Connect with us

National

അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്താന്‍ ഇന്ത്യ- ചൈന ധാരണ

Published

|

Last Updated

ന്യൂഡല്‍ഹി/ ബീജിംഗ്: 4,000 കിലോമീറ്ററോളം വരുന്ന അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്താന്‍ ഇന്ത്യ- ചൈന ചര്‍ച്ചയില്‍ ധാരണ. കഴിഞ്ഞ രണ്ട് ദിവസം ബീജിംഗില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോനും ചൈനീസ് സ്റ്റേറ്റ് കൗണ്‍സിലര്‍ യാങ് ജീഛിയും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ധാരണ. അതിര്‍ത്തി തര്‍ക്കം സംബന്ധിച്ച ചര്‍ച്ച ഫലപ്രദവും, ക്രിയാത്മകവും, പ്രതീക്ഷക്ക് വകനല്‍കുന്നതുമാണെന്ന് നേതാക്കള്‍ വിലയിരുത്തി.
ഈ വര്‍ഷം ആദ്യം അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ മൂന്നാഴ്ചയോളം സംഘര്‍ഷാവസ്ഥ നിലനിന്ന പശ്ചാത്തലത്തിലാണ് ചര്‍ച്ച നടന്നത്. അതിര്‍ത്തി പ്രശ്‌നത്തിന് പരിഹാരം കാണാന്‍ തയ്യാറാക്കിയ മൂന്ന് ഘട്ട ചര്‍ച്ചയുടെ രണ്ടാം ഘട്ടമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇരു രാഷ്ട്രങ്ങളുടെയും പ്രധാനമന്ത്രിമാരുടെ നിര്‍ദേശമനുസരിച്ചാണ് ചര്‍ച്ച നടന്നത്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പരസ്പര വിശ്വാസം വര്‍ധിപ്പിക്കുന്നതിന് അതിര്‍ത്തി കാര്യത്തില്‍ കൂടിയാലോചനക്കും ഏകോപനത്തിനും നിലവിലുള്ള സംവിധാനം ശക്തിപ്പെടുത്താനും ആശയവിനിമയം ഫലപ്രദമാക്കാനുമുള്ള സാധ്യതകളും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.
മേനോന്‍ വെള്ളിയാഴ്ചയാണ് ചൈനീസ് പ്രധാനമന്ത്രി ലി കെക്വിയാംഗിനെ സന്ദര്‍ശിച്ചത്. അഭിപ്രായഭിന്നതകള്‍ പരിഹരിക്കാന്‍ വേണ്ട വിവേകം ഇന്ത്യക്കും ചൈനക്കുമുണ്ടെന്ന് മേനോന്‍ പറഞ്ഞു. അതിര്‍ത്തി വിഷയത്തിലെ അഭിപ്രായഭിന്നതകള്‍ കുറച്ചുകൊണ്ടുവരുന്നതിന് ആശയവിനിമയം ശക്തിപ്പെടുത്താനും അതിര്‍ത്തിയില്‍ സമാധാനവും സ്ഥിരതയും നിലനിര്‍ത്താനും ഇരു രാജ്യങ്ങളും ശ്രമിക്കണമെന്ന് ലി ആഹ്വാനം ചെയ്തു.
കഴിഞ്ഞ ഏപ്രില്‍ 15ന് ചൈനീസ് പട ഇന്ത്യന്‍ അതിര്‍ത്തിക്കകത്തേക്ക് 19 കിലോമീറ്ററോളം കടന്നുകയറി ടെന്റുകള്‍ നിര്‍മിച്ചതിനെ തുടര്‍ന്ന് അതിര്‍ത്തിയില്‍ ഇരു സൈന്യങ്ങളും നേര്‍ക്കുനേര്‍ നിലയുറപ്പിച്ചിരുന്നു. കഴിഞ്ഞ മാസം ആദ്യം ചൈനീസ് പ്രധാനമന്ത്രി ലി കെക്വിയാംഗ് ന്യൂഡല്‍ഹി സന്ദര്‍ശിച്ചപ്പോള്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി നടത്തിയ ചര്‍ച്ചയില്‍ അതിര്‍ത്തിലംഘനം ചര്‍ച്ചാവിഷയമായിരുന്നു. പിന്നീട് ഇരുഭാഗങ്ങളും നിരവധി വട്ടം ചര്‍ച്ചകള്‍ നടത്തി. ഇതേത്തുടര്‍ന്ന് മെയ് അഞ്ചിന് ചൈനീസ് പട കടന്നുകയറിയ പ്രദേശത്തുനിന്ന് പിന്‍മാറുകയായിരുന്നു.
പ്രതിരോധ മന്ത്രി എ കെ ആന്റണി അടുത്ത മാസം നാല് മുതല്‍ ഏഴ് വരെ ബീജിംഗ് സന്ദര്‍ശിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ചൈനീസ് പ്രധാനമന്ത്രി ലിയുമായി രണ്ട് ദിവസത്തെ ചര്‍ച്ചക്കും സാധ്യതയുണ്ട്.

---- facebook comment plugin here -----

Latest