വാഹനാപകടം: ഇന്ത്യക്കാര്‍ രണ്ടാം സ്ഥാനത്ത്

Posted on: June 29, 2013 9:58 pm | Last updated: June 29, 2013 at 9:58 pm
SHARE

acciiiദുബൈ: കഴിഞ്ഞ വര്‍ഷം ദുബൈയില്‍ വാഹനാപകടങ്ങള്‍ സൃഷ്ടിച്ചവരില്‍ പാക്കിസ്ഥാനികള്‍ മുന്നില്‍. തൊട്ടുപിന്നിലായി ഇന്ത്യക്കാരും മൂന്നാം സ്ഥാനത്ത് സ്വദേശികളുമാണെന്ന് ദുബൈ ട്രാഫിക്ക് ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ ജനറല്‍ മുഹമ്മദ് സൈഫ് അല്‍ സഫീന്‍ പറഞ്ഞു. റോഡപകടങ്ങള്‍ക്കെതിരെ ദുബൈ ട്രാഫിക്ക് വിഭാഗം നടത്തുന്ന ബോധവത്കരണത്തില്‍ പങ്കെടുക്കുകയോ പഠിക്കുവാന്‍ ശ്രമിക്കുകയോ ചെയ്യാത്തതിനാലാണ് അപകടങ്ങള്‍ വര്‍ധിച്ചുവരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പാക്കിസ്ഥാന്‍ സ്വദേശികളില്‍ കഴിഞ്ഞവര്‍ഷം സംഭവിച്ച 354 അപകടങ്ങളില്‍ 26 മരണങ്ങളും 588 ഗുരുതരമായ പരിക്കുകളും ഉള്‍പ്പെടും. തൊട്ടു പിന്നാലെ ഇന്ത്യക്കാര്‍ വരുത്തിവെച്ച 326 അപകടങ്ങളില്‍ 32 മരണങ്ങളും 542 പരിക്കുകളും സ്വദേശികള്‍ വരുത്തിയ 302 അപകടങ്ങളില്‍ 29 ജീവാപായങ്ങളും 474 പരിക്കുകളും സംഭവിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നതായി അല്‍സഫീന്‍ പറഞ്ഞു. തൊട്ടു പിറകെ ബംഗ്ലാദേശികള്‍, ഈജിപ്ഷ്യന്‍, സുഡാനികള്‍ , സിറിയന്‍സ്, ബ്രിട്ടീഷ്, ഒമാനികള്‍ തുടങ്ങിയവരുമുണ്ട്.
അമിതവേഗതയാണ് അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നും 2020 ആകുമ്പോഴേക്കും റോഡപകടങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കാനുള്ള തയാറെടുപ്പിലാണ് ദുബൈ ട്രാഫിക്ക് വിഭാഗമെന്നും ജനറല്‍ അല്‍ സഫീന്‍ പറഞ്ഞു.