന്ദ്ര’ത്തിലെത്തി ഭക്ഷണം കഴിച്ചവര്‍ക്കു മാത്രം രണ്ടായിരം രൂപ ധനസഹായം ലഭിക്കുമെന്ന് വില്ലേജ് ഓഫീസില്‍ നിന്നെത്തിയവരുടെ സാന്നിധ്യത്തില്‍ പ്രഖ്യാപനമുണ്ടായി. ശനിയാഴ്ച മുപ്പതോളം താമസക്കാരെ മാത്രം വില്ലേജ് ഓഫീസിലേക്ക് വിളിച്ചുവരുത്തി രണ്ടായിരം രൂപ വീതം വിതരണവും ചെയ്തു. അടുത്തടുത്ത് സ്ഥിതിചെയ്യുന്ന ലൈന്‍മുറി വീടുകളില്‍ എല്ലാറ്റിനും നല്‍കാതെ ചിലതിനെ വിട്ടുകളഞ്ഞിട്ടുണ്ട്.
വെള്ളപ്പൊക്കദുരിതം ബാധിച്ച ഇരുനൂറിലധികം വീടുകള്‍ ഈ പ്രദേശത്തുണ്ട്. ഉദ്യോഗസ്ഥര്‍ വ്യക്തമായ കണക്കെടുപ്പ് നടത്തി അര്‍ഹമായ എല്ലാവര്‍ക്കും സഹായധനം എത്തിക്കണമെന്നാണ് ഭൂരിപക്ഷം താമസക്കാരുടെയും ആവശ്യം. തിരഞ്ഞെടുപ്പ് പ്രചാരണ തന്ത്രം അധികൃതരും പൊതുജനങ്ങളും തിരിച്ചറിയണമെന്നും വിവിധ സംഘടനകള്‍ ആവശ്യപ്പെടുന്നു.