Connect with us

Kasargod

ഖുര്‍ആനിക അധ്യാപനം സൗഹാര്‍ദവും സമാധാനവും: പേരോട്

Published

|

Last Updated

ബെല്ലാ കടപ്പുറം സമ്മേളനത്തില്‍ പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി പ്രസംഗിക്കുന്നു

കാഞ്ഞങ്ങാട്: വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായ മാസമാണ് വിശുദ്ധ റമസാനെന്നും ഖുര്‍ആന്‍ ഉത്‌ഘോഷിക്കുന്നത് സമാധാനവും സൗഹാര്‍ദവുമാണെന്നും എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി പറഞ്ഞു. ബെല്ലാകടപ്പുറം യൂനിറ്റ് എസ് വൈ എസ് സംഘടിപ്പിച്ച വിശുദ്ധ റമസാന്‍ മുന്നൊരുക്ക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചതിന്റെ വാര്‍ഷികമാണ് റമസാന്‍. അതില്‍ ഏറ്റവും ശ്രേഷ്ഠമായ ലൈലത്തുല്‍ ഖദ്്‌റിന്റെ രാത്രിപോലും പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കണമെങ്കില്‍ വിശ്വാസികള്‍ക്കിടയില്‍ അനൈക്യവും പിണക്കവും സൃഷ്ടിക്കാതെ ആത്മവിശുദ്ധിയോടെ ജീവിക്കേണ്ടതുണ്ട്.നയനങ്ങള്‍ നനഞ്ഞ് അഹങ്കാരവും വിദ്വേഷവും അസൂയയുമില്ലാതെ ലോകസ്രഷ്ടാവിനോട് പ്രാര്‍ഥിക്കുന്ന ലോലഹൃദയത്തിന്റെ ഉടമകളായി മുഴുവന്‍ വിശ്വാസികളും വരേണ്ടതുണ്ട്. റമസാനിനെ സ്വീകരിക്കാന്‍ മനസിന്റെ ഉള്ളില്‍നിന്നും പാപമോചനത്തിന് വേണ്ടിയുള്ള പ്രാര്‍ഥനകള്‍ ഉണ്ടാകണം. കാരുണ്യപ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിക്കണം -അദ്ദേഹം പറഞ്ഞു.

ഇന്ത്യാ രാജ്യം എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആശയപ്രചാരണത്തിന് സ്വാതന്ത്ര്യം നല്‍കുന്ന ഭരണഘടന നിലനില്‍ക്കുന്ന രാജ്യമാണ്. ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന മാര്‍ഗങ്ങളിലൂടെ സുന്നി സംഘടനകള്‍ അതിന്റെ ആശയ പ്രചാരണവും വിദ്യാഭ്യാസരംഗത്തെ പ്രവര്‍ത്തനവും സാധുസംരക്ഷണ പരിപാടികളിലും പങ്കുചേരണമെന്നും അദ്ദേഹം ഉത്‌ഘോഷിച്ചു.

എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിച്ചു. സയ്യിദ് കുറാ തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിച്ചു. കെ കെ എസ് തങ്ങള്‍ ബേക്കല്‍, സുലൈമാന്‍ കരിവെള്ളൂര്‍, അശ്‌റഫ് കരിപ്പൊടി, ബശീര്‍ മങ്കയം, സി എച്ച് ആലിക്കുട്ടി ഹാജി, മടിക്കൈ അബ്ദുല്ല ഹാജി, സി എ ഹമീദ് മൗലവി, മദനി ഹമീദ്, അശ്‌റഫ് അശ്‌റഫി പ്രസംഗിച്ചു. അബ്ദുറശീദ് സഅദി സ്വാഗതവും മുസ്തഫ ഫൈസി നന്ദിയും പറഞ്ഞു.

Latest