Connect with us

Editorial

ഉത്തരാഖണ്ഡ് നല്‍കുന്ന പാഠം

Published

|

Last Updated

പേമാരിയും ഉരുള്‍പൊട്ടലും ഉത്തരാഖണ്ഡില്‍ തീര്‍ത്ത ഭീകര ദുരന്തം ടൂറിസത്തെ ആശ്രയിച്ചു കഴിയുന്ന സംസ്ഥാനങ്ങള്‍ക്കെല്ലാം വലിയ പാഠമാണ് നല്‍കുന്നത്. ആയിരത്തിലേറെ പേര്‍ക്ക് ജീവഹാനി സംഭവിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിക്കുമ്പോള്‍ കാണാതായവരുടെ പട്ടിക അനന്തമാണ്. ആയിരക്കണക്കിനാളുകളെ ഒഴുക്കില്‍പ്പെട്ടും ഉരുള്‍പൊട്ടലില്‍ അകപ്പെട്ടും കെട്ടിടങ്ങള്‍ തകര്‍ന്നും കാണാതായിട്ടുണ്ട്. കാലാവസ്ഥ പ്രതികൂലമായി തുടരുമ്പോഴും, ദുരന്ത ഭൂമിയില്‍ ഒരാളെങ്കിലും പ്രയാസപ്പെടുന്നുണ്ടെങ്കില്‍ അവരെക്കൂടി സുരക്ഷിത സ്ഥാനത്തെത്തിക്കാന്‍ രക്ഷാസേന സന്നദ്ധമാണെന്ന് കരസേനാ മേധാവി പ്രസ്താവിച്ചിട്ടുണ്ട്. സ്വജീവന്‍ പോലും പണയപ്പെടുത്തി രക്ഷാപ്രവര്‍ത്തനം നടത്തിയ വ്യോമസേന, ഇന്തോ- തിബത്തന്‍ അതിര്‍ത്തി സേന, ദേശീയ ദുരന്ത പ്രതികരണ സേന തുടങ്ങിയവയിലെ ജവാന്മാരുടെ സേവനം ഇന്ത്യാ ചരിത്രത്തിലെ ദുഷ്‌കരമായ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ തങ്കലിപികളാല്‍ കുറിക്കപ്പെടുന്നതാണ്. ഉത്തരാഖണ്ഡിലേത് ദേശീയ ദുരന്തമായി കണ്ട് അതിനനുസരിച്ച് ഉണര്‍ന്ന് പ്രവര്‍ത്തിച്ച കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ തീര്‍ച്ചയായും പ്രശംസ അര്‍ഹിക്കുന്നു. ദുരന്തത്തിന്റെ ആദ്യ ഘട്ടത്തില്‍ വിവിധ ഏജന്‍സികള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏകോപനത്തിന്റെ കുറവ് പ്രകടമായിരുന്നുവെങ്കിലും പെെട്ടന്ന് തന്നെ അവ പരിഹരിക്കപ്പെട്ടതോടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് എണ്ണയിട്ട യന്ത്രത്തിന്റെ ഒഴുക്ക് കൈവന്നു. അവരുടെ ആത്മാര്‍ഥ സേവനത്വര ഇല്ലായിരുന്നുവെങ്കില്‍ പ്രളയജലം ആര്‍ത്തിരമ്പിയ ബദരിനാഥിലേയും കേദാര്‍നാഥിലേയും ദുരന്തം നമ്മുടെയെല്ലാം ചിന്താശേഷിക്ക് അതീതമാകുമായിരുന്നു.
മലനിരകളിലെ ക്ഷേത്ര തീര്‍ഥാടന കേന്ദ്രമായാലും സുഖവാസ കേന്ദ്രങ്ങളായാലും കുറച്ചുകാലമായി ജനത്തിരക്കില്‍ വീര്‍പ്പ് മുട്ടുകയാണ്. നിബിഡവനത്തിലെ മലമ്പാതയിലൂടെയുള്ള തീര്‍ഥാടക യാത്ര അതിസാഹസികവും ഏതവസരത്തിലും അപകടം പതിയിരിക്കുന്നതുമാണ്. തീര്‍ഥാടനവും ഇപ്പോള്‍ ടൂറിസത്തിന്റെ അവിഭാജ്യ ഘടകമായിരിക്കുന്നു. ഹരിദ്വാറിലേയും കേദാര്‍നാഥിലേയും രണ്ട് സുപ്രസിദ്ധ ആരാധനായലങ്ങളിലേക്കുള്ള തീര്‍ഥാടകരുടെ എണ്ണത്തില്‍ ഒരു ദശകത്തിനിടയില്‍ അഞ്ച് മടങ്ങ് വര്‍ധനയുണ്ടായി. തീര്‍ഥാടകരെ കൊണ്ടുപോകാനുള്ള രജിസ്റ്റര്‍ ചെയ്യപ്പെട്ട വാഹനങ്ങളുടെ എണ്ണത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ 70 ശതമാനം വര്‍ധനയുണ്ടായതായാണ് കണക്ക്. മലഞ്ചെരുവുകളില്‍ നടത്തുന്ന വികസനപ്രവര്‍ത്തനങ്ങള്‍ ഭൂമിക്ക് താങ്ങാനാവുന്നതിലും എത്രയോ കൂടുതലാണ്. വ്യാപകമായ വന നശീകരണം നടക്കുന്നു. ഭൂമിയുടെ കിടപ്പിനെതന്നെ തകിടം മറിക്കുംവിധം നിരപ്പാക്കല്‍ നടക്കുമ്പോള്‍ വഴിതുറക്കുന്നത് ഉരുള്‍പൊട്ടലുകള്‍ക്കാണ്. ഇതിന്റെയെല്ലാം തിക്തഫലമാണ് ഉത്തരാഖണ്ഡ് ദുരന്തം. സമാന സാഹചര്യങ്ങള്‍ നിലവിലുള്ള രാജ്യത്തെ മറ്റു പ്രദേശങ്ങള്‍ക്കും ഇതൊരു താക്കീതാണ്. ആവശ്യമായ ആസൂത്രണവും കരുതലും പുലര്‍ത്തിക്കൊണ്ട് ഉത്തരവാദിത്തപൂര്‍ണമായ ടൂറിസത്തിന്റെ ആവശ്യകതയിലേക്കുള്ള ചൂണ്ടുപലകകൂടിയാണ് ഉത്തരാഖണ്ഡ് ദുരന്തം. “പ്രകൃതിയെ മറക്കല്ലേ” എന്ന മുന്നറിയിപ്പും.
ട്രാന്‍സ്‌പോര്‍ട്ട്, ടൂറിസം, സാംസ്‌കാരിക മന്ത്രാലയങ്ങള്‍ക്കായുള്ള പാര്‍ലിമെന്റെറി സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷനായ സീതാറാം യെച്ചൂരി ടൂറിസത്തിന്റെ കാര്യത്തില്‍ നല്‍കിയ മുന്നറിയിപ്പ് ശ്രദ്ധേയമാണ്. “സാമ്പത്തികവശവും തൊഴില്‍സാധ്യതയും മാത്രമാകരുത് ഉത്തരവാദപൂര്‍ണമായ ടൂറിസം. കൂടുതല്‍ ടൂറിസ്റ്റുകള്‍ ആകര്‍ഷിക്കപ്പെടുമ്പോള്‍ മാലിന്യങ്ങളും കൂന്നുകൂടുമെന്ന് നാം മനസ്സിലാക്കണം. മാനസികവും സാംസ്‌കാരികവുമായ കാര്യങ്ങളിലും ശ്രദ്ധ വേണം. നമ്മുടെ സാംസ്‌കാരിക പൈതൃകങ്ങള്‍ സംരക്ഷിക്കപ്പെടണം”- ഉത്തരാഖണ്ഡ് ദുരന്തത്തെ പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഈ മേഖലയില്‍ ഗംഗയുടെ പോഷകനദികളിലായി മലമടക്കുകളില്‍ ഒരു ഡസനിലേറെ അണക്കെട്ടുകള്‍ പടുത്തുയര്‍ത്തിയിട്ടുണ്ട്. ശാസ്ത്രീയപഠനങ്ങളുടെ പിന്‍ബലമില്ലാതെയാണ് അണക്കെട്ടുകള്‍ പണിതതെന്നും അദ്ദേഹം ആരോപിച്ചു. വരും നാളുകളില്‍ ഗൗരവപൂര്‍വം രാജ്യം ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളാണ് ഇതൊക്കെ.
“ദൈവത്തിന്റെ സ്വന്തം നാടെന്ന” ഏലസ് എടുത്തണിയുന്ന, പ്രകൃതിരമണീയമായ നമ്മുടെ കൊച്ചു കേരളത്തിലും ടൂറിസം വികസനകാര്യത്തില്‍ ഏറെ മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട്. ഹൈറേഞ്ചുകളിലും ബീച്ചുകളിലും തടാകങ്ങളിലും വന്യജീവി സങ്കേതങ്ങളിലും ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കുമ്പോള്‍ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഈ ജാഗ്രതക്കുറവിന്റെ ചലനങ്ങള്‍ മൂന്നാറിലും മറ്റും കണ്ടുതുടങ്ങിയിട്ടുണ്ട്. ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തിയശേഷം ദുരന്ത നിവാരണത്തിന് മുറവിളി കൂട്ടുന്നതില്‍ അര്‍ഥമില്ല. ഉത്തരാഖണ്ഡില്‍ ദുരന്തത്തില്‍ ജീവഹാനി സംഭവിച്ചവര്‍ക്കും രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ജീവത്യാഗം ചെയ്ത ഇരുപത് സുരക്ഷാ പ്രവര്‍ത്തകര്‍ക്കും ഞങ്ങള്‍ സ്മരണാഞ്ജലികള്‍ അര്‍പ്പിക്കുന്നു. കാണാതായവരെ കണ്ടെത്താനും ദുര്‍ഘടപ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിക്കാനും തുടരുന്ന പ്രവര്‍ത്തനങ്ങള്‍ സഫലമാകട്ടെ എന്ന് ആശംസിക്കുന്നു.

Latest