ലൈന്‍ കടന്ന് പോകുന്നത് മരങ്ങള്‍ക്കിടയിലൂടെ; മേലേ കാളികാവില്‍ വൈദ്യുതി മുടക്കം പതിവ്‌

Posted on: June 30, 2013 7:58 am | Last updated: June 30, 2013 at 7:58 am
SHARE

കാളികാവ്: മേലേകാളികാവില്‍ മരങ്ങള്‍ക്കിടയിലൂടെയുള്ള വൈദ്യുതി ലൈനുകള്‍ മാറ്റിയില്ല. അമ്പലക്കുന്ന് റോഡ് വക്കില്‍ രണ്ട് തേക്ക് മരങ്ങളാണ് ലൈനുകള്‍ക്കിടയിലൂടെ വളര്‍ന്ന് വലുതായത്. സ്വകാര്യ വ്യക്തിയുടെ ലോഡ്ജിനോട് ചേര്‍ന്നുള്ള ലൈനുകള്‍ മരങ്ങളില്‍ തട്ടി വൈദ്യുതി ഇല്ലാതാകുന്നത് പതിവാണ്. നാട്ടുകാര്‍ പല തവണ വൈദ്യുതി വകുപ്പ് അധികൃതരോട് വിവരങ്ങള്‍ അറിയിച്ചിട്ടും നടപടികള്‍ എടുത്തിട്ടില്ല.
ഇരുപത് ഇഞ്ചിലധികം വണ്ണത്തില്‍ രണ്ട് തേക്ക്മരങ്ങളും വളര്‍ന്നിട്ടും അധികൃതര്‍ അറിയാതെ പോയത് കെ എസ് ഇ ബി ജീവനക്കാരുടെ അശ്രദ്ധയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. മരങ്ങളില്‍ വൈദ്യുതി ലൈന്‍ ഉരസിയിട്ട് മരത്തിന്റെ തോല്‍ ഉരിഞ്ഞ് പോയിട്ടുണ്ട്. ഇടക്കിടെ പ്രദേശത്ത് വൈദ്യുതി മുടങ്ങുന്നതിന് പുറമെ പ്രസരണ നഷ്ടവും, ഷോക്കടിക്കാനുള്ള സാധ്യതയും ഉണ്ട്. കാളികാവ് ബസാര്‍ ഗവ. യു പി സ്‌കൂളിന് സമീപത്തായതിനാല്‍ നിരവധി പിഞ്ചു വിദ്യാര്‍ഥികള്‍ നടന്ന് പോകുന്ന വഴികൂടിയാണ് ഇത്.