Connect with us

National

മൃഗങ്ങളില്‍ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ പരീക്ഷിക്കുന്നത് നിരോധിച്ചു

Published

|

Last Updated

മുംബൈ: യൂറോപ്യന്‍ യൂനിയനും ഇസ്‌റാഈലിനും പിന്നാലെ മൃഗങ്ങളില്‍ സൗന്ദര്യവര്‍ധക വസ്തുക്കളുടെ പരീക്ഷണം നിര്‍ത്താന്‍ ഇന്ത്യയും തീരുമാനിച്ചു. ദക്ഷിണേഷ്യയില്‍ ഇത്തരത്തില്‍ നിരോധം ഏര്‍പ്പെടുത്തുന്ന ആദ്യ രാജ്യമാണ് ഇന്ത്യ. ആഗോളവ്യാപകമായി മൃഗങ്ങളില്‍ കോസ്‌മെറ്റിക് പരീക്ഷണങ്ങള്‍ നടത്തുന്നതിനെതിരെ പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍നാഷനല്‍ (എച്ച് എസ് ഐ)യുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേര്‍ഡ്‌സ് (ബി ഐ എസ്) പരീക്ഷണം ഗുണമേന്മാ മാനദണ്ഡമാക്കേണ്ടെന്ന് തീരുമാനിച്ചത്.
മൃഗാവകാശ സംരക്ഷണത്തിന് പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകള്‍ ഇത്തരം പരീക്ഷണങ്ങള്‍ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഡോ. ജി എന്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെതാണ് തീരുമാനം. ബി ഐ എസ് കമ്മിറ്റി അംഗങ്ങളും, കോസ്‌മെറ്റിക് കമ്പനി പ്രതിനിധികളും എച്ച് എസ് ഐ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
മൃഗങ്ങളിലുള്ള പരീക്ഷണങ്ങള്‍ നിര്‍ത്തലാക്കിയെങ്കിലും മറ്റ് പരീക്ഷണങ്ങളിലൂടെ ഉത്പന്നത്തിന്റെ ഗുണമേന്മ ഉറപ്പ് വരുത്തണമെന്നും കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിദേശരാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് നിരോധം ബാധകമല്ല. അവര്‍ ഇന്ത്യയില്‍ വെച്ച് മൃഗങ്ങളില്‍ പരീക്ഷണം നടത്താന്‍ അനുവദിക്കില്ല.
എലി, മുയല്‍ തുടങ്ങിയവയാണ് ഇന്ത്യന്‍ ലാബുകളില്‍ പരീക്ഷണത്തിന് ഉപയോഗിക്കുന്നത്. മരുന്നുകളും രാസ വസ്തുക്കളും ഇവയുടെ കണ്ണിനു ചുറ്റുമുള്ള ഭാഗത്ത് പുരട്ടുകയോ കണ്ണില്‍ മരുന്ന് ഒഴിക്കുകയോ ആണ് ചെയ്യുന്നത്. പലപ്പോഴായി പരീക്ഷണത്തിന് ഉപയോഗിക്കപ്പെടുന്ന മൃഗങ്ങളും ജന്തുക്കളും പരീക്ഷണം മൂലം ചാകുന്ന സാഹചര്യത്തിലാണ് ഇടപെട്ടതെന്നും എച്ച് എസ് ഐ അധികൃതര്‍ പറഞ്ഞു.

Latest