Connect with us

Kozhikode

ഐ ഐ എം പരീക്ഷാ നടത്തിപ്പില്‍ വന്‍ ക്രമക്കേട്

Published

|

Last Updated

കോഴിക്കോട്:രാജ്യത്തെ പ്രമുഖ മാനേജ്‌മെന്റ് പഠനകേന്ദ്രങ്ങളില്‍ ഒന്നായ കോഴിക്കോട് ഐ ഐ എമ്മില്‍ ക്യാറ്റ് (കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ്) പരീക്ഷാ നടത്തിപ്പില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി. ഐ ഐ എം അടക്കം രാജ്യത്തെ ഇരുന്നൂറിലേറെ മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍ വിദ്യാര്‍ഥി പ്രവേശനം നടത്തുന്ന ദേശീയതല പരീക്ഷയുടെ റാങ്ക് പട്ടികയില്‍ കൃത്രിമം നടത്തി 80 വിദ്യാര്‍ഥികളെ തിരുകിക്കയറ്റിയെന്ന് അന്വേഷണത്തില്‍ വ്യക്തമായി. റാങ്ക് പട്ടികയില്‍ ക്രമക്കേട് നടന്നെന്ന് കാണിച്ച് കോഴിക്കോട് ഐ ഐ എം ഡയറക്ടര്‍ പ്രൊഫ. ദേബാശിഷ് ചാറ്റര്‍ജി കുന്ദമംഗലം പോലീസില്‍ പരാതി നല്‍കി. സിറ്റി പോലീസ് കമ്മീഷണര്‍ ജി സ്പര്‍ജന്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിക്കും.

2012 ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളില്‍ ഐ ഐ എം ദേശീയതലത്തില്‍ പൊതുപ്രവേശനത്തിനായി നടത്തിയ ക്യാറ്റ് പരീക്ഷയിലാണ് കൃത്രിമം നടന്നതായി വ്യക്തമായിരിക്കുന്നത്. യോഗ്യത ഇല്ലാത്ത പലരും പ്രവേശനം നേടിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ഐ ഐ എം അധികൃതര്‍ക്കും പോലീസിലും പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കുന്ദമംഗലം പോലീസും സൈബര്‍ സെല്ലും നടത്തിയ അന്വേഷണത്തിലാണ് കൃത്രിമം നടന്നെന്ന് തെളിഞ്ഞത്. ഫലം പ്രസിദ്ധീകരിച്ചതോടെ യോഗ്യത ഇല്ലാത്ത എണ്‍പത് വിദ്യാര്‍ഥികളെ കൃത്രിമം നടത്തി റാങ്ക് പട്ടികയില്‍ തിരുകിക്കയറ്റിയതായി വ്യക്തമാകുകയായിരുന്നു.
കോഴിക്കോട് ഐ ഐ എമ്മിന്റെ മേല്‍നോട്ടത്തില്‍ അമേരിക്കന്‍ ഏജന്‍സിയാണ് പരീക്ഷാ നടത്തിപ്പിന്റെ ചുമതല വഹിച്ചതെങ്കിലും പിന്നീട് ലക്‌നോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വെബ് വ്യൂവേഴ്‌സ് എന്ന സ്ഥാപനത്തെ ഏല്‍പ്പിക്കുകയായിരുന്നു. പ്രവേശനപ്പട്ടിക തയ്യാറാക്കി ഫലം പ്രസിദ്ധീകരിക്കാന്‍ നിയോഗിക്കപ്പെട്ട ഉത്തരേന്ത്യന്‍ വെബ് മാനേജ്‌മെന്റ് കമ്പനിയില്‍ വെച്ചാണ് കൃത്രിമം നടന്നതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. സൈബര്‍സെല്ലിന്റെ സഹായത്തോടെ ഐ ഐ എമ്മിലെ കമ്പ്യൂട്ടറുകള്‍ പരിശോധിച്ച പോലീസ് സര്‍വറിന്റെ ഹാര്‍ഡ് ഡിസ്‌ക് പരിശോധനക്കെടുത്തിട്ടുണ്ട്.