ചാനലുകളും സദാചാരവും

Posted on: June 29, 2013 6:00 am | Last updated: June 28, 2013 at 10:26 pm
SHARE

മലയാളിയുടെ സദാചാരബോധത്തിനു നേര്‍ക്ക് തുണിയുരിഞ്ഞു നില്‍ക്കുന്ന ഈ ചാനലുകളെ ഇങ്ങനെ വിടാമോ? പാടില്ലെന്നാണെങ്കില്‍ വാര്‍ത്തേതര പരിപാടികള്‍ക്ക് ഒരു നിയന്ത്രണ രേഖയെങ്കിലും വേണ്ടിവരും. സിനിമയുടെ സെന്‍സര്‍ ബോര്‍ഡുകാരുടെ ജോലി പോലെ എളുപ്പമാവില്ല ചാനല്‍ പരിപാടികളില്‍ അശ്ലീലത്തിന്റെ അതിര്‍വരമ്പ് നിര്‍ണയിക്കുകയെന്ന ജോലി. പരിപാടികള്‍ക്ക് പൊതുവായ ചില മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ മാത്രമേ അവര്‍ക്കു കഴിയൂ. ഇങ്ങനെ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന തോന്നലുണ്ടാക്കിക്കൊണ്ടുതന്നെ അവ ലംഘിക്കാനുള്ള സൗകര്യം ചാനല്‍ പരിപാടികള്‍ക്കുണ്ട്”

MALAYALAM CHANNELSപ്പോഴോ മറവിയില്‍ മറഞ്ഞുപോയിരുന്ന ആ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ഇപ്പോള്‍ ടി വി ഓണ്‍ ചെയ്യുമ്പോഴേക്കും ഓര്‍മകള്‍ക്കു മുന്നില്‍ വന്നു നില്‍ക്കുകയാണ്. വര്‍ത്തമാനം പറഞ്ഞുതുടങ്ങിയാല്‍ പുള്ളിക്കാരന് രണ്ടു കൈകള്‍ പോരാ. ഭാഷയെ നിഷ്പ്രഭമാക്കുന്ന അംഗവിക്ഷേപങ്ങള്‍ കൊണ്ട് വലിയൊരു ആശയപ്രപഞ്ചം തന്നെ അദ്ദേഹം വരച്ചിടും. സവിശേഷമായ ആ ശരീരഭാഷ കണ്ടാകണം അദ്ദേഹത്തിന്റെ പരിചയക്കാരനായൊരു രസികന്റെ മനസ്സില്‍ ഇങ്ങനെയൊരു സങ്കല്‍പ്പ സൃഷ്ടി മുളപൊട്ടിയത്: ഒരു ചാരായ കേസില്‍ കഥാനായകന്‍ വിചാരണക്കു വിധേയനാകുകയാണ്. എക്‌സൈസ് ഓഫീസില്‍ സഹപ്രവര്‍ത്തകരുമായി വെടിപറഞ്ഞിരിക്കുന്നതു മുതല്‍ ചാരായ കേസിലെ പ്രതിയെ തൊണ്ടിയോടെ പൊക്കുന്നതുവരെയുള്ള സംഭവങ്ങളോരോന്നും തന്റെ സ്വതസിദ്ധമായ അംഗവിക്ഷേപങ്ങളോടെ അയാള്‍ അനാവരണം ചെയ്യവെ, മജിസ്‌ട്രേട്ടിന്റെ ചോദ്യം-‘താങ്കള്‍ക്ക് കൈകള്‍ താഴ്ത്തിയിട്ട് സംസാരിക്കാമോ?’ വാറ്റുകാരനു പിന്നാലെ അതിസാഹസികമായി വീടിന്റെ തട്ടിന്‍പുറത്തേക്ക് വലിഞ്ഞുകയറുകയായിരുന്ന പ്രിവന്റീവ് ഓഫീസര്‍ തല്‍ക്ഷണം കോടതി മുറിയുടെ യാഥാര്‍ഥ്യത്തിലേക്ക് ഇറങ്ങിവന്നു. പിന്നെ വിനയാന്വിതനായി മറുപടി-‘സാധിക്കും സാര്‍, കൈകള്‍ താഴ്ത്തിയിട്ട് എത്ര നേരവും സംസാരിക്കാന്‍ സാധിക്കും സാര്‍…’ അതു പറയുമ്പോള്‍ പോലും ആ കൈകള്‍ അടങ്ങിയിരിക്കാന്‍ ഒരുക്കമായിരുന്നില്ല.

