ജിക്കുവും ശാലുമേനോനും ഉടന്‍ അറസ്റ്റിലായേക്കും

Posted on: June 30, 2013 2:10 am | Last updated: June 30, 2013 at 2:10 am
SHARE

jikkuകോട്ടയം: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ പി എ ജിക്കുമോന്‍ ജേക്കബ്, സീരിയല്‍ നടി ശാലു മോനാന്‍ എന്നിവരെ അടുത്ത ദിവസങ്ങളില്‍ അന്വേഷണ സംഘം അറസ്റ്റു ചെയ്‌തേക്കും.
തട്ടിപ്പ് കേസില്‍ ഇവര്‍ക്കുള്ള പങ്ക് അന്വേഷണസംഘത്തിനു വ്യക്തമായ സാഹചര്യത്തിലാണ് അറസ്റ്റ് ചെയ്യാന്‍ ആലോചിക്കുന്നത്. ഇരുവരെയും വരുംദിവസങ്ങളില്‍ വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണസംഘം വെളുപ്പെടുത്തി.
ചോദ്യം ചെയ്യലിനുശേഷമാകും കൂടുതല്‍ നടപടികള്‍ ഉണ്ടാകുക. സഊദിയിലേക്കു പോകാന്‍ ശ്രമിച്ച ജിക്കുമോന് അന്വേഷണസംഘം അനുമതി നിഷേധിച്ചതായും അറിയുന്നു.
ബിജുവിന്റെയും സരിതയുടെയും മൊഴിയില്‍ നിന്നു ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശാലുവിനെ അറസ്റ്റു ചെയ്യുന്നത്. അടുത്ത ആഴ്ച ആദ്യം ശാലുവിനെ ചോദ്യം ചെയ്യാനാണു നീക്കം നടത്തുന്നത്. ഡോ. മാത്യു തോമസില്‍ നിന്ന് 29 ലക്ഷം രൂപയും മണക്കാട് സ്വദേശി റഫീഖ് അലിയില്‍ നിന്ന് 70 ലക്ഷം രൂപയും തട്ടിയെടുത്തെന്ന കേസിലാണു ഇവരെ പോലീസ് ചോദ്യം ചെയ്യുന്നത്. ഭാര്യയെ കൊന്ന കേസില്‍ അറസ്റ്റിലായ ബിജു രാധാകൃഷ്ണനെ രക്ഷപ്പെടാന്‍ സഹായിച്ച കുറ്റവും ശാലുമേനോനെതിരെ പോലീസ് ചുമത്തുമെന്ന് സൂചനയുണ്ട്.
കേസിലെ മറ്റൊരു പ്രതി സരിത എസ് നായര്‍ അറസ്റ്റ് ചെയ്യപ്പെട്ട വിവരമറിഞ്ഞ് ബിജു തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെട്ട ദിവസം ശാലു മേനോനും അമ്മയും ഒപ്പമുണ്ടായിരുന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
സരിത പിടിയിലായ ദിവസം ബിജുവിനൊപ്പം ശാലുമേനോനും അമ്മയും തൃശൂരിലെത്തിയിരുന്നു.
അവിടെ നിന്ന് ബിജു തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്നു. സരിത പിടിയിലായ ജൂണ്‍ രണ്ടിന് തൃശൂരിലെ ഹോട്ടലില്‍ ഡോ.ബിജു എന്ന പേരിലാണ് ഇയാള്‍ മുറിയെടുത്തത്. സരിത അറസ്റ്റിലായ വാര്‍ത്ത പുറത്തുവന്നതോടെ നാലാം തീയതി പുലര്‍ച്ചെ ഇയാള്‍ തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്നു. ഇവരുടെ ഫോണാണ് ഈ ദിവസങ്ങളില്‍ ഇയാള്‍ ഉപയോഗിച്ചിരുന്നത്. ശാലു മേനോനും ബിജു രാധാകൃഷ്ണനും അടുത്ത ബന്ധമാണു പുലര്‍ത്തിയിരുന്നതെന്നും അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു.