Connect with us

Articles

സ്‌നോഡന് മുന്നില്‍ വഴികള്‍ തുറക്കുമ്പോള്‍

Published

|

Last Updated

ബ്രാഡ്‌ലി മാന്നിംഗ്, എഡ്വേര്‍ഡ് സ്‌നോഡന്‍, ജെയിംസ് കാര്‍ട്ട്‌റൈറ്റ്. അമേരിക്കന്‍ രഹസ്യങ്ങള്‍ ലോകത്തോട് വിളിച്ചു പറയുന്നവരുടെ നിര നീളുകയാണ്. എന്താണിങ്ങനെ? ഒരു രാജ്യത്തിന്റെ രഹസ്യങ്ങള്‍ കാത്തു സൂക്ഷിക്കാന്‍ ബാധ്യസ്ഥരായ പൗരന്‍മാര്‍ ഇങ്ങനെ “നിരുത്തരവാദപരമായി” പെരുമാറിയാല്‍ ആ രാഷ്ട്രത്തിന്റെ ഗതിയെന്താണ്? ലോകത്ത് ഏറ്റവും അക്രമാസക്തമായി കാത്തു സൂക്ഷിക്കപ്പെടുന്ന ഒന്നാണ് അമേരിക്കന്‍ പൗരത്വം. അത് വെറും അലങ്കാരമല്ല. ലോകത്തിന് മുകളില്‍ ഉദ്‌ഘോഷിക്കപ്പെടുന്ന അഹങ്കാരമാണ് അത്. ആ അഹംബോധങ്ങള്‍ക്ക് മേല്‍ വിമാനം ഇടിച്ചു കയറ്റിയാല്‍ പൈലറ്റില്ലാ വിമാനങ്ങള്‍ നിരന്തരം തൊടുത്തു വിട്ട് ആയിരക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കും. ഏത് രാഷ്ട്രത്തിന് മേലും ഉപരോധത്തിന്റെ തീ മഴ പെയ്യിക്കും. ഏത് നാട്ടിലും അന്തച്ഛിദ്രങ്ങള്‍ വിതക്കും. എവിടെയും കയറി ഇടപെടും. ആരുടെ രഹസ്യങ്ങളിലേക്കും നുഴഞ്ഞുകയറും. അമേരിക്കന്‍ ചാരക്കണ്ണുകളില്‍ നിന്ന് ലോകത്തെ ഒരു മനുഷ്യനും രക്ഷപ്പെടുക സാധ്യമല്ല. സ്വന്തം സാമ്പത്തിക മാന്ദ്യം ആരാന്റെ ചെലവില്‍ പരിഹരിക്കപ്പെടും. ഇങ്ങനെ പരിലാളിക്കപ്പെടുന്ന പൗരന്‍മാര്‍ എന്താണ് ഇങ്ങനെ? അവരുടെ സ്വയം ബോധ്യങ്ങള്‍ ഇത്രമാത്രം രാജ്യദ്രോഹപരമാകുന്നത് എന്തുകൊണ്ട്? അമേരിക്ക വര്‍ത്തമാനകാലത്ത് അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണിത്.
അത്യന്തം പ്രാധാന്യമേറിയ നയതന്ത്ര, സൈനിക രഹസ്യങ്ങള്‍ വീഡിയോസഹിതം വിക്കിലീക്‌സിന് പകര്‍ത്തി നല്‍കിയ ബ്രാഡ്‌ലി മാന്നിംഗ് വിചാരണ നേരിടുകയാണ്. മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനാണ് അദ്ദേഹം. ഒരു തെറ്റും ചെയ്തില്ലെന്ന് മാന്നിംഗ് ആണയിടുന്നു. അമേരിക്കന്‍ പൗരന്‍മാരുടെ പേരില്‍ എന്തെല്ലാമാണ് നടക്കുന്നതെന്ന് ലോകം അറിയണമെന്ന് മാത്രമാണ് താന്‍ ആഗ്രഹിച്ചത്. മാന്നിംഗ് അമേരിക്കയുടെ ശത്രുവെങ്കില്‍ സത്യവും അമേരിക്കയുടെ ശത്രുവെന്നാണ് ആക്ടിവിസ്റ്റുകള്‍ മുദ്രാവാക്യം മുഴക്കിയത്. ഭരണകൂടവും ഭരണീയനും തമ്മിലുള്ള അപൂര്‍വമായ വിച്ഛേദനമാണ് ഇത്. ഇത് സത്യവും പ്രതീതി സത്യവും തമ്മിലുള്ള വേര്‍തിരിയലുമാണ് .