പറഞ്ഞുവരുന്നത് പുതിയൊരു ശരീരഭാഷയെ കുറിച്ചാണ്. ചാനലുകള്‍ നമുക്കുമേല്‍ അടിച്ചേല്‍പ്പിച്ചുകൊണ്ടിരിക്കുന്ന പുത്തനൊരു അംഗവിക്ഷേപ ഭാഷ. വാര്‍ത്തേതര പരിപാടികളുടെ അവതാരകരിലൂടെ മലയാളി പരിചയപ്പെട്ട ഈ ശരീരഭാഷ നമ്മുടെ ദൃശ്യബോധത്തെയും സൗന്ദര്യബോധത്തെയും സദാചാരബോധത്തെ തന്നെയും മലിനമാക്കുകയാണ്. എന്തുകൊണ്ടാകാം ‘നിങ്ങളുടെ സ്വന്ത’മെന്ന് സ്വയം വിശേഷിപ്പിച്ച് നമ്മുടെ സ്വീകരണ മുറികളിലേക്ക് കയറിവരുന്ന ചാനലുകള്‍ ഇത്തരമൊരു പാതകത്തിന് പരികര്‍മികളാകുന്നത്?
ലക്ഷ്യവും മാര്‍ഗവും
നിലനില്‍പ്പ് മാധ്യമങ്ങളുടെയും പ്രശ്‌നമാണ്. വര്‍ത്തമാന കാലത്തിന്റെ നെറികേടുകള്‍ക്കു നടുവില്‍ മാധ്യമങ്ങള്‍ ഒരു കാവല്‍മാടം പോലെയോ വിളക്കുമാടം പോലെയോ നിലനില്‍ക്കേണ്ടത് സമൂഹത്തിന്റെ ആവശ്യവും. മാധ്യമ ധര്‍മത്തെ മുറുകെ പിടിക്കാനുള്ള ബദ്ധപ്പാടിനിടയിലും വ്യവസായത്തിന്റെ ഒരു മുഖം കൂടി കാത്തുസൂക്ഷിക്കാതെ മാധ്യമങ്ങള്‍ക്ക് നിലനില്‍ക്കാനാകില്ല. ഈ യാഥാര്‍ഥ്യത്തിനു മുന്നില്‍ നിന്നാണ് ചാനലുകളുടെ അപഥസഞ്ചാരം ആരംഭിക്കുന്നത്. ബാലാരിഷ്ടതകളില്‍ തുടങ്ങിയ നമ്മുടെ പ്രമുഖ ചാനലുകള്‍ പലതും അവരുടെ സാമ്പത്തികാടിത്തറ പടുത്തത് ശരാശരി മലയാളിയുടെ കണ്ണീരിന്റെ ചാന്ത് ചേര്‍ത്താണ്. സന്ധ്യാനേരത്ത് നിര്‍മല മനസ്സുകളുടെ മിഴിയിണ നനക്കാനെത്തിയ മെഗാ സീരിയലുകളുടെ കാലമായിരുന്നു പല ചാനലുകളുടെയും പുഷ്‌കല കാലം. സീരിയലുകളുടെ മാര്‍ക്കറ്റ് ഇടിഞ്ഞുതുടങ്ങിയതില്‍ പിന്നെ ചാനലുകളില്‍ കാണുന്നത് ഭാവനാശൂന്യതയില്‍ നിന്ന് ഉരുവംകൊണ്ട നിസ്സഹായതയുടെ ബാഹ്യപ്രകടനങ്ങളാണ്.
മലയാളിയുടെ ശീലങ്ങളെ സ്വാധീനിച്ചുകൊണ്ടാണ് ഇവിടെ മാധ്യമങ്ങള്‍ വളര്‍ന്നതും സിനിമയും നാടകവും അടക്കമുള്ള കലാരൂപങ്ങള്‍ പുതിയ സമ്പ്രദായങ്ങള്‍ പരീക്ഷിച്ചതും. തങ്ങളുടെ അഭിരുചിക്ക് നിരക്കാത്തതെന്തിനെയും നിഷ്‌കരുണം നിരസിച്ചിട്ടുള്ള മലയാളിയേല്‍പ്പിച്ച മങ്ങലില്‍ നിന്ന് വലിയൊരു ഇടവേളക്കു ശേഷം നാടകവേദി വീണ്ടും എഴുന്നേറ്റ് നില്‍ക്കാന്‍ തുടങ്ങിയതേയുള്ളൂ. മലയാളിയെയും അവന്റെ ദൃശ്യബോധത്തെയും അഭിനയ സങ്കല്‍പ്പത്തെയും കുറിച്ചൊക്കെ ഇത്തരം ചില പാഠങ്ങള്‍ സീരിയലുകളുടെ പാചകക്കാര്‍ പഠിക്കാതെ പോയതു കാരണമാണ് ദിവസം മൂന്നോ നാലോ സീരിയലുമായി കഴിഞ്ഞുകൂടിയിരുന്ന ചാനലുകള്‍ക്കു പുതിയ വഴികള്‍ അന്വേഷിക്കേണ്ടിവന്നത്. തല്‍ക്കാലത്തേക്കെങ്കിലും സീരിയലുകളേക്കാള്‍ ചെലവുള്ള ഉത്പന്നങ്ങള്‍ കണ്ടെത്തിയെന്ന് ആശ്വസിക്കാം.
ഒരു ശരീരഭാഷയുടെ പിറവി
സീരിയലുകള്‍ക്കു പിടിപെട്ട ശനിദശ വരുത്തിയ വീഴ്ചയില്‍ നിന്ന് ചാനലുകള്‍ പുതിയ തിരിച്ചറിവുകളും പുത്തന്‍ വിഭവങ്ങളുമായി എഴുന്നേറ്റുവരുമെന്നു ധരിച്ചവര്‍ക്കു തെറ്റി. സീരിയലുകള്‍ക്കു ശേഷം എന്ത് എന്ന ചോദ്യത്തിന് എല്ലാ ചാനലുകള്‍ക്കും ഒരേ ഉത്തരമായിരുന്നു- കുട്ടികള്‍ മുതല്‍ വീട്ടമ്മമാര്‍ക്കു വരെ ആടാനും പാടാനും അവസരം. ഇതൊന്നും വശമില്ലാത്തവര്‍ക്ക് ചില തക്കിടതരികിട മത്സരങ്ങളും ഫോണ്‍ ഇന്‍ പരിപാടികളും. ഇന്ന് ചാനലുകള്‍ പ്രൈംടൈമില്‍ നമ്മുടെ വീടുകളില്‍ വിളമ്പിക്കൊണ്ടിരിക്കുന്നത് ഇത്തരം വിഭവങ്ങളാണ്. കുടുംബിനികളും കുട്ടികളുമൊക്കെ ഇപ്പോള്‍ രാത്രി ഉണ്ണാന്‍ എഴുന്നേല്‍ക്കുന്നത് തങ്ങളെപോലുള്ളവര്‍ ജൂറി പാനലിന്റെയും എസ് എം എസിന്റെയുമൊക്കെ കൃപാകടാക്ഷങ്ങളാല്‍ ലക്ഷങ്ങളും കോടികളും വിലമതിക്കുന്ന സമ്മാനങ്ങളിലേക്ക് കയറിപ്പോകുന്നത് കണ്ടുകൊണ്ടാണ്. ഈ കാഴ്ചകള്‍ക്കുള്ള കാത്തിരിപ്പിനിടയിലാണ് അപകടം പിടിച്ച ആ ശരീരഭാഷ നമ്മുടെ കുടുംബ സദസ്സ് പരിചയപ്പെടുന്നത്.
