വിവാഹപ്രായത്തിന്റെ കാര്യത്തില്‍ ഇളവ് സ്വാഗതാര്‍ഹം: കാന്തപുരം

Posted on: June 29, 2013 9:40 am | Last updated: June 29, 2013 at 9:41 am
SHARE

KANTHAPURAM-NEWകോഴിക്കോട്: പതിനാറാം വയസ്സില്‍ വിവാഹം കഴിഞ്ഞവരുടെ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് സര്‍ക്കാര്‍ നല്‍കിയ ഇളവ് സ്വാഗതാര്‍ഹമാണെന്ന് സമസ്ത ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. ഭര്‍ത്താക്കന്മാര്‍ വിദേശത്തായ സാഹചര്യത്തില്‍ ഇത്തരം വിവാഹം നിയമപരമായി അംഗീകരിക്കപ്പെട്ടാല്‍ മാത്രമേ ഭാര്യമാര്‍ക്ക് വിദേശത്ത് പോകാനും മറ്റും അനുമതി ലഭിക്കുകയുള്ളൂ. ഇങ്ങനെ വിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് വിസ ലഭിക്കാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണെന്നിരിക്കെ നിലവിലെ നിയമത്തില്‍ ഇളവ് വരുത്തുന്നതിനോട് വിയോജിക്കേണ്ടതില്ല. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വിവാഹ പ്രായത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ 16 വയസ്സ് മതിയെന്ന നിയമം കൊണ്ടുവരികയാണെങ്കില്‍ അത് നല്ലതാണെന്ന അഭിപ്രായമാണുള്ളത്. രാജ്യത്ത് ആണും പെണ്ണൂം തമ്മില്‍ സദാചാര വിരുദ്ധ വേഴ്ചകള്‍ വ്യാപകമാവുമ്പോള്‍ വിവാഹപ്രായത്തിന്റെ കാര്യത്തില്‍ പുനര്‍വിചിന്തനം ആവശ്യമാണ്. ഇത് എല്ലാ വിഭാഗക്കാര്‍ക്കും ബാധകമാണെന്നും കാന്തപുരം പറഞ്ഞു. ആണായാലും പെണ്ണായാലും വിവാഹത്തിന്റെ കാര്യത്തില്‍ വയസ്സല്ല, മാനദണ്ഡമാക്കേണ്ടത് പക്വതയാണെന്നും മാനഭംഗത്തിനിരയായ പതിനാറുകാരിയുടെ കാര്യത്തില്‍ സുപ്രീം കോടതി പോലും ഇത് അംഗീകരിച്ചിട്ടുണ്ടെന്നും കാന്തപുരം പറഞ്ഞു.