Connect with us

Kerala

നാളെ മുതല്‍ കാലവര്‍ഷം വീണ്ടും ശക്തി പ്രാപിക്കും

Published

|

Last Updated

തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്നലെ ആറ് പേര്‍ കൂടി മരിച്ചു. ഇതോടെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 76 ആയി. പത്തനംതിട്ട ജില്ലയില്‍ മാത്രം മൂന്ന്‌പേര്‍ ഇന്നലെ മഴക്കെടുതിയില്‍ മരിച്ചു.
168.75 ഏക്കറില്‍ കൃഷി നശിച്ചു. 2.11 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് കണക്ക്. എട്ട് വീടുകള്‍ പൂര്‍ണമായും 186 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 25 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ആലപ്പുഴ ജില്ലയാണു ദുരിതാശ്വാസ ക്യാമ്പുകളുടെ കാര്യത്തില്‍ മുമ്പില്‍. സംസ്ഥാനത്ത് ആകെ തുറന്ന 627 ദുരിതാശ്വാസ ക്യാമ്പുകളില്‍ 416 എണ്ണവും ആലപ്പുഴയിലാണ്. കുട്ടനാട് മാത്രം 104 ക്യാമ്പുകള്‍ തുറന്നു.
ഇതിനിടെ, സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം വീണ്ടും ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. പശ്ചിമ ബംഗാള്‍ തീരത്ത് ന്യൂനമര്‍ദ പാത്തി രൂപപ്പെടുന്നതാണ് കാരണം. നിലവില്‍ കാലവര്‍ഷത്തിന്റെ ശക്തി കുറഞ്ഞിട്ടുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ നിരീക്ഷണം. മണ്‍സൂണ്‍ കാറ്റ് വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് ദിശ മാറിയതാണ് ഇതിന് കാരണം. ഇപ്പോള്‍ എറണാകുളത്തിന്റെ വടക്കുള്ള ജില്ലകളിലാണ് മഴ തുടരുന്നത്.
അടുത്ത മൂന്ന് ദിവസങ്ങളിലും തല്‍സ്ഥിതി തുടരും. സംസ്ഥാനത്ത് ഇതുവരെ 74 ശതമാനം കൂടുതല്‍ മഴ പെയ്തുവെന്നാണ് കാലാസ്ഥാ നീരീക്ഷണ കേന്ദ്രത്തിന്റെ കണക്ക്. ജൂലൈ ഒന്നു മുതല്‍ കാലവര്‍ഷം വീണ്ടും ശക്തി പ്രാപിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കേരളാ ലക്ഷദ്വീപ് തീരത്ത് അടുത്ത 24 മണിക്കൂറിനുള്ളില്‍ വടക്കു പടിഞ്ഞാറ് ദിശയില്‍ നിന്ന് 45 മുതല്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനു സാധ്യതയുണ്ട്. മീന്‍പിടുത്തകാര്‍ കടലില്‍ പോകരുതെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

Latest