മത്സരങ്ങളുടെ മാമാങ്കത്തിന് ചാനലുകള്‍ വേദിയായതോടെയാണ് അവതാരകര്‍ ചാനലുകളിലെ മുഴുനീള കാഴ്ചയായത്. മത്സരാര്‍ഥികളും വിധികര്‍ത്താക്കളുമായി സന്ദര്‍ഭം പോലും മറന്ന് സല്ലാപങ്ങളില്‍ ഏര്‍പ്പെട്ട് അര മണിക്കൂര്‍ എപ്പിസോഡില്‍ സമയത്തിന്റെ നല്ലൊരു പങ്കും അപഹരിക്കുന്ന ഈ ‘അവതാരങ്ങള്‍’ മലയാളിയുടെ പല നല്ല വഴക്കങ്ങള്‍ക്കും നേരെ കൊഞ്ഞനം കുത്തിക്കൊണ്ടാണ് അടുത്ത ആഴ്ച ഇതേ ദിവസം ഇതേ സമയം വീണ്ടും കാണാന്‍ ഗുഡ്‌ബൈ പറയുന്നത്. മലയാളിയുടെ സ്ത്രീ സങ്കല്‍പ്പത്തിനു നേരെ പല്ലിളിച്ചു നില്‍ക്കുന്ന പെണ്‍കൊടിമാരും ശരീരം കൊണ്ട് ആണും സ്വഭാവം കൊണ്ട് പെണ്ണുമായ വിചിത്ര ജന്മങ്ങളും അടങ്ങുന്ന അവതാരങ്ങളും നിരുപദ്രവകാരികളെന്നു തോന്നാം. എന്നാല്‍, ഇവരുടെ കൊഞ്ചലും കുഴയലും തലക്കുപിടിച്ച് ഫോണ്‍ സല്ലാപക്കാരും കത്തെഴുത്തുകാരുമായി ഒരുതരം ഞരമ്പു രോഗികള്‍ ജന്മമെടുക്കുന്നത് കാണാതിരുന്നുകൂടാ. ഏറ്റവും അടുത്തിറങ്ങിയ പടത്തിലെ പാട്ടുകളുടെ സി ഡി പോലും വീട്ടില്‍ കിടക്കുമ്പോള്‍ ആ പടത്തിലെ ഒരു പാട്ടു കേള്‍ക്കാന്‍ ടി വി ചാനലിലെ ചേട്ടനേയും ചേച്ചിയേയും വിളിക്കുന്നത് നമ്മുടെ കൗമാരക്കാര്‍ മാത്രമല്ല; വിവാഹം കഴിച്ച് കുട്ടികളുമായി മധ്യവയസ്സ് പിന്നിട്ടവര്‍ വരെ പാട്ടിന്റെ പേരില്‍ ഇവരുടെ പഞ്ചാരവാക്ക് നുണയുന്നുണ്ട്.
കാഴ്ചപ്പാടിന്റെ വൈകല്യം
നമ്മുടെ മുഴുവന്‍ മലയാളം ചാനലുകളും പരിശോധിച്ചാല്‍ ഒന്ന് ബോധ്യമാകും-വികലമായൊരു കാഴ്ചപ്പാടിന്റെ സൃഷ്ടികളാണ് ഇന്നു കാണുന്ന ചാനല്‍ അവതാരകര്‍. പരിപാടിയെ സ്വന്തം ഇടപെടലുകളിലൂടെ പ്രേക്ഷകര്‍ക്ക് സുഖാനുഭവമാക്കുന്നതിനു പകരം സ്വയം പ്രദര്‍ശിപ്പിക്കാനുള്ള വ്യഗ്രതയാണ് ഇവരെ നയിക്കുന്നത്. മലയാളം വികലമായി ഉച്ചരിക്കുന്നത് പൊതു സ്വഭാവമായി സ്വീകരിച്ച ഇവര്‍ ഇംഗ്ലീഷിനെയും വെറുതെ വിടുന്നില്ല. ചില ആശയങ്ങള്‍ പ്രതിഫലിപ്പിക്കാന്‍ മലയാള പദങ്ങള്‍ മതിയാകാതെ വരുന്ന ഘട്ടങ്ങളിലാണ് സാധാരണ ഗതിയില്‍ ഇംഗ്ലീഷ് പദങ്ങളെ ആശ്രയിക്കേണ്ടിവരുന്നത്. മലയാളിക്ക് മലയാള പദം പോലെ തന്നെ പരിചിതമായ പല ഇംഗ്ലീഷ് പദങ്ങളും സംസാരത്തിനിടക്ക് കയറിവരുന്നതും സ്വാഭാവികം. എന്നാല്‍ നമ്മുടെ അവതാരകര്‍ സംസാരിച്ചു തുടങ്ങുമ്പോള്‍ ഇംഗ്ലീഷും മലയാളവും അക്ഷരങ്ങളടര്‍ന്ന് അസ്വാഭാവികമായൊരു അന്തരീക്ഷമാണ് സൃഷ്ടിക്കപ്പെടുന്നത്.
