മുഖംമിനുക്കി അല്‍ ഐന്‍ മൃഗശാല

Posted on: June 29, 2013 11:09 pm | Last updated: June 29, 2013 at 11:09 pm
SHARE

al-ain-zooഅല്‍ ഐന്‍: വേനലവധിയിലെ സന്ദര്‍ശകരെ കാത്ത് രാജ്യത്തെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ അല്‍ ഐന്‍ മൃഗശാല. സന്ദര്‍ശകരെ സ്വീകരിക്കാന്‍ മൃഗശാലയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയതായി അധികൃതര്‍ അറിയിച്ചു.
വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ വൈകുന്നേരം ആറ് മുതല്‍ 10 വരെ തുറന്ന് പ്രവര്‍ത്തിക്കും. ഈ മാസം 30 മുതലാണ് ഈ സമയക്രമം പ്രാബല്യത്തില്‍ വരിക. മൃഗശാലക്ക് അടിസ്ഥാനപരമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. മൃഗശാലക്കകത്തുള്ള പ്രദര്‍ശന വസ്തുക്കള്‍ വിപുലീകരിക്കുകയും പുതിയവ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. കളി സൗകര്യങ്ങളും പ്രദര്‍ശന സ്ഥലങ്ങളും പുതുതായി ഒരുക്കിയിട്ടുണ്ട്. പുതിയ റസ്റ്റോറന്റുകളും കോഫീ ഷോപ്പുകളും സന്ദര്‍ശകര്‍ക്കായി തുറന്നുപ്രവര്‍ത്തനമാരംഭിച്ചു.
മൃഗശാലയുടെ 45-ാം പിറന്നാളിനെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളുടെ ഭാഗം കൂടിയാണ് ഈ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. മൃഗശാലകക്കകത്ത് പുതുതായി നിര്‍മിച്ച ചെസ് ഏരിയയാണ് വികസന പ്രവര്‍ത്തനങ്ങളില്‍ ഏറെ ശ്രദ്ധേയം. പടര്‍ന്നു പിടിച്ച മരങ്ങളുടെ തണലില്‍ പുല്ലുവിരിച്ച പ്രത്യേക സ്ഥലമാണിത്. 1968ലാണ് രാജ്യത്തെ ആദ്യത്തേതുകൂടിയായ മൃഗശാല അല്‍ ഐനില്‍ തുടങ്ങിയത്. കഴിഞ്ഞ നാലര പതിറ്റാണ്ടിനിടയില്‍ ധാരാളം വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ മൃഗശാലയില്‍ നടന്നിട്ടുണ്ട്. പുതിയ തരം ഏതാനും ഏഷ്യന്‍ മൃഗങ്ങളെയും കാഴ്ചക്കാര്‍ക്കായി എത്തിച്ചിട്ടുണ്ട്.