Connect with us

Kozhikode

ടി പി വധക്കേസ്; ഇന്നോവ കാറില്‍ രക്തക്കറ കണ്ടതായി ഡി വൈ എസ് പി

Published

|

Last Updated

കോഴിക്കോട്:ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ പരിശോധിച്ചപ്പോള്‍ പലഭാഗത്തും രക്തക്കറ കാണാന്‍ സാധിച്ചതായി അന്വേഷണോദ്യോഗസ്ഥന്‍ വടകര ഡി വൈ എസ് പി ജോസി ചെറിയാന്‍ മാറാട് പ്രത്യേക അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ മൊഴി നല്‍കി. കേസിലെ 165ാം സാക്ഷിയായാണ് പ്രോസിക്യൂഷന്‍ ജോസി ചെറിയാനെ വിസ്തരിച്ചത്. ഇന്നോവ കാറിന്റെ ഡാഷ് ബോര്‍ഡിലും മുന്‍വശത്തെ ഇടതുസീറ്റ് കവറിന് പിന്‍ഭാഗത്തും മൂന്ന്‌പേര്‍ക്ക് ഇരിക്കാവുന്ന സീറ്റിന്റെ പിന്‍ഭാഗത്തും മുന്‍ഭാഗത്തെ ബംബറിന്റെ വലതുവശത്തും രക്തക്കറ കണ്ടതായി സാക്ഷി മൊഴി നല്‍കി.

2012 മെയ് അഞ്ചിന് 11.30ന് പാനൂര്‍ സി ഐ ജയന്‍ ഡൊമനിക് അറിയിച്ചത് പ്രകാരം പ്രതികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ പുനത്തില്‍ മുക്ക് എന്ന സ്ഥലത്ത് കണ്ടെത്തിയതായി അറിഞ്ഞു. വാഹനത്തിന്റ ആര്‍ സി ഉടമയെ കണ്ടെത്താന്‍ നിര്‍ദേശം നല്‍കി. ഇന്നോവ തിരിച്ചറിയുന്നതിനായി കേസിലെ ദൃക്‌സാക്ഷികളായ കെ കെ പ്രസീത്, രാമചന്ദ്രന്‍ എന്നിവരെ പുനത്തില്‍ മുക്കില്‍ എത്തിക്കാന്‍ നടപടിയെടുത്തു. സയന്റിഫിക് അസിസ്റ്റന്റ്, വിരലടയാള വിദഗ്ധന്‍, ഡോഗ് സ്‌ക്വാഡ്്്, ഫോട്ടോഗ്രാഫര്‍ എന്നിവരുടെ സേവനം ലഭ്യമാക്കിയിരുന്നു.
വള്ളിക്കാട് അക്രമികളുടെ വെട്ടേറ്റ ചന്ദ്രശേഖരന്‍ 2012 മെയ് നാലിന് രാത്രി 10.51 നാണ് വടകര ഗവ ആശുപത്രിയില്‍ മരിച്ചതെന്ന് ജോസി ചെറിയാന്‍ മൊഴി നല്‍കി. ചന്ദ്രശേഖരന്‍ മരിച്ച സമയം സംബന്ധിച്ച് വടകര ആശുപത്രിയിലെ ഡോക്ടര്‍ സി കെ ആനന്ദനില്‍ നിന്ന് മൊഴിയെടുത്തതായി ഡി വൈ എസ് പി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. സി കെ ശ്രീധരന്‍ വിസ്തരിച്ചപ്പോള്‍ പറഞ്ഞു. ചന്ദ്രശേഖരനെ വടകര ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ എടുത്തുമാറ്റിയ 500 രൂപയുടെ 12 നോട്ടുകളും 100 രൂപയുടെ അഞ്ച് നോട്ടുകളും പത്ത് രൂപയുടെ നാല് നോട്ടുകളും രണ്ട് രൂപയുടെ രണ്ട് നാണയങ്ങളും ട്രെയിന്‍ ടിക്കറ്റുകളും ഗുളികയുടെ പാക്കറ്റും മറ്റും വടകര എസ് ഐക്ക് ബന്തവസ്സില്‍ വെക്കുന്നതിനായി ഹാജരാക്കികൊടുത്തു. ചന്ദ്രശേഖരന്‍ വധിക്കപ്പെട്ട ദിവസം രാത്രി റൂറല്‍ എസ് പി ടി കെ രാജ്‌മോഹന്റെ നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്കരിച്ചതായും ഡി വൈ എസ് പി ജോസി ചെറിയാന്‍ മൊഴി നല്‍കി.