മാറക്കാനയില്‍ ഇന്ന് കിരീടധാരണം

Posted on: June 30, 2013 7:29 am | Last updated: June 30, 2013 at 7:29 am
SHARE
brazil practice
ബ്രസീല്‍ ടീം പരിശീലനത്തില്‍

റിയോ ഡി ജനീറോ: വിഖ്യാതമായ മാറക്കാന സ്റ്റേഡിയത്തില്‍ ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പുമായി ആഹ്ലാദാരവം മുഴക്കുന്നത് ആരായിരിക്കും ? ആതിഥേയരായ ബ്രസീലോ, യൂറോപ്പും ലോകവും കീഴടക്കി നില്‍ക്കുന്ന സ്‌പെയിനോ ?
ആര് ജയിച്ചാലും അത് ചരിത്രമാകും. നാലാം കിരീടം ലക്ഷ്യമിടുന്ന ബ്രസീല്‍ ഇന്ന് ജയിച്ചാല്‍ കോണ്‍ഫെഡറേഷന്‍സ് കപ്പ് തുടരെ മൂന്ന് തവണ ഉയര്‍ത്തുന്ന ആദ്യ ടീമാകും. സ്‌പെയിന്‍ ഇതുവരെ ചാമ്പ്യന്‍മാരായിട്ടില്ല. യൂറോ കപ്പ് (2008, 2012), ലോകകപ്പ് (2010) കിരീടങ്ങള്‍ സ്വന്തമാക്കിയ സ്‌പെയിനിന്റെ ഷോകേസിലെത്താനുള്ള ഏക രാജ്യാന്തര കപ്പാണ് ഫിഫ കോണ്‍ഫെഡറേഷന്‍സ്.
വിസെന്റ് ഡെല്‍ ബൊസ്‌കിന്റെ സ്‌പെയിന്‍ ജയിക്കുമെന്ന് തറപ്പിച്ചു പറയാനൊരുങ്ങുന്നവര്‍ക്ക് പോലും നേരിയ ആശങ്കയുണ്ട്. കാരണം സ്‌കൊളാരിക്ക് കീഴില്‍ ബ്രസീലിന്റെ യുവനിര ഓരോ മത്സരം കഴിയും തോറും കരുത്താര്‍ജിക്കുകയാണ്. സ്‌പെയിനിനെ 120 മിനുട്ട് നേരം മുള്‍മുനയില്‍ നിര്‍ത്തിയ ഇറ്റലിയുടെ വലയില്‍ ബ്രസീലിന്റെ യുവരക്തം അടിച്ചു കയറ്റിയത് നാലു ഗോളുകളാണ്. ലോകചാമ്പ്യന്‍മാരെ നേരിടാനൊരുങ്ങുന്ന മഞ്ഞപ്പടക്ക് മാനസികബലമേകുന്നതാണ് ടൂര്‍ണമെന്റിലെ ജൈത്രയാത്ര. അതേ സമയം കോമ്പിനേഷനില്‍ ബ്രസീല്‍ ഇനിയും പൂര്‍ണത കൈവരിച്ചിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. കോച്ച് സ്‌കൊളാരി തന്നെ ഇത് തുറന്ന് സമ്മതിക്കുന്നു. ടീമിന്റെ പ്രകടനത്തില്‍ തൃപ്തനാണ്. എന്നാല്‍, ഇതുപോരാ. ഏറെ മെച്ചപ്പെടാനുണ്ട്. ലോകകപ്പ് ജയിക്കാനുള്ള കോമ്പിനേഷനായി മാറിയിട്ടില്ല ടീം എന്ന് സ്‌കൊളാരി