Connect with us

Kerala

പാസ്‌പോര്‍ട്ട് കേസുകള്‍ വീണ്ടും കോടതിയിലേക്ക്‌

Published

|

Last Updated

കൊണ്ടോട്ടി: കൃത്രിമ പാസ്‌പോര്‍ട്ട് കേസുകള്‍ വീണ്ടും കോടതികളില്‍ സമര്‍പ്പിക്കുന്നതിനു ഉത്തരവായി. കഴിഞ്ഞ ഒക്ടോബറിലാണ് എസ് പി യായിരുന്ന സേതുരാമന്‍ ജനന തീയതി തിരുത്തിയ പാസ്‌പോര്‍ട്ട് സംബന്ധിച്ച കേസുകള്‍ കോടതിയിലേക്ക് അയക്കേണ്ടതില്ലെന്നും പാസ്‌പോര്‍ട്ട് കണ്ടുകെട്ടി പാസ്‌പോര്‍ട്ട് ഓഫീസിലേക്ക് അയച്ചു കൊടുക്കുന്നതിനും നിര്‍ദേശം നല്‍കിയിരുന്നത്. കൃത്രിമം നടത്തിയ പാസ്‌പോര്‍ട്ടിന്റെ ഉടമ 5000 രൂപ പിഴയടച്ചാല്‍ പുതിയ പാസ്‌പോര്‍ട്ട് അനുവദിക്കുകയും ചെയ്തിരുന്നു. ഈ സമ്പ്രദായമാണ് നിര്‍ത്തലാക്കാന്‍ എസ് പി മഞ്ജുനാഥ് ഉത്തരവിട്ടിരിക്കുന്നത്. ഉത്തരവ് എമിഗ്രേഷന്‍ വിഭാഗത്തിനു പുറമെ പോലീസ് സ്‌റ്റേഷനുകള്‍ക്കും ലഭ്യമാക്കിയിട്ടുണ്ട്.
മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസിനെപ്പറ്റി പ്രതിപക്ഷ നേതാവ് ആക്ഷേപം ഉന്നയിക്കുകയും കോഴിക്കോട് വിമാനത്താവളത്തില്‍ കൃത്രിമ പാസ്‌പോര്‍ട്ടുകാര്‍ക്ക് സുഗമമായി കടന്നു പോകുന്നതിനു അവസരമുണ്ടെന്നുമുള്ള ആക്ഷേപം ശക്തമാകുകയും ചെയ്തതോടെയാണ് ഏതു തരത്തിലുള്ള കൃത്രിമം നടത്തിയ പാസ്‌പോര്‍ട്ടാണങ്കിലും കണ്ടെടുത്ത് ഉടമക്കെതിരെ കേസെടുത്ത് കോടതിയില്‍ ഹാജരാക്കാന്‍ എസ് പി ഉത്തരവിട്ടിരിക്കുന്നത്.
ജനന തീയതി തിരുത്തുന്നതുള്‍പ്പടെയുള്ള ചെറിയ തെറ്റുകള്‍ വരുത്തുന്ന കേസുകള്‍ക്ക് പിഴ ചുമത്തല്‍ മാത്രമാണ് ശിക്ഷയെന്നും എന്നാല്‍ യാത്രക്കാരുടെ അജ്ഞത മുതലെടുത്ത് എമിഗ്രേഷന്‍ ഉദ്യോഗസ്ഥരും പോലീസും വന്‍ തുക കൈക്കൂലി വാങ്ങുകയും ചെയ്തിരുന്നതായി യൂത്ത് ലീഗ് ആരോപിച്ചിരുന്നു.
ഇതിനെതിരെ പ്രതിഷേധങ്ങളും കൈക്കൂലിക്കും ഉദ്യോഗസ്ഥ പീഡനത്തിന് ഇരയായവരുടെ സംഗമവും യൂത്ത് ലീഗ് സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സസ് പെന്‍ഡ് ചെയ്തു. പ്രതിപക്ഷ നേതാവ് ഉള്‍പ്പടെയുള്ളവരുടെ ആക്ഷേപത്തെ തുടര്‍ന്നാണ് ഇത്തരം കേസുകള്‍ വീണ്ടും റജിസ്റ്റര്‍ ചെയ്തു കോടതിക്കു കൈമാറാന്‍ എസ് പി വീണ്ടും ഉത്തരവിട്ടിരിക്കുന്നത്. ഉത്തരവ് ഇന്നലെ മുതല്‍ നടപ്പാക്കി തുടങ്ങി.

Latest