Connect with us

Kerala

അമേരിക്കന്‍ ജി പി എസിന് ബദലായി ഐ എസ് ആര്‍ ഒയുടെ ഉപഗ്രഹ ശൃംഖല

Published

|

Last Updated

തിരുവനന്തപുരം: ഇന്ത്യയുടെ ആദ്യ ജി പി എസ് ഉപഗ്രഹവുമായി പി എസ് എല്‍ വി സി-22 റോക്കറ്റ് നാളെ കുതിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേയ്‌സ് സെന്ററില്‍ നിന്നാണ് വിക്ഷേപണം. ഇന്നലെ രാവിലെ ഇതിന്റെ കൗണ്ട് ഡൗണ്‍ തുടങ്ങി. തിങ്കളാഴ്ച രാത്രിയാണ് വിക്ഷേപണം. അമേരിക്കയുടെ ജി പി എസിന് ബദലായി ഐ എസ് ആര്‍ ഒ വികസിപ്പിച്ചെടുത്ത ഉപഗ്രഹ ശൃംഖലയുടെ ആദ്യ വിക്ഷേപണമാണ് നാളെ നടക്കുന്നത്.
തിങ്കളാഴച രാത്രി 11. 41 ന് ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പര്‍ വിക്ഷേപണത്തറയില്‍ നിന്ന് പി എസ് എല്‍ വി സി 22 കുതിച്ചുയരും. റോക്കറ്റ് ഇരുപത്തിയൊന്ന് മിനിറ്റിനുള്ളില്‍ ഉപഗ്രഹത്തെ 501 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തും. തുടര്‍ന്ന് ഉപഗ്രഹത്തിലെ ലിക്വിഡ് അപോജി മോട്ടോര്‍ ഉപയോഗിച്ച് ഭൂസ്ഥിര ഭ്രമണപഥത്തിലേക്ക് ഉയര്‍ത്തും.
1425 കിലോഗ്രാം ഭാരമുള്ള ഐ ആര്‍ എന്‍ എസ് എസ്-1 ആണ് ഈ ഗണത്തിലെ ആദ്യ ഉപഗ്രഹം. ഇത് ഭ്രമണപഥത്തിലെത്തുന്നതോടെ ഐ എസ്ആര്‍ ഒയുടെ ചരിത്രത്തില്‍ പുതിയ നാഴികക്കല്ലാകും. ആറ് ഉപഗ്രഹങ്ങളാണ് ഈ ശൃംഖലയില്‍ ഉള്ളത്. ആറ് മാസത്തില്‍ ഒന്ന് വീതം വിക്ഷേപിച്ച് ഉപഗ്രഹ ശൃംഖല പൂര്‍ണമാക്കും.
വിക്ഷേപണത്തിന് മുന്നോടിയായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്.
ഉപഗ്രഹം വിക്ഷേപണവാഹനത്തില്‍ ഉറപ്പിച്ച് അന്തിമ പരിശോധനകള്‍ പൂര്‍ത്തിയാക്കിയാണ് ഇന്നലെ രാവിലെ കൗണ്ട് ഡൗണ്‍ ആരംഭിച്ചത്.
കഴിഞ്ഞ 12 ന് ഉപഗ്രഹം വിക്ഷേപിക്കാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചില സാങ്കേതിക തകരാറുകള്‍ കണ്ടത്തിയതിനെ തുടര്‍ന്ന് വിക്ഷേപണം നാളെത്തേക്ക് മാറ്റുകയായിരുന്നു. പി എസ് എല്‍ വി വികസിപ്പിച്ചതും രൂപകല്‍പ്പന തയ്യാറാക്കിയതും തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേയ്‌സ് സെന്ററാണ.് എല്‍ പി എസ് സിയും ഐ ഐ എസ്‌യുവും യന്ത്രഭാഗങ്ങളുടെ നിര്‍മാണത്തില്‍ പ്രമുഖ പങ്ക് വഹിച്ചിട്ടുണ്ട്.

 

Latest