ഇപ്പോള്‍ എഡ്വേര്‍ഡ് സ്‌നോഡനാണ് വ്യവഹാരങ്ങളുടെ കേന്ദ്രത്തില്‍ നില്‍ക്കുന്നത്. മാന്നിംഗിന്റെ വിചാരണക്കെതിരെ ഉയര്‍ന്ന പ്രതിഷേധത്തിന് അന്താരാഷ്ട്ര മാനം ഉണ്ടായിരുന്നെങ്കിലും അത് അമേരിക്കയെ പ്രതിസന്ധിയിലാക്കിയിരുന്നില്ല. സാമ്പത്തിക, സൈനിക, രാഷ്ട്രീയ നയങ്ങള്‍ക്കെതിരെ ഉയരുന്ന പതിവ് പ്രതികരണമായി അവയെ നിസ്സാരവത്കരിക്കാന്‍ അമേരിക്കന്‍ ഭരണകൂടത്തിന് സാധിക്കുമായിരുന്നു. മാന്നിംഗിന്റെ വിചാരണ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെടുന്ന ഗ്രൂപ്പുകളും പ്രതീക്ഷിക്കുന്നില്ല, തങ്ങളുടെ പ്രതിരോധം പ്രത്യക്ഷമായി എന്തെങ്കിലും നേടുമെന്ന്. തോറ്റ യുദ്ധമെന്ന് അറിഞ്ഞു തന്നെയാണ് അവര്‍ പോരാടുന്നത്. ലോകത്താകെ ഒരു ചര്‍ച്ച ഉയര്‍ത്തുകയെന്ന ലക്ഷ്യത്തില്‍ മാത്രമാണ് അവര്‍ പരിമിതമായെങ്കിലും എത്തിച്ചേരുന്നത്.
സ്‌നോഡനിലെത്തുമ്പോള്‍ കാര്യങ്ങള്‍ അപ്പടി മാറുന്നു. അദ്ദേഹം അമേരിക്ക വിട്ടിരിക്കുന്നു. അമേരിക്കക്ക് പുറത്ത് അദ്ദേഹം സഞ്ചരിക്കുന്ന ഓരോ ഇഞ്ചും ചെറുത്തുനില്‍പ്പില്‍ നേരിട്ട് പങ്കെടുക്കുന്നുവെന്നതാണ് സത്യം. തീര്‍ത്തും ശക്തവും പ്രത്യക്ഷവുമായ ഏറ്റുമുട്ടലിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നും ആഭ്യന്തരമായും അമേരിക്ക ഫോണ്‍, ഇന്റര്‍നെറ്റ്, ഇ മെയില്‍ വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്ന രഹസ്യം പുറത്തു വിട്ടത് സ്‌നോഡനാണ്. അദ്ദേഹവും രഹസ്യാന്വേഷണ വിഭാഗം മുന്‍ ഉദ്യോഗസ്ഥനാണ്. യു എസ് ദേശീയ സുരക്ഷാ ഏജന്‍സി (എന്‍ എസ് എ)യുടെ ടെക്‌നിക്കല്‍ കോണ്‍ട്രാക്ടര്‍ ആയിരുന്നു. മൂന്ന് പദ്ധതികളിലായി വ്യാപകമായി വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് അദ്ദേഹം ഗാര്‍ഡിയന്‍ പത്രത്തോട് പറഞ്ഞത്. മെറ്റാ ഡാറ്റ, പ്രിസം, ടെമ്പോറ എന്നിവയാണ് അവ. ഇതില്‍ പ്രിസം തന്നെയാണ് പ്രധാനം. വിക്കിലീക്‌സിന് ക്ലാസിഫൈഡ് രഹസ്യങ്ങള്‍ ചോര്‍ത്തിയ മാന്നിംഗിനെപ്പോലെ സ്‌നോഡനും താന്‍ തെറ്റൊന്നും ചെയ്തില്ലെന്ന് വിശ്വസിക്കുന്നു. രാജ്യദ്രോഹം, രാജ്യത്തിന്റെ സ്വത്ത് മോഷ്ടിക്കല്‍, ശത്രുവിന് വേണ്ടി ചാരപ്രവൃത്തി നടത്തല്‍ തുടങ്ങി തന്റെ മേല്‍ ചുമത്തിയിട്ടുള്ള മുഴുവന്‍ കുറ്റങ്ങളും അദ്ദേഹം നിഷേധിക്കുന്നു. ഒരു സാമൂഹിക ജീവിയെന്ന നിലയിലുള്ള കര്‍ത്തവ്യമാണ് താന്‍ നിര്‍വഹിച്ചതെന്ന് ഈ മുപ്പതുകാരന്‍ വിശ്വസിക്കുന്നു. ഒബാമ അധികാരത്തില്‍ വരുന്നതിന് മുമ്പു തന്നെ ഈ വിവരങ്ങള്‍ ലോകത്തിന് മുന്നില്‍ വെക്കണമെന്ന് സ്‌നോഡന്‍ ഉറപ്പിച്ചിരുന്നുവത്രേ. ഒബാമയില്‍ അദ്ദേഹം പ്രതീക്ഷയര്‍പ്പിച്ചു. അമേരിക്ക മാറുമെന്ന ഒബാമയുടെ വാഗ്ദാനം വിശ്വസിച്ചു. ബുഷില്‍ നിന്ന് അടിസ്ഥാനപരമായി വ്യത്യാസപ്പെടാന്‍ ഒബാമക്ക് സാധിക്കില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് രഹസ്യങ്ങള്‍ വിളിച്ചു പറയാന്‍ താന്‍ തീരുമാനിച്ചതെന്ന് സ്‌നോഡന്‍ പറയുന്നു. പക്ഷേ, ഭരണകൂടത്തിന് മുന്നില്‍ കീഴടങ്ങാന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ല. അതുകൊണ്ട് പലായനം തുടങ്ങി.
ആദ്യം ഹോംഗ്‌കോംഗിലേക്ക്. അവിടെയെത്തി അമേരിക്കന്‍ അധികാരികള്‍ പിടിക്കുമെന്നായപ്പോള്‍ മോസ്‌കോയിലേക്ക്. പിന്നെ വന്നതെല്ലാം ഊഹാപോഹങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും ഇടയിലുള്ള സംഗതികളായിരുന്നു. മോസ്‌കോയില്‍ നിന്ന് തുടര്‍ന്ന് ക്യൂബന്‍ തലസ്ഥാനമായ ഹവാനയിലേക്ക് തിരിച്ചുവെന്നാണ് ആദ്യം പുറത്തു വന്ന വാര്‍ത്ത. ഇതിന് പിന്നാലെയാണ് സ്‌നോഡന്‍ “അപ്രത്യക്ഷനാ”യെന്ന് കേട്ടത്. ലോകം മുഴുവന്‍ നിരീക്ഷണത്തില്‍ കൊണ്ടുവരാന്‍ കെല്‍പ്പുള്ള അമേരിക്കന്‍ രഹസ്യാന്വേഷണ സംവിധാനത്തിന് സ്‌നോഡന്‍ എവിടെയുണ്ടെന്ന് തീര്‍ച്ചയാക്കാന്‍ സാധിച്ചില്ല. ഉഗ്രപ്രതാപിയായ ബ്രിട്ടന്റെ സഹായവും ഫലിച്ചില്ല. സ്‌നോഡന്‍ എപ്പിസോഡില്‍ ഭരണകൂടത്തിന് ആത്മവിശ്വാസം ചോര്‍ന്നു തുടങ്ങിയത് ഇവിടെ വെച്ചാണ്.