വിലയിരുത്തുന്നു. സ്‌പെയിന്‍ കോച്ച് വിസെന്റ് ഡെല്‍ ബൊസ്‌ക് ബ്രസീലിന്റെ പുതിയ നിരയെ ബഹുമാനിക്കുന്നു. ഏറെ ഭാവിയുള്ള ഒരു ടീമാണ് ബ്രസീലിന്റെത്. യുവതാരങ്ങളെങ്കിലും വലിയ ടൂര്‍ണമെന്റുകള്‍ ജയിക്കാനുള്ള ആര്‍ജവം സ്‌കൊളാരിയുടെ ടീമിനുണ്ടെന്ന് ഡെല്‍ ബോസ്‌ക് വിശ്വസിക്കുന്നു. മാറക്കാനയില്‍ ബ്രസീലിന് ലഭിക്കാന്‍ പോകുന്ന ഗ്രൗണ്ട് സപ്പോര്‍ട്ടായിരിക്കും സ്‌പെയിനിന് വലിയ ഭീഷണിയെന്ന് ഡെല്‍ ബോസ്‌ക് കരുതുന്നു. മാത്രമല്ല, സ്‌പെയിനിന്റെ ടിക്കി-ടാക്ക ഗെയിമിനെ കൂവിത്തോല്‍പ്പിക്കുവാനുള്ള ശ്രമങ്ങളാണ് ടൂര്‍ണമെന്റിലുടനീളം കണ്ടത്. സെമിയില്‍ ഇറ്റലിക്കായിരുന്നു ബ്രസീലുകാര്‍ പിന്തുണ പ്രഖ്യാപിച്ചത്. ഫുട്‌ബോളിലെ ഒന്നാം നമ്പര്‍ സ്ഥാനത്ത് മറ്റൊരു ടീമിനെ സങ്കല്പിക്കാന്‍ സാധിക്കാത്ത ജനതയാണ് ബ്രസീലിലുള്ളത്. അവര്‍ എങ്ങനെ സ്‌പെയിനിനെ ഉള്‍ക്കൊള്ളും ? വിവ എസ്പാന എന്ന ബാനറുകള്‍ ലോകഫുട്‌ബോളില്‍ ഇനിയും ഉയരുന്നത് കാണാന്‍ കാനറിയുടെ നാട്ടുകാര്‍ ആഗ്രഹിക്കുന്നില്ല.
ബ്രസീല്‍ കളിക്കാരെ അപേക്ഷിച്ച് രാജ്യാന്തര മത്സരങ്ങളില്‍ ഏറെ പരിചയമുള്ള വന്‍ സംഘമാണ് സ്‌പെയിനിന്റെത്. നാട്ടില്‍ കളിക്കുന്നുവെന്ന ആനൂകൂല്യമൊന്നും ബ്രസീലിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നില്ല. ക്യാപ്റ്റന്‍ തിയാഗോ സില്‍വ പറഞ്ഞത് സ്‌പെയിനിന്റെ സ്റ്റാര്‍ട്ടിംഗ് ലൈനപ്പിനേക്കാള്‍ താന്‍ ഭയക്കുന്നത് സൈഡ് ബെഞ്ചിലുള്ളവരെയാണെന്നാണ്. ശരിയാണ്, ഇറ്റലിക്കെതിരെ സ്‌പെയിനിന്റെ വിജയഗോള്‍ നേടിയ ജീസസ് നവാസ് പകരക്കാരനാണ്. ചെല്‍സിയുടെ വജ്രായുധമായ ജുവാന്‍ മാറ്റ പകരക്കാരന്റെ റോളിലാണ് സ്പാനിഷ് നിരയില്‍ തിളങ്ങുന്നത്. പരുക്ക് കാരണം സെമിയില്‍ കളിക്കാതിരുന്ന സെസ്‌ക് ഫാബ്രിഗസ്, സൊള്‍ഡാഡോ എന്നിവര്‍ തിരിച്ചെത്തുന്നതോടെ സ്‌പെയിന്‍ കൂടുതല്‍ കരുത്തരാകും.
