മഴക്കെടുതി: മുഖ്യമന്ത്രിക്ക് വിശദമായ റിപ്പോര്‍ട്ട് നല്‍കും-മന്ത്രി പി കെ ജയലക്ഷ്മി

Posted on: June 29, 2013 6:05 am | Last updated: June 28, 2013 at 10:56 pm
SHARE

pk jayalakshmiമാനന്തവാടി: ഇന്നലെ ജില്ലയില്‍ മഴ വളരെ കുറവായിരുന്നു. പല സ്ഥസ്ഥലങ്ങളിലും മഴ തീരെ പെയ്തില്ല. മഴക്കെടുതികള്‍മൂലം ദുരിതത്തിലായവരെ പാര്‍പ്പിച്ചിട്ടുള്ള ജില്ലയിലെ ക്യാമ്പുകള്‍ പട്ടികവര്‍ഗ-യുവജനക്ഷേമ വകുപ്പ് മന്ത്രി പി കെ ജയലക്ഷ്മി സന്ദര്‍ശിച്ചു. ക്യാമ്പുകളില്‍ ഒരുക്കിയിട്ടുള്ള അടിസ്ഥാന സൗകര്യങ്ങളും മറ്റും മന്ത്രി വിലയിരുത്തി. ജില്ലയിലെ നാശനഷ്ടങ്ങള്‍ സംബന്ധിച്ചും മഴക്കെടുതിമൂലമുണ്ടായിട്ടുള്ള സാഹചര്യം സംബന്ധിച്ചും വിശദമായ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് നല്‍കുമെന്ന് മന്ത്രി അറിയിച്ചു. ജില്ലയില്‍ പ്രകൃതിക്ഷോഭ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ക്ക് ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. മഴ കനത്ത സാഹചര്യത്തില്‍ ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന കോണ്‍ട്രാക്ട് ക്യാരേജുകള്‍ അത്യാവശ്യം രക്ഷാഉപകരണങ്ങള്‍ കരുതണമെന്ന് ജില്ലാ കലക്ടര്‍ കെ ജി രാജു നിര്‍ദേശം നല്‍കി. ചെറിയ അലൂമിനിയം ഗോവണി, രക്ഷാ പ്രവര്‍ത്തനത്തിന് ഉതകുന്ന കയര്‍, ലൈഫ് ജാക്കറ്റ്, ലൈഫ്‌സ്‌ബോയ്, മരകമ്പുകളും മറ്റും മുറിക്കാന്‍ ഉതകുന്ന ചെറിയ വാള്‍, ടോര്‍ച്ച് തുടങ്ങിയ ഉപകരണങ്ങളാണ് കരുതേണ്ടത്. അടിയന്തിര സന്ദര്‍ഭങ്ങളില്‍ ഇത്തരം ഉപകരണങ്ങള്‍ ശാസ്ത്രീയമായി ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച് ഫയര്‍ഫോഴ്‌സ് അധികൃതരുടെ സഹായത്തോടെ കോണ്‍ട്രാക്ട് ക്യാരേജ് ഡ്രൈവര്‍മാര്‍ക്ക് പ്രതേ്യക പരിശീലനം നല്‍കുമെന്നും കലക്ടര്‍ അറിയിച്ചു.ജില്ലയിലെ ഉപയോഗശൂന്യമായതോ പൂര്‍ത്തിയാക്കാത്തതോ ആയ തുറന്നിട്ട കുഴല്‍ കിണറുകള്‍ അഞ്ച് ദിവസത്തിനകം മൂടി സൂരക്ഷിതമാക്കണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അല്ലാത്തപക്ഷം കുറ്റക്കാര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കും. മഴ കനത്തുപെയ്യുന്ന സാഹചര്യത്തില്‍ പുഴയിലും തോട്ടിലും മറ്റും കുളിക്കാനിറങ്ങുന്നത് ഒഴിവാക്കണമെന്നും നീര്‍കെട്ടുകളിലും കുളങ്ങളിലും തടാകങ്ങളിലും മീന്‍പിടുത്തത്തില്‍ ഏര്‍പ്പെടുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.
കുട്ടികളുടെ കാര്യത്തില്‍ രക്ഷാകര്‍ത്താക്കള്‍ പ്രതേ്യക ശ്രദ്ധചെലുത്തണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.