സ്‌നോഡന്‍ റഷ്യന്‍ അതിര്‍ത്തി കടന്നിട്ടില്ലെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് പറയുന്നതോടെയാണ് സംഭവഗതികള്‍ മറ്റൊരു തലത്തില്‍ എത്തിയത്. ഇതോടെ അമേരിക്ക റഷ്യക്ക് മേല്‍ സമ്മര്‍ദം ചെലുത്തിത്തുടങ്ങി. പുടിനും ഒബാമയും ജി എട്ട് ഉച്ചകോടിയുടെ പാര്‍ശ്വങ്ങളില്‍ ഈയടുത്ത് വിത്തിട്ട സൗഹൃദത്തിന്റെ ഇത്തിരി നനവില്‍ കുഴിക്കാനായിരുന്നു പരിപാടി. പക്ഷേ, അതും ഫലിച്ചില്ല. പരസ്പരം കുറ്റവാളികളെ കൈമാറാനുള്ള കരാര്‍ റഷ്യയും അമേരിക്കയും തമ്മിലില്ലെന്ന് ലാവ്‌റോവ് തുറന്നടിച്ചു. ഇതോടെ യു എസ് ധാര്‍മികതാ പ്രസംഗം തുടങ്ങി. ചൈനക്കും റഷ്യക്കുമെതിരെ രൂക്ഷമായ ഭാഷയിലാണ് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി സംസാരിച്ചത്. ഹോംഗ്‌കോംഗ് വിടാന്‍ സാഹചര്യമൊരുക്കിയത് ചൈനയാണെന്നും കുറ്റവാളിയെ സംരക്ഷിക്കുന്ന റഷ്യയുടെ നയം അന്താരാഷ്ട്ര മര്യാദകള്‍ക്ക് നിരക്കാത്തതാണെന്നും കെറി കുറ്റപ്പെടുത്തി.
പഴയ ശീതയുദ്ധത്തിന്റെ ഓര്‍മകളുണര്‍ത്തുന്നുണ്ട് പുതിയ സംഭവങ്ങള്‍. സോവിയറ്റ് യൂനിയനും അമേരിക്കന്‍ ഐക്യനാടുകളും പക്ഷം ചേരാത്ത ഒരു പ്രശ്‌നവും അന്ന് ഭൂമുഖത്ത് ഉണ്ടായിരുന്നില്ല. ഇരു ചേരിയായി ലോക രാജ്യങ്ങള്‍ വകഞ്ഞു മാറ്റപ്പെട്ടു. ഭ്രാന്തമായ നിലയില്‍ വന്‍ ശക്തികള്‍ മത്സരിച്ചു. പടക്കോപ്പുകള്‍ കുന്നുകൂട്ടുന്നതിലും ശാസ്ത്ര സാങ്കേതിക രംഗത്തും ഇഞ്ചോടിഞ്ച് മത്സരിച്ചു. ഏകധ്രുവ ലോകത്തിന്റെ ഏകപക്ഷീയതയേക്കാള്‍ ആശാവഹമായിരുന്നു അന്നത്തെ ലോകക്രമമെന്ന് ഇന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ഏഴാം കപ്പല്‍ പട ഇന്ത്യന്‍ തീരത്തെത്തിയില്ലെന്നതാണ് ഇവിടെയിരുന്ന് സംസാരിക്കുമ്പോള്‍ ആദ്യം കണ്ണില്‍ പെടുന്ന ശീതസമരത്തിന്റെ പ്രയോജനം. സോവിയറ്റ് യൂനിയന്റെ തകര്‍ച്ച ഒരു പ്രത്യയ ശാസ്ത്രത്തിന്റെ പ്രായോഗികതയില്‍ തന്നെ ആഴത്തില്‍ മുറിവേല്‍പ്പിച്ചു. വല്ലാതെ മെലിഞ്ഞു പോയ റഷ്യ സഹകരണത്തിന്റെ പാതയിലേക്ക് വന്നു. വീറ്റോ അധികാരം അമേരിക്കന്‍ മുഷ്‌കിനെതിരെ ഉപയോഗിച്ച ഓരോ ഘട്ടത്തിലും അതില്‍ ഉറച്ചു നില്‍ക്കാന്‍ റഷ്യക്ക് സാധിച്ചില്ല. ഏറ്റവും ഒടുവില്‍ ലിബിയയില്‍ കണ്ടത് ഈ സ്ഥൈര്യമില്ലായ്മയാണ്. ജി എട്ട് ഉച്ചകോടിക്കിടെ ഒബാമയും പുടിനും ലേലമുറപ്പിച്ചത് സിറിയയുടെ കച്ചവടത്തിലാണ്. സിറിയന്‍ സര്‍ക്കാറിന് വിമതരെ പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന് പരസ്യമായി പ്രഖ്യാപിച്ച റഷ്യ, ബശര്‍ അല്‍ അസദിന് ആയുധം നല്‍കി വരികയായിരുന്നു. റഷ്യയുടെ ഈ നിലപാടാണ് സിറിയയില്‍ നേരിട്ട് ഇറങ്ങിക്കളിക്കുന്നതില്‍ നിന്ന് ഒബാമ ഭരണകൂടത്തെ പിന്നോട്ടടിപ്പിക്കുന്നത്. റഷ്യ അയയുന്നതോടെ സ്ഥിതി മാറും. സിറിയ, ഇറാന്‍ വിഷയങ്ങളില്‍ റഷ്യയുടെ നിലപാട് മയപ്പെടുത്താനായിട്ടുണ്ടെന്നാണ് വൈറ്റ് ഹൗസ് ഇപ്പോള്‍ ഉറച്ചു വിശ്വസിക്കുന്നത്.
പക്ഷേ, സ്‌നോഡന്‍ വിഷയം ഈ ധാരണകളെയാകെ തകിടം മറിച്ച് പുതിയ തലങ്ങളിലേക്ക് കത്തിപ്പടരുകയാണ്. അമേരിക്കയുടെ താക്കീത് അവഗണിച്ച് റഷ്യ സ്‌നോഡന് സുരക്ഷിത പാതയൊരുക്കിയിരിക്കുന്നു. യാത്രാ രേഖകള്‍ മുഴുവന്‍ റദ്ദാക്കിയിട്ടും സ്‌നോഡന്‍ ഇക്വഡോറിലേക്ക് പറന്നുവെന്നാണ് ഏറ്റവും പുതിയ വിവരം. പക്ഷേ, ഇക്വഡോര്‍ പ്രസിഡന്റ് റാഫേല്‍ കൊറേയ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. (വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെക്ക് രാഷ്ട്രീയ അഭയം നല്‍കിയതും ഇക്വഡോര്‍ ആണ്. അസാഞ്ചെ ഒരു വര്‍ഷമായി ഇക്വഡോറിന്റെ ബ്രിട്ടീഷ് എംബസിയിലാണ് കഴിയുന്നത്). ഒരു കാര്യം ഉറപ്പാണ് സ്‌നോഡനെ പിടികൂടാന്‍ അമേരിക്കക്ക് സാധിച്ചിട്ടില്ല. അദ്ദേഹത്തിന് മുന്നില്‍ വഴികള്‍ തുറക്കപ്പെടുന്നുണ്ട്. അന്താരാഷ്ട്ര മര്യാദകള്‍ എന്ന് അമേരിക്ക വിശേഷിപ്പിക്കുന്ന ചട്ടങ്ങള്‍ മറികടക്കപ്പെടുന്നുമുണ്ട്.