ബ്രസീലിനെ സംബന്ധിച്ചിടത്തോളം പരുക്കിന്റെ അലട്ടല്‍ ഇല്ല. എല്ലാവരും ഫിറ്റ്. എന്നാല്‍, പ്രതിരോധത്തില്‍ സംഭവിക്കുന്ന പാളിച്ചകള്‍ ബ്രസീലിന്റെ ദൗര്‍ബല്യമാണ്. ബുള്ളറ്റ് ഗോളുകള്‍ക്ക് പേരുകേട്ട ഹല്‍ക്കിന് ഗോള്‍ നേടാന്‍ സാധിക്കാത്തത് സ്‌കൊളാരിയെ ചിന്തിപ്പിക്കുന്നു. കഴിഞ്ഞ ഒമ്പത് രാജ്യാന്തര മത്സരങ്ങളില്‍ ഹല്‍ക്കിന് ഗോളില്ല. ബെര്‍നാര്‍ഡിനെയോ ലുകാസ് മൗറയെയോ ആദ്യ ലൈനപ്പില്‍ ഉള്‍പ്പെടുത്തിയേക്കും.
23 വര്‍ഷത്തിനിടെ ഒരു തവണ മാത്രമാണ് സ്‌പെയിന്‍- ബ്രസീല്‍ മത്സരമുണ്ടായത്. 1999 ലെ സൗഹൃദ മത്സരം ഗോള്‍രഹിതമായി അവസാനിച്ചു. അതുകൊണ്ടു തന്നെ, മാറക്കാനയിലേത് ഫുട്‌ബോള്‍ ലോകം കാത്തിരുന്ന പോരാട്ടമാണ്. ലോക മാധ്യമങ്ങള്‍ ഒരു പോലെ സ്വപ്‌നഫൈനല്‍ എന്ന് ഈ മത്സരത്തെ വിശേഷിപ്പിക്കുന്നതും ഇതു കൊണ്ടാണ്.
സ്‌പെയിനിനെതിരെ കളിച്ച എട്ട് മത്സരങ്ങളില്‍ നാലിലും ബ്രസീലിനൊപ്പമായിരുന്നു ജയം. അതേ സമയം, അവസാനം കളിച്ച രണ്ട് മത്സരങ്ങളിലും ബ്രസീലിന് ജയമില്ല. ഇത് സൗഹൃദ മത്സരങ്ങളായിരുന്നു. ഒന്നില്‍ സ്‌പെയിന്‍ 3-0ന് ജയിച്ചപ്പോള്‍ രണ്ടാമത്തേത് സമനില. എന്നാല്‍, മത്സരപ്രാധാന്യമുള്ള ടൂര്‍ണമെന്റില്‍ സ്‌പെയിന്‍ ബ്രസീലിനെ അവസാനമായി തോല്‍പ്പിച്ചത് 1934 ലോകകപ്പിലാണ്. 3-1നായിരുന്നു ജയം. പരസ്പരം വന്നപ്പോള്‍ തകര്‍പ്പന്‍ ജയം നേടിയത ബ്രസീലാണ്. 1950 ലോകകപ്പില്‍ 6-1നാണ് സ്‌പെയിനിനെ തകര്‍ത്തത്.
അവസാനം കളിച്ച എട്ട് മത്സരങ്ങളില്‍ കുറഞ്ഞത് രണ്ട് ഗോളെങ്കിലും ബ്രസീല്‍ സ്‌കോര്‍ ചെയ്തു. ആകെ നേടിയത് 22 ഗോളുകള്‍.
കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ നാല് മത്സരങ്ങളില്‍ നിന്ന് പതിനൊന്ന് ഗോളുകള്‍ നേടി. വഴങ്ങിയത് മൂന്ന് ഗോളുകള്‍. കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ തുടരെ പന്ത്രണ്ട് മത്സരങ്ങളില്‍ സ്‌കോര്‍ ചെയ്ത ബ്രസീല്‍ പതിനൊന്നിലും ജയിച്ചു. തുടരെ രണ്ട് തവണ ടൂര്‍ണമെന്റ് ജയിച്ച രണ്ട് ടീമുകളാണുള്ളത് – ഫ്രാന്‍സും ബ്രസീലും. തുടരെ മൂന്ന് കിരീടം നേടിയ ആദ്യ ടീമാകാനുള്ള അവസരം ബ്രസീലിന് മുന്നില്‍. 2009 ല്‍ തുടരെ പത്ത് മത്സരം ജയിച്ച ബ്രസീലിന് ആ റെക്കോര്‍ഡ് മറികടക്കാന്‍ ഏഴ് മത്സരം കൂടി ജയിക്കണം. ഫൈനല്‍ ജയിച്ചാല്‍ തുടരെ അഞ്ച് ജയമാകും ബ്രസീലിന്. സെമിയില്‍ സ്‌പെയിന്‍-ഇറ്റലി ഷൂട്ടൗട്ട് കണ്ട ബ്രസീല്‍ അത്തരമൊരു അവസ്ഥ ഒഴിവാക്കാന്‍ ശ്രമിക്കും. അവസാനമായി ഷൂട്ടൗട്ട് നേരിട്ടത് ബ്രസീലിന് നടുക്കുന്ന ഓര്‍മയാണ്. 2011 കോപ അമേരിക്ക ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാഗ്വെയോട് 2-0ന് പരാജയപ്പെട്ടു. അന്ന്, നാല് കിക്കുകളാണ് ബ്രസീല്‍ താരങ്ങള്‍ പാഴാക്കിയത്.
സെമിയില്‍ ഇറ്റലിക്കെതിരെ നിശ്ചിത, അധിക സമയങ്ങളില്‍ സ്‌കോറിംഗ് സാധിക്കാതെ പോയ സ്‌പെയിന്‍ അതിന് മുമ്പുള്ള പതിനഞ്ച് മത്സരങ്ങളിലും ഗോള്‍ നേടിയിരുന്നു.
തുടര്‍ജയങ്ങള്‍ ശീലമാക്കിയ സ്‌പെയിന്‍ അവസാനമായി തുടരെ രണ്ട് മത്സരങ്ങളില്‍ ജയിക്കാതിരുന്നത് 2003 യൂറോ ചാമ്പ്യന്‍ഷിപ്പ് യോഗ്യതാറൗണ്ടിലാണ്. ഗ്രീസിനോട് 1-0ന് തോറ്റ സ്‌പെയിന്‍ അടുത്ത മത്സരത്തില്‍ വടക്കന്‍ അയര്‍ലന്‍ഡിനോട് (0-0) സമനിലയായി. മത്സരപ്രാധാന്യമുള്ള ഇരുപത്തൊമ്പത് മത്സരങ്ങള്‍ അജയ്യരായി നില്‍ക്കുന്ന സ്‌പെയിന്‍ ലോകറെക്കോര്‍ഡ് പുതുക്കിക്കൊണ്ടിരിക്കുകയാണ്. 2010 ലോകകപ്പില്‍ 1-0ന് സ്വിറ്റ്‌സര്‍ലന്‍ഡിനെ തോല്‍പ്പിച്ചു കൊണ്ടാണ് സ്‌പെയിന്‍ കുതിപ്പ് ആരംഭിച്ചത്.
സൗഹൃദ മത്സരങ്ങള്‍ കൂടി പരിഗണിക്കുമ്പോള്‍ സ്‌പെയിനിന്റെ വിജയക്കുതിപ്പ് തുടരെ 26 മത്സരങ്ങളിലെത്തി നില്‍ക്കുന്നു. 2011 ല്‍ ഇംഗ്ലണ്ടിനോട് സൗഹൃദ മത്സരം തോറ്റതാണ് ഏക തിരിച്ചടി.
ബ്രസീലിനെതിരെ ഷൂട്ടൗട്ട് വന്നാല്‍ സ്‌പെയിന്‍ സന്തോഷിക്കും. നേരിട്ട അവസാന മൂന്ന് ഷൂട്ടൗട്ടിലും ജയിച്ച ചരിത്രമാണ് സ്‌പെയിനിന്റെത്. 17 കിക്കുകളില്‍ പതിനഞ്ചും ലക്ഷ്യം കണ്ടു.