ലീഗുമായി വേദി പങ്കിടാത്ത കോണ്‍ഗ്രസ് നേതാവ് ഞാന്‍ മാത്രം: മന്ത്രി ആര്യാടന്‍

Posted on: June 30, 2013 8:20 am | Last updated: June 30, 2013 at 8:20 am
SHARE

aryadan_5കോഴിക്കോട്: സാമുദായിക സംഘടനകള്‍ക്ക് ലക്ഷ്മണരേഖ വരക്കണമെന്ന് പറഞ്ഞപ്പോളാണ് ചെന്നിത്തല യഥാര്‍ഥത്തില്‍ സി കെ ജിയുടെ അനുയായി ആയതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ്. സി കെ ജിയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഡി സി സി ഓഡിറ്റോറിയത്തില്‍ അദ്ദേഹത്തിന്റെ ജീവചരിത്ര പ്രകാശന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിമോചന സമരത്തില്‍ പങ്കെടുക്കാത്ത കോണ്‍ഗ്രസ് നേതാവായിരുന്നു സി കെ ജി. സാമുദായിക സംഘടനകള്‍ക്കൊപ്പം വിമോചന സമരത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം തയ്യാറായില്ല. മുസ്‌ലിം ലീഗിനെതിരെ അദ്ദേഹം സ്വീകരിച്ച ലൈന്‍ ഇന്നും ലൈവാണ്. മുസ്‌ലിം ലീഗുമായി വേദി പങ്കിടാത്ത ഏക കോണ്‍ഗ്രസ് നേതാവ് താനാണെന്നും ആര്യാടന്‍ പറഞ്ഞു.
വിട്ടുപോകും വിട്ടുപോകും എന്ന് ഭീഷണിപ്പെടുത്തുന്ന ഘടകകക്ഷികള്‍ക്ക് പോകാന്‍ ഒരിടം പോലുമില്ലെന്ന് മുന്‍ കെ പി സി സി പ്രസിഡന്റ് കെ മുരളീധരന്‍ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചിലര്‍ മൂന്ന് സീറ്റ് വരെ ചോദിക്കുന്നു. കൊടുത്താല്‍ എന്തുണ്ടാകുമെന്ന് നന്നായി അറിയാം. കോണ്‍ഗ്രസ് ശക്തി കാണിച്ചാല്‍ ഘടകകക്ഷികള്‍ ഭരിക്കാന്‍ വരില്ലെന്ന് മുരളീധരന്‍ പറഞ്ഞു.
എം കെ രാഘവന്‍ എം പി, അഡ്വ. പി ശങ്കരന്‍, എന്‍ പി മൊയ്തീന്‍, പി വി ഗംഗാധരന്‍ പ്രസംഗിച്ചു. തിക്കോടി നാരായണന്‍ രചിച്ച സി കെ ജിയുടെ ജീവചരിത്രം ചെന്നിത്തല ആര്യാടന്‍ മുഹമ്മദിന് നല്‍കി പ്രകാശനം ചെയ്തു. ഡി സി സി വൈസ് പ്രസിഡന്റ് യു രാജീവന്‍ അധ്യക്ഷനായിരുന്നു.