Connect with us

National

ഉത്തരാഖണ്ഡില്‍ 3000 പേരെ കണ്ടെത്താനായില്ല

Published

|

Last Updated

***കടുത്ത ഭക്ഷ്യക്ഷാമമെന്ന് റിപ്പോര്‍ട്ട്

***പകര്‍ച്ചവ്യാധിയില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

Utharkhand-620x330ഡെറാഡൂണ്‍:ഉത്തരാഖണ്ഡില്‍ പ്രളയക്കെടുതിയില്‍പ്പെട്ട മൂവായിരത്തോളം പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് റിപ്പോര്‍ട്ട്. ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 1,237 പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് കണക്കാക്കിയിരിക്കുന്നത്. ബദരിനാഥില്‍ മാത്രം ആയിരത്തോളം പേരുണ്ട്. 2395 ഗ്രാമങ്ങള്‍ പ്രളയക്കെടുതിയില്‍പ്പെട്ടു. 739 ഗ്രാമങ്ങളുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി(എന്‍ ഡി എം എ) വൈസ് ചെയര്‍മാന്‍ എം ശശിധര്‍ റെഡ്ഢി അറിയിച്ചു.

11 ദിവസത്തെ രക്ഷാപ്രവര്‍ത്തനത്തില്‍ 1,04,687 പേരെ രക്ഷപ്പെടുത്താനായിട്ടുണ്ട്. സൈന്യവും അര്‍ധ സൈനിക വിഭാഗങ്ങളും തിരച്ചില്‍ തുടരുകയാണ്. കാലാവസ്ഥ അനുകൂലമായതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നീങ്ങുന്നു. ഇന്നലെ 17 ഹെലിക്കോപ്റ്ററുകളാണ് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടത്. അതിനിടെ, രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട ഒരു ഹെലിക്കോപ്റ്റര്‍ കൂടി ഇന്നലെ തകര്‍ന്നു. ഹര്‍സിലിലാണ് പവന്‍ ഹംസ് കോപ്റ്റര്‍ തകര്‍ന്നു വീണത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
കരസേനാ മേധാവി ജനറല്‍ ബിക്രം സിംഗ് ഇന്നലെ ഗൗച്ചറിലെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഗൗരികുണ്ഡില്‍ കഴിഞ്ഞ ചൊവ്വാഴ്ച രക്ഷാപ്രവര്‍ത്തനത്തിനിടെ കോപ്റ്റര്‍ തകര്‍ന്ന് മരിച്ച 20 സൈനികര്‍ക്ക് അദ്ദേഹം അന്ത്യാഞ്ജലി അര്‍പ്പിച്ചു.
അതിനിടെ, ഗ്രാമങ്ങളിലുള്ളവര്‍ക്ക് ഭക്ഷണത്തിനും താമസത്തിനും ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. മൂന്നോ നാലോ ദിവസത്തിനുള്ള ഭക്ഷ്യവസ്തുക്കള്‍ മാത്രമേ ഇവിടെ അവശേഷിക്കുന്നുള്ളൂ. പ്രളയത്തില്‍ റോഡുകളും പാലങ്ങളും തകര്‍ന്നതിനാല്‍ ഇവര്‍ക്ക് അകലെ പോയി ഭക്ഷ്യവസ്തുക്കള്‍ വാങ്ങാന്‍ സാധിക്കുന്നില്ല, തകര്‍ന്ന വീടുകള്‍ നന്നാക്കിയെടുക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്. കുടിവെള്ളത്തിനും വൈദ്യുതിക്കും കടുത്ത ക്ഷാമമാണ് നേരിടുന്നത്. ഗ്രാമവാസികള്‍ക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ വ്യോമസേനക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രളയത്തില്‍ 1500 റോഡുകള്‍ ഒലിച്ചുപോയെന്നാണ് ഔദ്യോഗിക കണക്ക്. രണ്ടായിരത്തോളം വീടുകളും 154 പാലങ്ങളും തകര്‍ന്നു. തകര്‍ന്ന റോഡുകളും പാലങ്ങളും പുനര്‍നിര്‍മിക്കാന്‍ രണ്ടായിരം കോടി ചെലവ് വരുമെന്നും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്ന് വര്‍ഷം വേണ്ടിവരുമെന്നുമാണ് സംസ്ഥാന സര്‍ക്കാറിന്റെ വിലയിരുത്തല്‍. അതേസമയം, സംസ്ഥാനത്തിന്റെ ഒരു ഭാഗത്തും പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഹരിദ്വാര്‍, ഉത്തരകാശി, രുദ്രപ്രയാഗ് എന്നിവിടങ്ങളില്‍ ചിലര്‍ക്ക് അതിസാരം ബാധിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

Latest