Connect with us

Kerala

പുരസ്‌കാരം ഏറ്റുവാങ്ങി ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത് മടങ്ങിയെത്തി

Published

|

Last Updated

മുഖ്യമന്ത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയപ്പോള്‍

കൊച്ചി/തിരുവനന്തപുരം: ഐക്യരാഷ്ട്രസഭയുടെ പുരസ്‌കാരം ഏറ്റുവാങ്ങി തിരിച്ചെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നെടുമ്പാശ്ശേരിയിലും തിരുവനന്തപുരത്തും ഉജ്ജ്വല സ്വീകരണം. പുലര്‍ച്ചെ മൂന്ന് മണിക്ക് എത്തിയ മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ മന്ത്രിമാരടക്കമുള്ള നിരവധി നേതാക്കളും നൂറുക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയിരുന്നു. ബഹ്‌റൈനില്‍ നിന്നുള്ള ഗള്‍ഫ് എയര്‍ വിമാനത്തിലാണ് മുഖ്യമന്ത്രി എത്തിയത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പ്രവര്‍ത്തകര്‍ പൂമാലയണിയിച്ചും മുദ്രാവാക്യങ്ങള്‍ മുഴക്കിയും മുഖ്യമന്ത്രിയെ സ്വീകരിച്ചു. മന്ത്രിമാരായ കെ ബാബു, കെ സി ജോസഫ്, മേയര്‍ ടോണി ചമ്മിണി, പി ടി തോമസ്, ബെന്നി ബഹനാന്‍, വിവിധ നഗരസഭാ അധ്യക്ഷന്മാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണച്ചടങ്ങുകള്‍. തുടര്‍ന്ന് ആലുവ ഗസ്റ്റ് ഹൗസിലേക്ക് പോയ മുഖ്യമന്ത്രിയെ മന്ത്രി കെ സി ജോസഫും കോണ്‍ഗ്രസ് നേതാക്കളും സന്ദര്‍ശിച്ചു.

തുടര്‍ന്ന് വിമാനമാര്‍ഗം തിരുവനന്തപുരത്തെത്തിയ മുഖ്യമന്ത്രിക്ക് അവിടെയും ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. നൂറുക്കണക്കിന് പ്രവര്‍ത്തകരുടെ ആവേശപ്രകടനത്തിനിടെ മുഖ്യമന്ത്രിയെ വിമാനത്താവളത്തിന് പുറത്തെത്തിക്കാന്‍ പോലിസിന് നന്നേ പാടുപെടേണ്ടിവന്നു. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ പലേടത്തും ഇടത്, ബി ജെ പി യുവജന സംഘടനകളുടെ പ്രതിഷേധവുമുണ്ടായി.

 

Latest