ഗവണ്‍മെന്റ് സേവനങ്ങളിലേക്കുള്ള സ്മാര്‍ട്ട് ഗേറ്റ്‌

Posted on: June 29, 2013 11:17 pm | Last updated: June 29, 2013 at 11:17 pm
SHARE

abudhabiഅബുദാബി: ഗവണ്‍മെന്റിന്റെ കീഴിലെ 95 മേഖലകളുടെ ഇലക്ട്രോണിക് സേവനങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ഇടപെടാന്‍ സഹായിക്കുന്ന പുതിയ പദ്ധതി അബുദാബി ഗവണ്‍മെന്റ് ആരംഭിച്ചു. ഹാരിസുല്‍ മദീന എന്നാണ് ഗവണ്‍മെന്റ് സേനവങ്ങളെ മെച്ചപ്പെടുത്താന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തുന്ന പദ്ധതിയുടെ നാമം. സ്വദേശികള്‍ക്കും വിദേശികള്‍ക്കും സന്ദര്‍ശകര്‍ക്കും ഒരേപോലെ അവസരം ഉപയോഗപ്പെടുത്താം.
മുഴുവന്‍ സ്മാര്‍ട്ട് ഫോണിലൂടെയും പ്രവര്‍ത്തിപ്പിക്കാവുന്ന പദ്ധതിയാണ് അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ നടപ്പാക്കിയ ഹാരിസുല്‍ മദീനയെന്ന് അബുദാബി ഇലക്ട്രോണിക്‌സ് സിസ്റ്റം ഡയറക്ടര്‍ ജനറല്‍ റാശിദ് ലാഹിജ് അല്‍ മന്‍സൂരി പറഞ്ഞു. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും സ്വദേശി-വിദേശി വ്യത്യാസമില്ലാതെ സാമ്പത്തിക ചെലവില്ലാതെ ഉപയോഗിക്കാവുന്നതാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
പൊതുസുരക്ഷക്ക് ഭീഷണിയാകുന്ന ഏതിനെയും പ്രതിരോധിക്കുക എന്നതാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം. പൊതുജനങ്ങളുമായി ബന്ധപ്പെടുന്ന നാല് പ്രധാന വകുപ്പുകളുമായാണ് പദ്ധതി കേന്ദ്രീകരിക്കുന്നത്. ആരോഗ്യം, ഗതാഗതം, നഗരസഭാ കാര്യങ്ങള്‍, പരിസ്ഥിതി എന്നിവയാണത്. ഏത് വിഷയത്തിലാണോ ഒരാള്‍ക്ക് ഗവണ്‍മെന്റിന്റെ ശ്രദ്ധ ക്ഷണിക്കേണ്ടതെങ്കില്‍ അതുമായി ബന്ധപ്പെട്ട ഫോട്ടോ, വീഡിയോ-ഓഡിയോ ക്ലിപ്പ് എന്നിവ തന്റെ സ്മാര്‍ട്ട് ഫോണില്‍ പകര്‍ത്തുക. പദ്ധതിയുടെ ഭാഗമായുള്ള ഇന്ററാക്ടീവ് മാപ്പിലൂടെ സ്മാര്‍ട്ട് ഫോണില്‍ ഒപ്പിയെടുത്ത സംഭവം കൃത്യമായി കണ്ടെത്തുകയും അതിലൂടെ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ പരാതിയായി എത്തുകയും ചെയ്യാം. ഈ സംവിധാനമാണ് ഹാരിസുല്‍ മദീന.
പരാതിക്കാരന് പരാതിയുടെ നിജസ്ഥിതിയറിയാനും അവസരമൊരുക്കുന്നതാണ്. ഹാരിസുല്‍ മദീന വഴി തന്നെയോ അല്ലെങ്കില്‍ അബുദാബി ഇലക്ട്രോണിക് ഗവണ്‍മെന്റിന്റെ ഗേറ്റിലൂടെയോ പരാതിയെ പിന്തുടരാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.