സയാമീസ് ഇരട്ടകള്‍ക്ക് ബുധനാഴ്ച ശസ്ത്രക്രിയ

Posted on: June 29, 2013 6:00 am | Last updated: June 28, 2013 at 11:45 pm
SHARE

കോഴിക്കോട്:മെഡിക്കല്‍കോളജ് മാതൃ- ശിശു സംരക്ഷണ കേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയുന്ന സയാമീസ് ഇരട്ടകള്‍ക്ക് ബുധനാഴ്ച വേര്‍പെടുത്തല്‍ ശസ്ത്രക്രിയ നടത്തും. കുട്ടികളെ വേര്‍പ്പെടുത്താന്‍ പ്രയാസമാണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയെങ്കിലും ബന്ധുക്കളുടെ ആവശ്യം പരിഗണിച്ചാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പരീക്ഷണത്തിന് തയാറാകുന്നത്. ഈ മാസം 21നാണ് മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ വള്ളുവങ്ങാട് വടക്കാങ്ങര സുകുമാരന്റെ ഭാര്യ സുചിത്രക്ക് കന്നി പ്രസവത്തില്‍ സയാമീസ് ഇരട്ടകള്‍ പിറന്നത്. പ്രസവ ശേഷം മെഡിക്കല്‍ കോളജ് മാതൃ ശിശു സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയ കുട്ടികള്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്്. ഇരു കുട്ടികളുടെയും അള്‍ട്രാസൗണ്ട് , എം ആര്‍ ഐ സ്‌കാനിംഗുകള്‍ നടത്തിയ ശേഷം ഒരു കുട്ടിക്ക് കുടല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. ഹൃദയ ഭാഗങ്ങളും നട്ടെല്ലും ഇരുകൂട്ടികളുടേതും പരസ്പരം കൂടിച്ചേര്‍ന്ന അവസ്ഥയിലായതിനാല്‍ കുട്ടികളെ വേര്‍പ്പെടുത്തല്‍ വളരെ പ്രയാസമാണെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. അതെ സമയം, കുട്ടികളില്‍ ഒരാള്‍ക്ക് ഇന്നലെ മുതല്‍ മുലപ്പാല്‍ കൊടുക്കാന്‍ തുടങ്ങി. വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയ ബുധനാഴ്ചത്തേക്ക് ഉറപ്പിച്ചിട്ടുണ്ടെങ്കിലും എല്ലാ വിഭാഗം ഡോക്ടര്‍മാരും പങ്കെടുക്കേണ്ടതിനാല്‍ ദിവസം മാറാനിടയുണ്ട്.