മൂന്ന് പേരുടെ ഡി എന്‍ എ ഉപയോഗിച്ചുള്ള പരീക്ഷണത്തിന് ബ്രിട്ടനില്‍ അനുമതി

Posted on: June 29, 2013 5:13 am | Last updated: June 28, 2013 at 11:14 pm
SHARE

ലണ്ടന്‍: മൂന്ന് പേരുടെ ഡി എന്‍ എ ഉപയോഗിച്ച് കുഞ്ഞിന് ജന്മം നല്‍കാനുള്ള സാങ്കേതിക വിദ്യ പരീക്ഷിക്കാന്‍ ബ്രിട്ടന്‍ അനുമതി നല്‍കി. വിവാദമാകുന്ന തീരുമാനം പുറത്തുവിട്ടത് ബ്രിട്ടനിലെ മുതിര്‍ന്ന മെഡിക്കല്‍ ഓഫീസര്‍മാരാണ്. അപൂര്‍വ ജനിതക രോഗങ്ങളെ ചെറുക്കാനാണ് പുതിയ സാങ്കേതിക വിദ്യ പരീക്ഷിക്കുന്നതെന്നാണ് സര്‍ക്കാറിന്റെ വാദം.
പേശികള്‍ക്ക് ബാധിക്കുന്ന ഡിസ്‌ട്രോപി, അപസ്മാരം, വിവിധ ഹൃദ്രോഗങ്ങള്‍, മാനസിക രോഗങ്ങള്‍ എന്നിവക്ക് പുതിയ സാങ്കേതിക വിദ്യ പരിഹാരമാകുമെന്ന് വിദഗ്ധര്‍ അവകാശപ്പെടുന്നു. സ്ത്രീകളിലെ കോശങ്ങളിലെ ഊര്‍ജ കേന്ദ്രമായ മൈറ്റോകോണ്‍ട്രിയയാണ് കുട്ടികളിലെ മാനസിക വികാസത്തിനും ഹൃദയ രൂപഘടനക്കും സഹായിക്കുന്നത്. മൈറ്റോകോണ്‍ട്രിയ തകരാറുള്ള കുട്ടികളിലാണ് നേരത്തെ സൂചിപ്പിച്ച രോഗങ്ങളുണ്ടാകുന്നതെന്നാണ് പഠനം. ബ്രിട്ടനില്‍ ഇരുനൂറില്‍ ഒരു കുട്ടി ഈ ജനിതക വൈകല്യത്തോടെയാണ് പിറക്കുന്നത്. ഇത്തരം ജനിതക വൈകല്യമുള്ള സ്ത്രീ ഇതേ വൈകല്യമുള്ള അണ്ഡമാണ് ഉത്പാദിപ്പിക്കുക. ഇക്കാരണത്താല്‍ കുഞ്ഞിന്റെ രൂപഘടനയില്‍ ജനിതക മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെങ്കില്‍ ഇത്തരം അസുഖങ്ങള്‍ പാരമ്പര്യമായി കൈമാറാന്‍ കാരണമാകും.
എന്നാല്‍, പുതിയ സാങ്കേതിക വിദ്യ അധാര്‍മികമാണെന്ന് ആക്ഷേപമുയരുന്നുണ്ട്. 2008ല്‍ സമാനമായ സാങ്കേതിക വിദ്യ നടപ്പാക്കാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍പ്പ് ഉയര്‍ന്നിരുന്നു.