പന്ത് യഡിയൂരപ്പയുടെ കോര്‍ട്ടിലേക്കിട്ട് ബി ജെ പി

Posted on: June 30, 2013 1:02 am | Last updated: June 30, 2013 at 1:02 am
SHARE

bs yediyurappaബംഗളൂരു: പാര്‍ട്ടിയിലേക്ക് തിരികെ വരാന്‍ മുന്‍മുഖ്യമന്ത്രി ബി എസ് യഡിയൂരപ്പ ആഗ്രഹം പ്രകടിപ്പിച്ചാല്‍ അക്കാര്യം പരിഗണിക്കാമെന്ന് കര്‍ണാടക ബി ജെ പി. ഇതോടെ, പന്ത് യഡിയൂരപ്പയുടെ കോര്‍ട്ടിലായിരിക്കുകയാണ്.
അദ്ദേഹം വരുമോ ഇല്ലയോ എന്നതിനെ സംബന്ധിച്ച് യാതൊരു രൂപവുമില്ല. അദ്ദേഹം നിലപാട് വ്യക്തമാക്കിയതിനു ശേഷം കേന്ദ്ര നേതാക്കള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് കര്‍ണാടകയുടെ ചുമതലയുള്ള ബി ജെ പി ജനറല്‍ സെക്രട്ടറി തവര്‍ചന്ദ് ഗെഹ്‌ലോട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. യഡിയൂരപ്പ തിരികെ വരുന്നത് സംബന്ധിച്ച് സംസ്ഥാന നേതാക്കളുമായി ചര്‍ച്ച ചെയ്യാനെത്തിയതായിരുന്നു ഗെഹ്‌ലോട്ട്. അന്തിമ തീരുമാനം ദേശീയ അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ നവംബറില്‍ ബി ജെ പി വിട്ട് കര്‍ണാടക ജനതാ പാര്‍ട്ടി നേതൃസ്ഥാനം ഏറ്റെടുത്ത യഡിയൂരപ്പയെ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കള്‍ പ്രചാരണം നടത്തുന്നുണ്ട്. യഡിയൂരപ്പയില്ലെങ്കില്‍ മെയ് അഞ്ചിന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് പോലെയാകും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ബി ജെ പിയുടെ അവസ്ഥയെന്ന് ഈ വിഭാഗം പ്രചാരണം നടത്തുന്നു. യഡിയൂരപ്പയുടെ വിശ്വസ്തരായിരുന്ന ഉമേഷ് കാട്ടി, ബസവരാജ് ബൊമ്മെ, അരവിന്ദ് ലിംബാവലി തുടങ്ങിയവരാണ് ഇതിന് നേതൃത്വം നല്‍കുന്നത്.
അതേസമയം, ബി ജെ പി സംസ്ഥാന പ്രസിഡന്റ് പ്രഹ്ലാദ് ജോഷി, മുന്‍മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍, ജനറല്‍ സെക്രട്ടറിയും ബംഗളൂരു സൗത്ത് എം പിയുമായ എച്ച് എന്‍ ആനന്ദ് കുമാര്‍, മുന്‍ ഉപമുഖ്യമന്ത്രിമാരായ ആര്‍ അശോക, കെ എസ് ഈശ്വരപ്പ തുടങ്ങിയ പ്രധാന നേതാക്കള്‍ യഡിയൂരപ്പയുടെ തിരികെ വരലിനെ ശക്തിയുക്തം എതിര്‍ക്കുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ദയനീയ പരാജയമാണ് ബി ജെ പിക്കേറ്റത്. യഡിയൂരപ്പ പാര്‍ട്ടി വിട്ടതാണ് ഇതിന് പ്രധാന കാരണമായി പലരും ചൂണ്ടിക്കാട്ടിയത്. അതേസമയം, മുഖ്യ എതിരാളിയായ കോണ്‍ഗ്രസാണ് ഇതില്‍ നേട്ടമുണ്ടാക്കിയത്. കേന്ദ്രത്തില്‍ നിരന്തരം പ്രതിസന്ധികളില്‍ അകപ്പെട്ടിരുന്ന കോണ്‍ഗ്രസിന് ഇത് നവോന്‍മേഷം പകരുകയും ചെയ്തു. ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ മാത്രം കെ ജെ പി ശക്തമല്ലെന്ന പ്രസ്താവനയാണ് യഡിയൂരപ്പ ബി ജെ പിയിലേക്ക് തിരിച്ചുവരുന്നുണ്ടെന്ന വാര്‍ത്തക്ക് കാരണം. നിരവധി നേതാക്കള്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെങ്കിലും ബി ജെ പിയിലേക്ക് മടങ്ങാനില്ലെന്നാണ് അദ്ദേഹം തീര്‍ത്തു പറഞ്ഞത്.