അസ്വാഭാവിക അംഗവിക്ഷേപങ്ങള്‍

ഏത് ഭാഷക്കാരനായാലും ദേശക്കാരനായാലും സംസാരത്തിനിടക്ക് അവനറിയാതെ സംഭവിക്കുന്നൊരു പ്രക്രിയയാണ് അംഗവിക്ഷേപം. ഇങ്ങനെ സംഭവിക്കുന്ന അംഗവിക്ഷേപങ്ങള്‍ സ്വാഭാവികമായിരിക്കും. സ്വാഭാവികവും അതുവഴി സത്യസന്ധവുമായ അംഗവിക്ഷേപങ്ങള്‍ ആശയഗ്രഹണം അനായാസമാക്കുന്നുണ്ട്. ഈ ധാരണകളെയും നമ്മുടെ ചാനല്‍ അവതാരകര്‍ അസ്ഥാനത്താക്കുന്നു. അവര്‍ക്ക് അംഗവിക്ഷേപമെന്നത് ബോധപൂര്‍വമുള്ളൊരു ക്രിയയാണ്. അതുകൊണ്ടുതന്നെയാണ് ഉരുവിടുന്ന പദങ്ങളോടും ആശയങ്ങളോടും തെറ്റിപ്പിരിഞ്ഞ് ഇവരുടെ ശരീരചലനങ്ങള്‍ ഒരു അസംബന്ധ കാഴ്ചയായി മാറുന്നത്.
അരങ്ങിന്റെ പരിമിതികളെ അതിജീവക്കാനുള്ള ഒരു സൂത്രപ്പണിയാണ് നാടകത്തിലെ സൂത്രധാരന്‍ എന്ന സൃഷ്ടി. നാടകകൃത്ത് യഥാര്‍ഥ സമയ(ഞലമഹ ഠശാല)ത്തില്‍ നിന്ന് കലയുടെ സമയ(അൃ േഠശാല)ത്തിലേക്ക് നാടകത്തെ ചുരുക്കിക്കൊണ്ടുവരുമ്പോള്‍ സ്ഥലകാലങ്ങള്‍ക്കും കഥാപാത്ര വളര്‍ച്ചക്കും കഥാഗതിക്കും സംഭവിച്ചേക്കാവുന്ന പരുക്കുകള്‍ ഒഴിവാക്കാന്‍ സൂത്രധാരനു സാധിക്കും. ഒരു പരിപാടിയുമായി ബന്ധപ്പെട്ട് ചാനല്‍ സെറ്റിലിരിക്കുന്നവര്‍ക്കും പ്രേക്ഷകര്‍ക്കും ഇടയില്‍ നിന്ന് അവതാരകര്‍ നിര്‍വഹിക്കേണ്ടതും ഏതാണ്ട് ഇതിന് സമാനമായൊരു ജോലിയാണ്. നാടകത്തില്‍ കഥാഗതിയുടെ പല ഘട്ടങ്ങളെയും പ്രതിഫലിപ്പിക്കേണ്ടിവരുന്നതിനാല്‍ സൂത്രധാരന് അഭിനയിക്കേണ്ടി വരുന്നുണ്ട്. എന്നാല്‍ ചാനല്‍ അവതാരകര്‍ക്ക് മിക്കവാറും ഒരു ആതിഥേയന്റെ റോളാണുള്ളത്. അതിഥികളോടുള്ള ആതിഥേയന്റെ പെരുമാറ്റം സ്വാഭാവികമാകണമെന്ന കാര്യത്തില്‍ തര്‍ക്കമില്ലല്ലോ. ഈ സ്വാഭാവികതയാണ് അവതാരകരെ തൊട്ടുതീണ്ടാത്തത്. അവര്‍ അഭിനയിക്കുകയാണ്, ഒരു സ്വയം വെളിപ്പെടുത്തലിനെന്നവണ്ണം.
സൗന്ദര്യബോധവും സദാചാരബോധവും

ചാനല്‍ അവതാരകരില്‍ ഏറിയ പങ്കും സ്ത്രീകള്‍, പ്രത്യേകിച്ചും യുവതികള്‍ ആണെന്നു കാണാം. പുരുഷന്മാര്‍ ഈ രംഗത്തേക്കു കടന്നുവരാന്‍ മടിക്കുന്നതുകൊണ്ടോ അവരില്‍ പ്രതിഭയുടെ മിന്നലാട്ടം കുറഞ്ഞുപോകുമെന്ന ആശങ്ക കൊണ്ടോ സംഭവിക്കുന്നതല്ലിത്. ദര്‍ശന സുഖമെന്ന ബോധപൂര്‍വമായ ബിസിനസ്സ് തന്ത്രം. വനിതാ അവതാരകരുടെ കിളിമൊഴികളും അംഗലാവണ്യവും പുരുഷന്മാര്‍ക്കു കുരുക്കാകുമ്പോള്‍ സ്ത്രീ സമൂഹത്തെ ഓരോ എപ്പിസോഡും വസ്ത്ര വൈവിധ്യത്തിന്റെയും ആഭരണക്കാഴ്ചകളുടെയും ഫാഷന്‍ സെന്ററുകളില്‍ എത്തിക്കും. അപ്പോഴും പ്രൊഡ്യൂസര്‍മാര്‍ മറന്നുപോകുന്ന ഒന്നുണ്ട്- മലയാളിയുടെ സൗന്ദര്യബോധം അവന്റെ സദാചാരബോധത്തെ കൂടി പ്രതിഫലിപ്പിക്കുന്നുണ്ടെന്ന്.
