യു പി മുന്‍മന്ത്രി രാജ ഭയ്യക്കെതിരെ വഞ്ചനാ കേസ്‌

Posted on: June 30, 2013 1:27 am | Last updated: June 30, 2013 at 1:27 am
SHARE

raja bhayyaലക്‌നോ: ഉത്തര്‍ പ്രദേശ് മുന്‍മന്ത്രി രാജ ഭയ്യയെന്ന രഘുരാജ് പ്രതാപ് സിംഗിനും ഭാര്യ ഭന്‍വി കുമാരിക്കുമെതിരെ വഞ്ചനാ കേസ്. രാജ ഭയ്യയുടെ മുന്‍ പി ആര്‍ ഒ രാജീവ് കുമാര്‍ യാദവിന്റെ പരാതിയിലാണ് ലക്‌നോയിലെ അലിഗഞ്ച് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
വ്യാജ രേഖകളും കള്ളൊപ്പുകളുമായി രാജാ ഭയ്യ 2009ല്‍ ബേങ്ക് അക്കൗണ്ട് ആരംഭിച്ചതായാണ് രാജീവ് കുമാര്‍ ആരോപിക്കുന്നത്. ഭയ്യയുടെ ഡ്രൈവര്‍ രോഹിത് കുമാര്‍, ഭാര്യ മോണിക്ക, എച്ച് ഡി എഫ് സി ബേങ്കിന്റെ അലിഗഞ്ച് ബ്രാഞ്ച് മാനേജര്‍ വലിയുല്ലാഹ് സര്‍വാര്‍ അലി എന്നിവര്‍ക്കെതിരെയും പരാതിയുണ്ട്. രേഖകളും ഒപ്പും കൃത്യത വരുത്താതെ അക്കൗണ്ട് തുറക്കാന്‍ ഭയ്യയെ മാനേജരും മറ്റുള്ളവരും സഹായിച്ചതായി പരാതിയില്‍ പറയുന്നു. തന്റെയും പിതാവിന്റെയും പേരുകള്‍ രേഖകളില്‍ പറയുന്നുണ്ട്. എന്നാല്‍ ഒപ്പുകള്‍ വ്യാജമാണ്. 2009 മുതല്‍ ഭയ്യയും കൂട്ടാളികളും അക്കൗണ്ട് ഉപയോഗിക്കുന്നുണ്ട്.
ഇന്ത്യന്‍ ശിക്ഷാ നിയമം 419, 420, 467, 468, 471 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. എഫ് ഐ ആര്‍ ലഭിക്കുന്നതിനായി പരാതിക്കാരന്‍ കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. നേരത്തെ കഴിഞ്ഞ 19ന് എഫ് ഐ ആര്‍ സമര്‍പ്പിക്കാന്‍ പോലീസിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. 2004 മുതല്‍ 2008 വരെ ഭയ്യയുടെ പി ആര്‍ ഒ ആയിരുന്നു രാജീവ് കുമാര്‍. 2004- 2007 കാലയളവില്‍ മുലായം സിംഗ് സര്‍ക്കാര്‍ ഭക്ഷ്യ, സിവില്‍ സപ്ലൈസ് മന്ത്രിയായിരിക്കെ, ഭയ്യക്ക് ഭക്ഷ്യധാന്യ അഴിമതിയില്‍ പങ്കുണ്ടെന്ന് കാണിച്ച് നേരത്തെ സി ബി ഐക്ക് രാജീവ് പരാതി നല്‍കിയിരുന്നു.