ഗോപിനാഥ് മുണ്ടെയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ചെലവ് വിവാദമാകുന്നു

Posted on: June 30, 2013 1:25 am | Last updated: June 30, 2013 at 1:25 am
SHARE

munde1ന്യൂഡല്‍ഹി: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തന്റെ മണ്ഡലത്തിലെ പ്രചാരണത്തിനായി എട്ട് കോടി രൂപ ചെലവിട്ടുവെന്ന ബി ജെ പി പാര്‍ലിമെന്റംഗം ഗോപിനാഥ് മുണ്ടെയുടെ വെളിപ്പെടുത്തല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഗൗരവമായി എടുക്കുന്നു. മുണ്ടെക്ക് നോട്ടീസ് അയക്കുന്ന കാര്യം പരിഗണനയിലാണെന്ന് കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. രണ്ട് ദിവസം മുമ്പ് മുംബൈയില്‍ നടന്ന ഒരു ചടങ്ങിലാണ് മുണ്ടെ വെളിപ്പെടുത്തല്‍ നടത്തിയത്. തിരഞ്ഞെടുപ്പ് ചെലവ് ഏറി വരികയാണെന്ന് വിശദീകരിക്കുന്നതിനിടെയാണ് മുണ്ടെ യാഥാര്‍ഥ്യം പുറത്തു പറഞ്ഞു പോയത്. മുണ്ടെയെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്ത് വന്ന സാഹചര്യത്തിലാണ് കമ്മീഷന്‍ തെളിവ് ശേഖരിക്കാന്‍ തീരുമാനിച്ചത്.
മഹാരാഷ്ട്രയിലെ ബീഡ് മണ്ഡലത്തില്‍ നിന്നുള്ള മുണ്ടെയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് മുംബൈ നോര്‍ത്തിലെ കോണ്‍ഗ്രസ് എം പി സഞ്ജയ് നിരുപം ആവശ്യപ്പെട്ടു. മുണ്ടെയെ അയോഗ്യനാക്കാനുള്ള നടപടിക്രമങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്‍കൈയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരു സ്ഥാനാര്‍ഥിക്ക് 25 ലക്ഷം മാത്രമേ ചെലവഴിക്കാനാകൂ എന്നാണ് ചട്ടം. ഇതിനേക്കാള്‍ 7.75 കോടിയാണ് മുണ്ടെ ചെലവിട്ടത്. അതുകൊണ്ട് ലോക്‌സഭയിലെ ബി ജെ പി ഉപനേതാവ് കൂടിയായ ഗോപിനാഥ് മുണ്ടെക്കെതിരെ ശക്തമായ നടപടി വേണം- നിരുപം പറഞ്ഞു.
മുണ്ടെയുടെ വെളിപ്പെടുത്തല്‍ ബി ജെ പിയെ പ്രതിരോധത്തിലാഴ്ത്തിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്ന പ്രസക്തമായ വിഷയം ഉന്നയിക്കുക മാത്രമാണ് മുണ്ടെ ചെയ്തതെന്നാണ് ബി ജെ പി വക്താവ് പ്രകാശ് ജാവദേകര്‍ പറയുന്നത്. തിരഞ്ഞെടുപ്പ് ചെലവ് കൂടിവരുന്നുവെന്ന യാഥാര്‍ഥ്യം അവതരിപ്പിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. ഇത് അദ്ദേഹത്തിന്റെ അനുഭവമാണെന്ന നിലക്കുള്ള പ്രചാരണമാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് ചെലവ് കൂടുന്നുവെന്ന സാര്‍വലൗകിക യാഥാര്‍ഥ്യം മുന്നോട്ടു വെച്ച മുണ്ടെയെ ലക്ഷ്യമിട്ട് നടക്കുന്ന പ്രചാരണം അധാര്‍മികമാണെന്ന് മറ്റൊരു വക്താവ് സുധാന്‍ഷു ത്രിവേദി ആരോപിച്ചു. ഇത്തരത്തില്‍ ന്യായീകരിക്കാന്‍ നേതാക്കള്‍ പാടുപെടുമ്പോഴും മുണ്ടെ പുലിവാല് പിടിച്ചിരിക്കുന്നുവെന്ന് തന്നെയാണ് പാര്‍ട്ടി നേതാക്കളുടെ പൊതു വിലയിരുത്തല്‍.
ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ഗോപിനാഥ് മുണ്ടെ വിവാദ വെളിപ്പെടുത്തല്‍ നടത്തിയത്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയായിരുന്നു ചടങ്ങിലെ മുഖ്യ പ്രഭാഷകന്‍. തന്റെ ആദ്യത്തെ തിരഞ്ഞെടുപ്പിന് വെറും 29,000 രൂപയായിരുന്നു പ്രചാരണ ചെലവെന്നും ഇപ്പോള്‍ തിരഞ്ഞെടുപ്പ് പ്രചാരണം വലിയ സാമ്പത്തിക ചെലവുള്ള കാര്യമായി മാറിയിരിക്കുകയാണെന്നുമാണ് മുണ്ടെ പറഞ്ഞത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എട്ട് കോടി രൂപ ചെലവഴിക്കേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതറിഞ്ഞാല്‍ തന്നെ അയോഗ്യനാക്കിയേക്കാം. എന്നാല്‍ അതില്‍ താന്‍ വ്യാകുലപ്പെടുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു.