മാധ്യമങ്ങളെപ്പറ്റിയുള്ള വിമര്‍ശം കണ്ടില്ലെന്ന് നടിക്കാനാകില്ല: തിരുവഞ്ചൂര്‍

Posted on: June 29, 2013 6:00 am | Last updated: June 28, 2013 at 11:40 pm
SHARE

thiruvanjoor1കോട്ടയം: മാധ്യമങ്ങളെക്കുറിച്ച് പ്രത്യേകിച്ചും ദൃശ്യമാധ്യമങ്ങളെക്കുറിച്ച് സമൂഹത്തിന്റെ വിമര്‍ശങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കേരള പ്രസ് അക്കാദമി, പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച മാധ്യമ പഠനക്യാമ്പില്‍ സമാപന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

പത്രങ്ങളില്‍ തെറ്റ് സംഭവിച്ചാല്‍, അടുത്ത ദിവസം തിരുത്താനാകും. വിഷ്വല്‍ മീഡിയായില്‍ തെറ്റ് സംഭവിച്ചാല്‍ അതു തിരുത്തപ്പെടുന്ന പതിവില്ല. മാധ്യമപ്രവര്‍ത്തകരുടെ കൈയിലുള്ളത് മൂര്‍ച്ചയുളള വാളാണ്. ആ വാള്‍ കൊണ്ട് വെട്ടുമ്പോള്‍ മുറിവുണ്ടാക്കാന്‍ കഴിയും. മുറിഞ്ഞുപോയാല്‍ തിരിച്ചുചേര്‍ക്കാന്‍ കഴിയില്ല. അതുകൊണ്ട് മാധ്യമപ്രവര്‍ത്തകര്‍ ആയുധം സൂക്ഷിച്ച് ഉപയോഗിക്കണം. വാര്‍ത്ത ചെയ്യുമ്പോള്‍ ഉത്തരവാദിത്വബോധം പ്രകടിപ്പിക്കണം.
പത്രങ്ങളില്‍ വരുന്നതിലേറെയും സത്യമാണെന്ന് സമൂഹത്തിലെ വലിയ ഒരു വിഭാഗം കരുതുന്നു. അതുകൊണ്ട് സത്യസന്ധമായ വാര്‍ത്ത നല്‍കാനും വിശ്വാസ്യത കാത്തുസൂക്ഷിക്കാനും മാധ്യമപ്രവര്‍ത്തകര്‍ തയാറാകണം. വിശ്വാസ്യതയാണ് ഓരോ പത്രത്തിനും ഓരോ ചാനലിനും ലഭിക്കുന്ന അംഗീകാരം. ഇത് നേടിയെടുക്കുന്നതാകണം മാധ്യമപ്രവര്‍ത്തനമെന്നും മന്ത്രി പറഞ്ഞു.
രണ്ട് ദിവസത്തെ ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് ആഭ്യന്തരമന്ത്രി സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. പ്രസ് അക്കാദമി സെക്രട്ടറി വി ആര്‍ അജിത്കുമാര്‍ അധ്യക്ഷത വഹിച്ചു.