Connect with us

Kozhikode

റേഷന്‍ വിതരണം മുടങ്ങി

Published

|

Last Updated

വടകര: ജീവനക്കാരിയോടുള്ള രാഷ്ട്രീയ വിരോധം തീര്‍ക്കാനുള്ള ശ്രമത്തില്‍ റേഷന്‍ വിതരണം മുടങ്ങി. വടകര കോ-ഓപ്പറേറ്റീവ് റൂറല്‍ ബേങ്കിന്റെ നിയന്ത്രണത്തിലുള്ള ചോറോട് ഗേറ്റിലെ എ ആര്‍ ഡി 17ലാണ് രണ്ടാഴ്ചയിലേറെയായി റേഷന്‍ വിതരണം മുടങ്ങിയത്. ബേങ്കിലെ താത്കാലിക ജീവനക്കാരിക്കായിരുന്നു റേഷന്‍ കടയുടെ ചുമതല. ജീവനക്കാരിയോടുള്ള രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ യു ഡി എഫ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഭരണ സമിതി സാധനങ്ങള്‍ അയക്കാത്തതാണ് റേഷന്‍ വിതരണം സ്തംഭിപ്പിച്ചത്.
സോഷ്യലിസ്റ്റ് ജനത പ്രവര്‍ത്തകയായിരുന്ന അഴിയൂര്‍ സ്വദേശിനിയായ ബീനയാണ് ഏഴ് മാസത്തിലേറെയായി റേഷന്‍ കട നടത്തിവരുന്നത്. ഇതിനിടയിലാണ് അഴിയൂര്‍ സര്‍വീസ് സഹകരണ ബേങ്ക് ഭരണ സമിതി തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് ജനത പ്രേംനാഥ് വിഭാഗത്തോടൊപ്പം ചേര്‍ന്ന് ഇടതുമുന്നണിക്ക് വേണ്ടി ഇവര്‍ പ്രവര്‍ത്തിച്ചത്. ഇതിലുള്ള രാഷ്ട്രീയ വിരോധം വെച്ച് ബീനയോട് കട നടത്തിപ്പില്‍ നിന്ന് ഒഴിയാന്‍ ബേങ്ക് അധികൃതര്‍ നോട്ടീസ് നല്‍കിയിരുന്നു. ഈ നോട്ടീസ് കൈപ്പറ്റാന്‍ ബീന തയ്യാറായില്ല. നോട്ടീസ് കൈപ്പറ്റാത്തതിനെ തുടര്‍ന്ന് റേഷന്‍ കടയിലേക്കുള്ള സാധനങ്ങള്‍ ബേങ്ക് വിതരണം ചെയ്യാതായി. റേഷന്‍ സാധനങ്ങള്‍ ലഭിക്കാതായതോടെ നാട്ടുകാര്‍ ബേങ്ക് ഉപരോധിച്ചിരുന്നു.
റേഷന്‍ പ്രതിസന്ധി പരിഹരിക്കാന്‍ സി കെ നാണു എം എല്‍ എ ഇന്ന് യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. കാലത്ത് 11.30ന് വടകര മിനി സിവില്‍സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം. സിവില്‍സപ്ലൈസ് അധികൃതര്‍, ബേങ്ക് അധികൃതര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കും.

Latest