പരിഷ്‌കാരം കുറേയൊക്കെ നമ്മുടെ വസ്ത്രങ്ങള്‍ക്കു കത്രിക വെച്ചിട്ടുണ്ടെങ്കിലും മലയാളികള്‍ പൊതുവെ മാന്യമായ വസ്ത്രധാരണം ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ടുതന്നെ പരിഷ്‌കാരം തുന്ന് പൊട്ടിച്ച വസ്ത്രങ്ങളോട് അവതാരകര്‍ ഗുഡ്‌ബൈ പറയേണ്ടതുണ്ട്. അത്രക്ക് പ്രകോപനമുണ്ടാക്കുന്നതാണോ മലയാളത്തിന്റെ പ്രിയപ്പെട്ട ചാനലുകളിലെ അവതാരകരുടെ വേഷങ്ങളെന്നു ചോദിക്കുന്നവരുണ്ടാകാം. വീടിന്റെ ചുമരില്‍ തൂങ്ങിക്കിടക്കുന്ന അര്‍ധനഗ്നയായ യുവതിയുടെ പെയിന്റിംഗ് ഗൃഹനാഥന്റെ സൗന്ദര്യബോധത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന് അവകാശപ്പെടുമ്പോള്‍ തന്നെ ആ പെയിന്റിംഗ് മാതാപിതാക്കളും മക്കളും അടങ്ങുന്ന കുടുംബത്തില്‍ ഒരു സദാചാര പ്രശ്‌നം കൂടി ഉയര്‍ത്തുന്നുണ്ടെന്നും തിരിച്ചറിയേണ്ടതുണ്ട്. ഇതേപോലെയാണ് അവതാരകരുടെ വേഷം പലപ്പോഴും നമ്മുടെ കുടുംബ സദസ്സുകളുടെ സദാചാരബോധത്തിനു നിരക്കാതെ പോകുന്നത്.
പുരുഷാവതാരങ്ങള്‍
കേരളത്തിന്റെ തനത് നാട്യവിശേഷമായ മോഹിനിയാട്ടത്തില്‍ കേരളീയ നര്‍ത്തകരേക്കാള്‍ പ്രസിദ്ധയാണ് മുബൈക്കാരിയായ കനക് റെലെ. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് അവരുമായി സാമ്പ്രദായികത്വത്തില്‍ വിട്ടുവീഴ്ച ചെയ്തുകൊണ്ട് മോഹിനിയാട്ടത്തില്‍ നടക്കുന്ന പരിഷ്‌കാരങ്ങളെ കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കെ, ഒന്നു പ്രകോപിപ്പിക്കാന്‍ വേണ്ടി ചോദിച്ചു-‘പുരുഷന്മാര്‍ മോഹിനിയാട്ടത്തില്‍ ഏര്‍പ്പെടുന്നതിനോട് റെലെയ്ക്കു യോജിപ്പില്ലെന്നു മുമ്പെവിടെയോ പറഞ്ഞുകേട്ടല്ലോ?’ റെലെ പറഞ്ഞു-‘തീര്‍ച്ചയായും. പാലാഴി മഥനത്തില്‍ ലഭിച്ച അമൃതിനു വേണ്ടി ദേവന്മാരും അസുരന്മാരും അവകാശവാദം ഉന്നയിച്ചപ്പോള്‍ അസുരന്മാരെ മോഹിപ്പിച്ചു മനം മാറ്റാന്‍ മഹാവിഷ്ണു മോഹിനിയുടെ വേഷം ധരിച്ചു എന്ന സങ്കല്‍പ്പത്തിന്റെ പിന്‍ബലത്തില്‍ പുരുഷന്മാര്‍ മോഹിനി വേഷം ആടരുതെന്നു തന്നെയാണ് തന്റെ പക്ഷം. അതിനു കാരണവും റെലെ പറഞ്ഞു- ‘മോഹിനിയാട്ടത്തിന്റെ അടിസ്ഥാന ഭാവം ശൃംഗാരമാണ്’.
