Connect with us

Editorial

മോഡി: ബി ജെ പി പുനരാലോചന നടത്തണം

Published

|

Last Updated

ഹിറ്റ്‌ലര്‍ക്ക് സമാനം ലോകം കണ്ട ഏറ്റവും വിലിയ രക്തദാഹിയാണ്, പ്രധാനമന്ത്രി സ്ഥാനത്തേക്ക് ബി ജെ പി ഉയര്‍ത്തിക്കാട്ടുന്ന ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെന്ന വസ്തുത ഊട്ടിയുറപ്പിക്കുന്നതാണ് ഇശ്‌റത്ത് ജഹാന്‍ വധത്തില്‍ അദ്ദേഹത്തിനുള്ള പങ്ക് വ്യക്തമാക്കുന്ന സി ബി ഐ റിപ്പോര്‍ട്ട്. മുംബൈ സ്വദേശി ഇശ്‌റത്ത് ജഹാന്‍, മലയാളിയായ പ്രാണേബ് കുമാര്‍ എന്ന ജാവീദ് ഗുലാം, കാശ്മീര്‍ സ്വദേശി അംജദ് അലി, പാക്കിസ്ഥാന്‍ സ്വദേശി എന്ന് കരുതുന്ന സിഷാന്‍ ജൗഹര്‍ അബ്ദുല്‍ ഗനി എന്നിവരെ വധിച്ചത് നരേന്ദ്ര മോഡിയുടെയും അന്നത്തെ ഗുജറാത്ത് ആഭ്യന്തര മന്ത്രിയും ബി ജെ പി ജനറല്‍ സെക്രട്ടരിയുമായ അമിത് ഷായുടെയും അറിവോടെയും അനുമതിയോടെയുമായിരുന്നുവെന്ന് ഗുജറാത്ത് ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനിരിക്കുന്ന സി ബി ഐ റിപ്പോര്‍ട്ടിലുള്ളതായി തെഹല്‍ക്ക വാരികയാണ് റിപ്പോര്‍ട്ട് ചെയ്തത്.
2004 ജൂണ്‍ 15-നാണ് വെടിയേറ്റു മരിച്ച നിലയില്‍ നാല് പേരെയും അഹമ്മദാബാദിന് സമീപം കൊത്താന്‍പൂരില്‍ കണ്ടെത്തിയത്. മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാന്‍ എത്തിയ ലശ്കറെ തയ്യിബ പ്രവര്‍ത്തകരാണ് ഇവരെന്നും ഏറ്റുമുട്ടലിലാണ് മരിച്ചതെന്നുമായിരുന്നു ഗുജറാത്ത് പോലീസിന്റെ പ്രചാരണം. മുംബൈയില്‍ നിന്ന് ഭീകരവാദികള്‍ അഹമ്മദാബാദിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയതെന്നും പോലീസ് തട്ടിവിട്ടു.
ഇശ്‌റത്തിന്റെ മാതാവ് ശമീമക്കും ജാവീദ് ഗുലാമിന്റെ പിതാവ് ഗോപിനാഥ് പിള്ളക്കും പോലീസ് ഭാഷ്യം വിശ്വസിക്കാനായില്ല. “ഏറ്റുമുട്ടല്‍” മരണത്തെക്കുറിച്ചു സി ബി ഐ അന്വേഷണമാവശ്യപ്പെട്ട് അവര്‍ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. ഇതടിസ്ഥാനത്തില്‍ കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘ (എസ് ഐ ടി) മാണ് ഏറ്റുമുട്ടല്‍ മരണമായിരുന്നില്ല അതെന്നും ഭരണകൂട ഭീകരതയുടെ ഇരകളാണ് ഇശ്‌റത്തും സംഘവുമെന്നും കണ്ടെത്തിയത്. ഏറ്റുമുട്ടല്‍ നടന്നെന്ന് ഗുജറാത്ത് പോലീസ് പറയുന്ന 2004 ജൂണ്‍ 15ന് മുമ്പ് തന്നെ നാല് പേരും കൊല്ലപ്പെട്ടിരുന്നുവെന്നും എസ് ഐ ടി കോടതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ 2009 ല്‍ സംഭവത്തെക്കുറിച്ച് അന്വേഷിച്ച അഹമ്മദാബാദ് മെട്രോ പോളിറ്റന്‍ മജിസ്‌ട്രേറ്റ് എസ് പി താമാങ് നടത്തിയ അന്വേഷണത്തിലും ഏറ്റുമുട്ടല്‍ വ്യാജമായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഭീകരവാദികളെക്കുറിച്ച് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി സന്ദേശം നല്‍കിയെന്ന പോലീസ് വാദം ശുദ്ധ കളവായിരുന്നെന്നും തെളിഞ്ഞു.
വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ ഗുജറാത്തില്‍ സ്ഥിരം സംഭവമാണ്. 2002ന് ശേഷം 20-ലേറേ വ്യാജ ഏറ്റുമുട്ടലുകളാണ് അവിടെ നടന്നത്. മോഡിയെ വധിക്കാനെത്തിയ ഭീകര പ്രവര്‍ത്തകരെന്ന മുദ്രകുത്തിയും പോലീസിനെ വെട്ടിച്ചു കടന്നു കളയാന്‍ ശ്രമിച്ച തീവ്രവാദികളെന്ന വ്യാജേനയുമായിരുന്നു ഈ ഏറ്റുമുട്ടല്‍ കൊലകളേറെയും. നിരവധി പേരെ ഇപ്പേരില്‍ മോഡി ഭരണകൂടം വധിച്ചിട്ടുണ്ട്. സമീര്‍ഖാന്‍ പഠാന്‍, സാദിഖ് ജമാല്‍ മഹ്ത്തര്‍, സുഹ്‌റാബുദ്ദീന്‍, ഭാര്യ കൗസര്‍ബി, അവിചാരിതമായി ഇവരുടെ കൊലക്ക് ദൃക്‌സാക്ഷിയായ തുളസീറാം പ്രജാപതി, റഹീം ഖാസിം സംറ എന്നിങ്ങനെ നീളുന്നു വ്യാജ ഏറ്റുമുട്ടലില്‍ മരിച്ചവരുടെ പട്ടിക. മോഡി സര്‍ക്കാറും സംഘ്പരിവാറും ചേര്‍ന്ന് ആസൂത്രണം ചെയ്ത മുസ്‌ലിം വംശഹത്യയുടെ മറ്റൊരു മുഖമാണിത്. 2002ലാണ് ഗുജറാത്ത് കലാപമെന്ന പേരില്‍ മുസ്‌ലിം വംശീയ ഉന്മൂലനത്തിന് തുടക്കം കുറിച്ചത്. പിഞ്ചു കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം ആയിരക്കണക്കിന് നിരപരാധികളെയാണ് അന്ന് സംഘ്പരിവാറും ഗുജറാത്ത് പോലീസും ചേര്‍ന്നു കൊന്നൊടുക്കിയത്. ഗോധ്ര തീവണ്ടി ദുരന്തത്തെ തടുര്‍ന്ന് അവിചാരിതമായി പൊട്ടിപ്പുറപ്പെട്ട പ്രതിഷേധമെന്ന നിലയിലാണ് അക്രമ പരമ്പരകള്‍ അരങ്ങേറിയത്. എന്നാല്‍ ഗോധ്ര സംഭവത്തിന് മാസങ്ങള്‍ക്ക് മുമ്പേ ആസൂതണം ചെയ്തിരുന്നു ഗുജറാത്തിലെ നരമേധമെന്ന് പിന്നീട് വ്യക്തമായി. സംഭവത്തെക്കുറിച്ചു വിശദമായി പഠിക്കുകയും ഗ്രന്ഥരചന നടത്തുകയും ചെയ്ത ഹര്‍ഷ് മന്ദര്‍ ഐ എ എസ് പോലുള്ള ഒട്ടേറെ മനുഷ്യാവകാശ, സാമൂഹിക പ്രവര്‍ത്തകര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഭീകരതയും തീവ്രവാദവുമാണ് ഇന്നെവിടെയും ചര്‍ച്ച. രാഷ്ട്രങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി കരാറുകളില്‍ ഭീകരതക്കെതിരെയുള്ള സംയുക്ത പോരാട്ടം പ്രധാന ഇനമായി ഉള്‍ക്കൊള്ളിക്കാറുണ്ട്, അതിനേക്കാളേറെ അപകടകരമായി മാറിയിരിക്കയാണ് ഭരണകൂട ഭീകരത. അധികാരം കൈയാളുന്നവര്‍ക്ക് അനിഷ്ടം തോന്നിയവരെ നിയമപാലകരുടെ സഹായത്തോടെ കൊന്നൊടുക്കുന്ന പ്രവണത വികസിത രാജ്യങ്ങളിലടക്കം സാര്‍വത്രികമായിട്ടുണ്ട്. അധിനിവേശ രാജ്യങ്ങളില്‍ എതിരാളികളെ പിടികൂടി വെടിവെച്ചു കൊന്ന ശേഷം ഏറ്റമുട്ടല്‍ കഥകള്‍ രചിക്കല്‍ അമേരിക്കന്‍ സൈന്യത്തിന്റെ സ്ഥിരം ശൈലിയാണ്. ഈ ആഗോള ഭീകര ശക്തിയായിരിക്കണം മോഡിയുടെ മാതൃക. മോഡിയിലെ രക്തദാഹവും വംശവെറിയും കൂടുതല്‍ കൂടുതല്‍ ബോധ്യപ്പെട്ടു വരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ മുന്‍നിര നായകനും ഭാവി പ്രധാനമന്ത്രിയുമായി ഉയര്‍ത്തിക്കാട്ടാനുള്ള തീരുമാനം ബി ജെ പി പുനര്‍ചിന്തക്ക് വിധേയമാക്കേണ്ടതാണ്.

Latest