തന്ത്രങ്ങള്‍ മെനയാന്‍ ചെന്നിത്തലയും മുരളിയും കണ്ടു; നീക്കങ്ങള്‍ കരുതലോടെ

Posted on: June 30, 2013 1:54 am | Last updated: June 30, 2013 at 1:54 am
SHARE

murali chenniകോഴിക്കോട്: കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും കെ മുരളീധരന്‍ എം എല്‍ എയും കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി. മുരളീധരന്‍ വിശാല ഐ ഗ്രൂപ്പിലേക്ക് പോയതിന് ശേഷം നടന്ന കൂടിക്കാഴ്ച പത്ത് മിനിറ്റോളം നീണ്ടുനിന്നു. സോളാര്‍ തട്ടിപ്പ് അടക്കം സര്‍ക്കാര്‍ നേരിടുന്ന പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്‌തെന്നാണ് വിവരം. തുടര്‍ന്ന് കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂനിയന്‍ വാര്‍ഷിക സമ്മേളനത്തിനായി ഇരുവരും ടാഗോര്‍ ഹാളില്‍ എത്തി. സമ്മേളനം തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പേ എത്തിയ ഇരുവരും ഇവിടെ വെച്ചും ഗൗരവമായ ചര്‍ച്ചയിലായിരുന്നു.
കെ മുരളീധരനെ വാര്‍ഷിക സമ്മേളനത്തിലേക്ക് സംഘാടകര്‍ ആദ്യം വിളിച്ചിരുന്നില്ല. നോട്ടീസിലും മുരളിധരന്റെ പേര് ഉണ്ടായിരുന്നില്ല. എന്നാല്‍ അവിചാരിതമായി കോഴിക്കോട്ടെത്തിയ തന്നെ ഇന്നലെ രാവിലെ കെ പി സി സി ഉപാധ്യക്ഷന്‍ എം എം ഹസനും ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവിയും വിളിച്ചതിനെ തുടര്‍ന്നാണ് പങ്കെടുക്കാനെത്തിയതെന്ന് മുരളിധരന്‍ പറഞ്ഞു.
സമ്മേളനത്തില്‍ ചെന്നിത്തലയും മുരളീധരനും മുഖ്യമന്ത്രിക്കെതിരെ സംസാരിച്ചതും ഒരേ വിഷയമായിരുന്നു. പേഴ്‌സനല്‍ സ്റ്റാഫിനെ നിയമിക്കുന്നതില്‍ നിയന്ത്രണം വേണമെന്നും പാര്‍ട്ടി ഇടപെടണമെന്നും ഇരുവരും ഒരേ സ്വരത്തില്‍ ആവശ്യപ്പെട്ടു.
മന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫംഗങ്ങളെക്കുറിച്ച ്‌ചെന്നിത്തലയേക്കാള്‍ മുരളീധരന്‍ രൂക്ഷമായ വിമര്‍ശമാണ് ഉയര്‍ത്തിയത്. സമ്മേളനത്തിലുടനീളം വിശാല ഐ ഗ്രൂപ്പ് നേതാക്കളും മുരളീധരന്റെ അണികളും ഉണ്ടായിരുന്നു. കെ മുരളീധരന്‍ സമ്മേളനത്തില്‍ ചെന്നിത്തലയോടൊപ്പം അവസാനം വരെ ഇരുന്നു. കഴിഞ്ഞ ദിവസം അന്തരിച്ച മുന്‍ മന്ത്രി എ സി ഷണ്‍മുഖദാസിന്റെ വീട് സന്ദര്‍ശിച്ചതും ഇരുവരും ഒരുമിച്ചാണ്.