സ്‌ത്രൈണഭാവം ആവേശിച്ച പുരുഷാവതാരകര്‍ക്കുള്ള ഒരു ഗുണപാഠമുണ്ട് കനക് റെലെയുടെ ഈ വാക്കുകളില്‍. നാട്യശാസ്ത്രത്തിലെ നിഷ്‌കര്‍ഷകള്‍ പോലെ അവതാരകര്‍ക്കു സ്‌ത്രൈണഭാവം നിഷ്‌കര്‍ഷിച്ചതായി തോന്നും സ്‌ക്രീനില്‍ പുരുഷാവതാരകരുടെ മുഖങ്ങള്‍ തെളിയുമ്പോള്‍. കുമ്പയും കഷണ്ടിയും മുതുകത്തു രോമവും വെടിക്കലയുമൊക്കെയാണ് പുരുഷ ലക്ഷണമായി വേങ്ങയില്‍ കുഞ്ഞിരാമന്‍ നായര്‍ പറഞ്ഞിട്ടുള്ളതെങ്കിലും മീശയില്ലാത്തവരെ കണ്ടാല്‍ അവനൊരു ആണാണെന്ന് അധികമാരും അംഗീകരിച്ചുകൊടുക്കില്ല. എന്നാല്‍, നമ്മുടെ പുരുഷാവതാരങ്ങള്‍ ശരീരഭാഷകൊണ്ടു പോലും ആണാകാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് സ്‌ത്രൈണഭാവേന ഇവര്‍ പറഞ്ഞുതരുന്നത്. ദിലീപിന്റെ ‘ചാന്തുപൊട്ട്’ സിനിമ ഇറങ്ങിയതില്‍ പിന്നെ കുട്ടികള്‍ പോലും ഇത്തരം ചേട്ടന്മാരെ വിശേഷിപ്പിക്കുന്നത് ‘ചാന്തുപൊട്ട്’ എന്നാണ്. വേഷത്തില്‍ പുരുഷനായും ശരീരഭാഷയില്‍ സ്ത്രീയായും പ്രിയ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട പാട്ടുകള്‍ വെച്ചുകൊടുക്കുന്ന ഇവരെ കൂടി ഉള്‍ക്കൊള്ളേണ്ടിവരുന്ന കേരളത്തിന്റെ കുടുംബ സദസ്സുകള്‍ക്ക് ഭാവിയില്‍ അനിവാര്യമാകുക ഒരു സദാചാര ചാനലാകും.
മലയാളിയുടെ സദാചാരബോധത്തിനു നേര്‍ക്ക് തുണിയുരിഞ്ഞു നില്‍ക്കുന്ന ഈ ചാനലുകളെ ഇങ്ങനെ വിടാമോ? പാടില്ലെന്നാണെങ്കില്‍ വാര്‍ത്തേതര പരിപാടികള്‍ക്ക് ഒരു നിയന്ത്രണ രേഖയെങ്കിലും വേണ്ടിവരും. മുമ്പ് കേന്ദ്ര മന്ത്രിസഭയില്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രിയായിരുന്ന എസ് ജയ്പാല്‍ റെഡ്ഡി ടെലിവിഷന്‍ പരിപാടികളിലെ അശ്ലീലം അടക്കമുള്ള പ്രശ്‌നങ്ങള്‍ക്കു കടിഞ്ഞാണിടാന്‍ ഒരു ശ്രമം നടത്തിയിരുന്നു. ചാനല്‍ പ്രവര്‍ത്തകരെയും ചാനലുടമകളെയും മാധ്യമ, സാമൂഹിക, വിദ്യാഭ്യാസ പ്രവര്‍ത്തകരെയുമൊക്കെ വിളിച്ചുചേര്‍ത്തു പ്രശ്‌നം ചര്‍ച്ചചെയ്ത മന്ത്രി ചില പ്രഖ്യാപനങ്ങളും നടത്തി. വാര്‍ത്തേതര പരിപാടികളെ സംബന്ധിച്ച പരാതികള്‍ക്ക് പരിഹാരം കാണാന്‍ സ്വയംഭരണ സ്വഭാവമുള്ള ഒരു നിയന്ത്രണ സമിതി രൂപവത്കരിക്കുമെന്നായിരുന്നു പ്രധാന പ്രഖ്യാപനം. പിന്നീട് എന്തു സംഭവിച്ചു