സ്‌നോഡന്റെ സഞ്ചാര ദിശ ഹോംഗ്‌കോംഗ്, റഷ്യ, ഇക്വഡോര്‍ എന്നിങ്ങനെയാണ്. വെനിസ്വേല അദ്ദേഹത്തിന് രാഷ്ട്രീയ അഭയം വാഗ്ദാനം ചെയ്തുകഴിഞ്ഞിരിക്കുന്നു. ധീര യോദ്ധാവ് എന്നാണ് ഹ്യൂഗോ ഷാവേസിന്റെ പിന്‍ഗാമിയായ അവിടുത്തെ പ്രസിഡന്റ് നിക്കോളാസ് മദുറോ, സ്‌നോഡനെ വിശേഷിപ്പിച്ചത്. വെനിസ്വേലന്‍ മണ്ണില്‍ എത്താനായാല്‍ സ്‌നോഡന് എല്ലാ പിന്തുണയും നല്‍കുമെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. അങ്ങനെയെങ്കില്‍ സ്‌നോഡന്റെ യാത്രക്ക് താത്കാലിക വിരാമമാകുക വെനിസ്വേലയില്‍ ആയിരിക്കും. എന്നുവെച്ചാല്‍ അമേരിക്കയെ വെല്ലുവിളിക്കുന്ന ചേരിയായി ചൈന, റഷ്യ, ഇക്വഡോര്‍, വെനിസ്വേല കൂട്ടുകെട്ട് സ്‌നോഡന്‍ വിഷയത്തില്‍ രൂപപ്പെടുന്നുവെന്ന് തന്നെയാണ് വിലയിരുത്തേണ്ടത്.
ലാറ്റിനമേരിക്കന്‍ ചെറുത്തു നില്‍പ്പിന്, ഷാവേസിനു ശേഷം ആര് നേതൃത്വം നല്‍കുമെന്ന ചോദ്യത്തിനുള്ള ഉത്തരമായി ഉയര്‍ത്തിക്കാണിക്കപ്പെടുന്ന ഭരണകര്‍ത്താവാണ് ഇക്വഡോര്‍ പ്രസിഡന്റ് റാഫേല്‍ കൊറേയ. ഷാവേസിന്റെ ശൈലി അപ്പടി പിന്തുടരുന്ന നേതാവാണ് അദ്ദേഹം. ഇക്വഡോര്‍ ഒപെക്കില്‍ അംഗമാണ്. കൊറേയയുടെ നേതൃത്വത്തില്‍ ഇക്വഡോര്‍ പിന്തുടരുന്ന സാമ്പത്തിക നയം ഷാവേസിനോട് വളരെയധികം സമാനത പുലര്‍ത്തുന്നു. പാശ്ചാത്യ സാമ്പത്തിക ഏജന്‍സികളില്‍ നിന്നുള്ള വായ്പകളെ ആശ്രയിക്കാതെ മുന്നോട്ടു പോകാന്‍ സാധിക്കാത്ത ആഭ്യന്തര ധനസ്ഥിതി നിലനില്‍ക്കുമ്പോഴും അദ്ദേഹം ചെറുത്തു നില്‍പ്പ് തുടരുന്നു. സ്‌നോഡന്റെ അഭയവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കിടെ യു എസുമായുള്ള നിര്‍ണായകമായ വ്യാപാര ഉടമ്പടി ഇക്വഡോര്‍ റദ്ദാക്കിയിരുന്നു. ഈ ഉടമ്പടി ബ്ലാക്ക്‌മെയിലിംഗിനായി അമേരിക്ക ഉപയോഗിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അത് റദ്ദാക്കിയത്.
ഇവിടെയാണ് ഉപരോധം അടക്കമുള്ള അമേരിക്കന്‍ ഭീഷണികള്‍ മൂര്‍ച്ചയില്ലാത്ത ആയുധങ്ങളാകുന്നത്. ശക്തമായ ബദല്‍ ചേരി സാധ്യമായാല്‍ അമേരിക്കന്‍ ഏകാധിപത്യത്തെ വളരെ എളുപ്പത്തില്‍ വെല്ലുവിളിക്കാനാകുമെന്ന പാഠമാണ് സ്‌നോഡന്റെ യാത്രകള്‍ മുന്നോട്ടു വെക്കുന്നത്. ഇത് ഒരു വഴിവെട്ടലാണ്. റഷ്യയും ചൈനയും ഇച്ഛാശക്തിയോടെ നിലയുറപ്പിച്ചാല്‍ ഈ വഴിയില്‍ കൂടുതല്‍ പേര്‍ വരും.

 

Latest