ലീഗിനെ ആരും വിരട്ടേണ്ട: കുഞ്ഞാലിക്കുട്ടി

Posted on: June 30, 2013 8:07 am | Last updated: June 30, 2013 at 8:07 am
SHARE

മലപ്പുറം: ഭരണമെന്ന ചക്കരക്കുടം കാണിച്ച് ലീഗിനെ വിരട്ടാനുള്ള ചില ഗൂഡശക്തികളുടെ ശ്രമം അവസാനിപ്പിക്കണമെന്ന് മുസ്‌ലിം ലീഗ് ദേശീയ ട്രഷററും വ്യവസായ മന്ത്രിയുമായ പി.കെ കുഞ്ഞാലികുട്ടി പറഞ്ഞു. മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പദയാത്ര പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാഥയുടെ ലോഗോ പ്രകാശനവും കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു. ഫെയ്‌സ് ബുക്ക് പേജ് ഉദ്ഘാടനം മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് നിര്‍വഹിച്ചു. ജില്ലാ യൂത്ത്‌ലീഗ് പ്രസിഡണ്ട് നൗഷാദ് മണ്ണിശ്ശേരി അധ്യക്ഷത വഹിച്ചു. ജനാധികാര വസന്തത്തിന് നിലാവിന്റെ കൊടിയടയാളം എന്ന പ്രമേയത്തിലാണ് ജാഥ നടക്കുക. കെ എം ഷാജി എം എല്‍ എ മുഖ്യപ്രഭാഷണം നടത്തി. പതിനാറ് ദിവസം നീണ്ടു നില്‍ക്കുന്ന ജാഥ ഡിസംബര്‍ 16ന് പൊന്നാനിയില്‍ നിന്നു തുടങ്ങും. 17ന് തവനൂര്‍, 18ന് തിരൂര്‍, 19ന് താനൂര്‍, 20ന് തിരൂരങ്ങാടി, 21ന് കോട്ടക്കല്‍, 22ന് വേങ്ങര, 23ന് വള്ളിക്കുന്ന്, 24ന് കൊണ്ടോട്ടി, 25ന് ഏറനാട്, 26ന് നിലമ്പൂര്‍, 27ന് വണ്ടൂര്‍, 28ന് മഞ്ചേരി, 29ന് പെരിന്തല്‍മണ്ണ, 30ന് മങ്കട, 31ന് മലപ്പുറം എന്നിക്രമത്തിലായിരിക്കും പ്രയാണം നടത്തുക. ഓഗസ്റ്റ് രണ്ടാം വാരത്തില്‍ സ്വാഗത സംഘം യോഗം മലപ്പുറത്ത് ചേരും. വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും സമ്മേളനം പ്രഖ്യാപിച്ചു.