എന്നറിയില്ല. നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട വാര്‍ത്തേതര പരിപാടികള്‍ തന്നെയാണ് ചാനലുകളുടെ വരുമാനത്തിന്റെ മുഖ്യ സ്രോതസ്സെന്നിരിക്കെ, അതിനു മൂക്കുകയറിടാന്‍ കേന്ദ്ര സര്‍ക്കാര്‍ തുനിഞ്ഞാല്‍ തന്നെ അത് എറെയൊന്നും ഫലവത്താകാനിടയില്ല. കാരണം, സിനിമയുടെ സെന്‍സര്‍ ബോര്‍ഡുകാരുടെ ജോലി പോലെ എളുപ്പമാവില്ല ചാനല്‍ പരിപാടികളില്‍ അശ്ലീലത്തിന്റെ അതിര്‍വരമ്പ് നിര്‍ണയിക്കുകയെന്ന ജോലി. ഓരോ ചാനലിലും, ദിവസം മുഴുവന്‍ ഇടതടവില്ലാതെ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന പരിപാടികള്‍ നിയന്ത്രണ സമിതിക്കാര്‍ മുന്‍കൂട്ടി കാണുകയെന്നത് അസാധ്യം. പരിപാടികള്‍ക്ക് പൊതുവായ ചില മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ മാത്രമേ അവര്‍ക്കു കഴിയൂ.
ഇങ്ങനെ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന തോന്നലുണ്ടാക്കിക്കൊണ്ടുതന്നെ അവ ലംഘിക്കാനുള്ള സൗകര്യം ചാനല്‍ പരിപാടികള്‍ക്കുണ്ട്. ഒരു ഉദാഹരണം- മുമ്പ് ഒരു പ്രമുഖ ചാനലില്‍ പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് മനഃശാസ്ത്രജ്ഞന്‍ മറുപടി പറയുന്ന ഒരു പരിപാടി ഉണ്ടായിരുന്നു. പ്രേക്ഷകര്‍ എഴുതി അയക്കുന്ന ചോദ്യങ്ങള്‍ മനഃശാസ്ത്രജ്ഞനെ വായിച്ചു കേള്‍പ്പിച്ചിരുന്നത് സുന്ദരിയായ ഒരു യുവതി. ചോദ്യങ്ങളാകട്ടെ, ഭൂരിഭാഗവും ഡോക്ടറോട് ചോദിക്കേണ്ട സെക്‌സ് സംബന്ധമായവയും. ഇങ്ങനെ ചാനല്‍ സദാചാരത്തിന്റെ വേലി ചാടുമ്പോള്‍ ക്യാമറാമാന്റെ വക മറ്റൊരു വേലി ചാട്ടം. നാലാം കിട സെക്‌സ് പ്രസിദ്ധീകരണങ്ങളുടെ ശൈലിയില്‍ മനഃശാസ്ത്രജ്ഞന്‍ മറുപടി പറയുമ്പോള്‍, സ്വാഭാവികമായും സംസാരിക്കുന്നവരിലേക്ക് തിരിയേണ്ട ക്യാമറ തിരിയുന്നത് ആ അശ്ലീല ഭാഷണം ശ്രവിക്കുന്ന യുവതിയുടെ മുഖത്തേക്കും. ഇതേപോലെ സദാചാരത്തിന്റെ സീമകള്‍ ലംഘിക്കാന്‍ സാധ്യതകള്‍ ഏറെയുള്ളപ്പോള്‍ ഒരു സമിതിയെ നിയോഗിച്ച് ചാനലുകളെ നേര്‍വഴിക്കു നടത്തിക്കളയാമെന്ന മോഹം വെറുതെ. സദാചാരബോധം ഒരു സംസ്‌കാരമായി ചാനല്‍ പ്രവര്‍ത്തകരില്‍ വളര്‍ന്നുവരാത്തിടത്തോളം കാലം ഈ രോഗത്തെ ഏതെങ്കിലും ഒറ്റമൂലികൊണ്ട് ചികിത്സിച്ചു ഭേദമാക്കാനാകില്ല.