ബെല്ലാ കടപ്പുറം സുന്നി സമ്മേളനം കലക്കാനുള്ള ഇ കെകാരുടെ ശ്രമം പോലിസ് വിഫലമാക്കി

Posted on: June 29, 2013 9:48 pm | Last updated: June 29, 2013 at 9:51 pm
SHARE
  • ഇ കെ വിഭാഗത്തിന്റെ ഭീഷണി വിലപ്പോയില്ല;
    ബെല്ലാ കടപ്പുറം സമ്മേളനം അജയ്യമായി

BALLAKADAPPURAM-(3)
ബെല്ലാ കടപ്പുറം സുന്നി സമ്മേളനത്തില്‍ കുറാ തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിക്കുന്നു. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, കെ കെ എസ് തങ്ങള്‍ ബേക്കല്‍ സമീപം

കാഞ്ഞങ്ങാട്: ഇ കെ വിഭാഗം സുന്നികളുടെ കടുത്ത ഭീഷണി അവഗണിച്ച് കാസര്‍കോട് ബെല്ലാ കടപ്പുറത്ത് അത്യുജ്ജ്വല സുന്നി സമ്മേളനം നടന്നു. സമ്മേളനം കലക്കാന്‍ ശ്രമിച്ച ഇരുന്നൂറോളം വരുന്ന ഇ കെ വിഭാഗം പ്രവര്‍ത്തകരെ പോലീസ് ലാത്തിവീശിയും ഗ്രനേഡ് പ്രയോഗിച്ചും ഓടിച്ചു. സുന്നി സമ്മേളനം നടക്കുന്നതില്‍ അരിശം പൂണ്ട് കാഞ്ഞങ്ങാട്ടും ബല്ലാകടപ്പുറത്തും എസ് കെ എസ് എസ് എഫുകാര്‍ അഴിഞ്ഞാടുകയായിരുന്നു. എസ് എസ് എഫ് പ്രവര്‍ത്തകന്റെ ബല്ലാകടപ്പുറത്തെ വീടും കാഞ്ഞങ്ങാട്ടെ ട്രാവല്‍ ഏജന്‍സി സ്ഥാപനവും കല്ലെറിഞ്ഞു തകര്‍ത്തു. ബൈക്ക് തീവെച്ച് നശിപ്പിച്ചു.

ഇന്നലെ പുലര്‍ച്ചെയാണ് കാഞ്ഞങ്ങാട്ടെ മദനി ട്രാവല്‍സ് ഉടമ ബല്ലാ കടപ്പുറത്തെ ഹമീദ് മദനിയുടെ ബൈക്ക് എസ് കെ എസ് എസ് എഫുകാര്‍ തീവെച്ച് നശിപ്പിച്ചത്. ഇന്നലെ ഉച്ചയോടെ ഹമീദിന്റെ വീടിനുനേരെ കല്ലേറുണ്ടായി. തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ മദനി ട്രാവല്‍സിനു നേരെയും എസ് കെ എസ് എസ് എഫുകാര്‍ കല്ലെറിഞ്ഞു. എസ് വൈ എസ്, എസ് എസ് എഫ് ബല്ലാ കടപ്പുറം യുനിറ്റ് സംഘടിപ്പിച്ച റമസാന്‍ മുന്നൊരുക്ക സമ്മേളനം അലങ്കോലപ്പെടുത്താന്‍ ലക്ഷ്യമിട്ട് ബല്ലാകടപ്പുറത്ത് ഇന്നലെ ഉച്ചയോടെ ലീഗ്-എസ് കെ എസ് എസ് എഫ് പ്രവര്‍ത്തകര്‍ ബാധപൂര്‍വം അക്രമം അഴിച്ചുവിടുകയായിരുന്നു.

വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് എസ് ഐ. വി വി സുധാകരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അക്രമികളായ എസ് കെ എസ് എസ് എഫുകാരെ വിരട്ടിയോടിക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ പിന്തിരിഞ്ഞില്ല. തുടര്‍ന്ന് പോലീസ് ഇവര്‍ക്കു നേരെ ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചു.

എസ് വൈ എസിന്റെ റമസാന്‍ മുന്നൊരുക്ക സമ്മേളനം ഹമീദ് മദനിയുടെ പറമ്പില്‍ നടത്താനാണ് തീരുമാനിച്ചിരുന്നത്. ഇതിനു പോലീസ് അനുമതിയും നല്‍കിയിരുന്നു. എന്നിട്ടും സമ്മേളനം നടത്താന്‍ അനുവദിക്കില്ലെന്നു പ്രഖ്യാപിച്ച് എസ് കെ എസ് എസ് എഫുകാര്‍ കുഴപ്പങ്ങളുണ്ടാക്കുകയായിരുന്നു. ക്രമസമാധാനപ്രശ്‌നം രൂക്ഷമായതിനെ തുടര്‍ന്ന് റമസാന്‍ മുന്നൊരുക്ക സമ്മേളനം പോലീസ് സംരക്ഷണത്തോടെ കുശാല്‍ നഗറിലെ ഗാര്‍ഡര്‍ വളപ്പിലാണ് നടത്തിയത്. മുമ്പ് ബല്ലാ കടപ്പുറത്ത് റമസാന്‍ മുന്നൊരുക്ക സമ്മേളനം നടത്താന്‍ തീരുമാനിച്ചിരുന്നവെങ്കിലും എസ് കെ എസ് എസ് എഫുകാര്‍ പ്രശ്‌നങ്ങളുണ്ടാക്കിയതിനെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.

അക്രമവുമായി ബന്ധപ്പെട്ട് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കാസര്‍കോട്ടുനിന്നും കൂടുതല്‍ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.