പ്രതിയുടെ കൂട്ടാളിക്കായി ഊര്‍ജ്ജിത അന്വേഷണം

Posted on: June 29, 2013 12:02 am | Last updated: June 29, 2013 at 12:02 am
SHARE

തിരൂരങ്ങാടി: ക്രൈംബ്രാഞ്ച് എസ് ഐ ചമഞ്ഞ് തട്ടിപ്പ് നടത്തി പോലീസ് പിടിയിലായ പ്രതിയുടെ കൂട്ടാളിക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ക്രൈംബ്രാഞ്ച് എസ് ഐ ആണെന്ന് പറഞ്ഞ് സ്വര്‍ണവും പണവും തട്ടിപ്പ് നടത്തി തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്ത പാലക്കാട് വല്ലപ്പുഴ പൂളവളപ്പില്‍ മുസ്തഫ(30) ക്ക് തട്ടിപ്പിന് സഹായം ചെയ്തുവെന്ന് കണ്ടെത്തിയ കോഴിക്കോട് മാവൂരില്‍ താമസിക്കുന്ന അശ്‌റഫിന് വേണ്ടിയാണ് പോലീസ് ഊര്‍ജ്ജിതമായി അന്വേഷണം നടത്തുന്നത്. മുസ്തഫ പിടിയിലായി എന്ന് അറിഞ്ഞതോടെ ഇയാള്‍ മുങ്ങുകയായിരുന്നു. വിവാഹ തട്ടിപ്പുകള്‍ നടത്തിയിട്ടുള്ള മുസ്തഫക്ക് ഇതിന് സഹായം ചെയ്തുകൊടുക്കുകയും ഇടനിലക്കാരനായി പ്രവര്‍ത്തിക്കുകയും ചെയ്തത് അശ്‌റഫ് ആണ്.
മുസ്തഫക്ക് ക്രൈബ്രാഞ്ച് എസ്‌ഐയുടെ വ്യാജ ഐഡന്റിറ്റി കാര്‍ഡ് തരപ്പെടുത്തി കൊടുത്തതും അശ്‌റഫ് ആണത്രെ. സിനിമ, സീരിയലുകളില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പല യുവതികളില്‍ നിന്നും മുസ്തഫ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഇതിലും അശ്‌റഫിന് പങ്കുണ്ട്. കൊല്ലം, പത്തനംതിട്ട ഭാഗങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. മുസ്തഫക്കെതിരെ നാല് കേസുകളുണ്ട്.
കരുവാരക്കുണ്ട്, തിരൂര്‍, പാണ്ടിക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലാണ് വേറെ കേസുകളുള്ളത്. ഇവ അതാത് പോലീസുകള്‍ക്ക് കൈമാറും. എട്ടാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള മുസ്തഫ ഹോട്ടല്‍ ജോലിക്കാരനായിരുന്നു. ഇടക്ക് ഗള്‍ഫില്‍ പോയിട്ടുണ്ട്. മതാപിതാക്കള്‍ ജീവിച്ചിരിപ്പില്ല. അഞ്ചുവര്‍ഷത്തോളമായി നാടുമായി ബന്ധമില്ലത്രെ. സഹോദരിയും മാതൃസഹോദരിയുമാണ് ജാമ്യത്തിനായി കോടതിയില്‍ എത്തിയിരുന്നത്.