36 വര്‍ഷങ്ങള്‍; കാത്തിരിപ്പിന് വിരാമമില്ല

Posted on: June 28, 2013 5:58 am | Last updated: June 28, 2013 at 11:49 am
SHARE

Voyage-to-Virginiaവര്‍ഷങ്ങള്‍ മുപ്പത്തിയാറ് പിന്നിട്ടു. കാണാതായവരുടെ കുടുംബങ്ങള്‍ക്ക് അത് ദീര്‍ഘമായ കാലവിളംബമല്ല. യാത്ര പറഞ്ഞ് പടിയിറങ്ങിപ്പോയ രംഗങ്ങള്‍ ഇപ്പോഴും അവര്‍ക്ക് മുന്നില്‍ തെളിഞ്ഞു നില്‍ക്കുന്നുണ്ട്, എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ നിറമുള്ള ചിത്രമായി. അവര്‍ തിരിച്ച് വരുമെന്ന പ്രതീക്ഷയില്‍ കാത്തിരിപ്പ് തുടരുകയാണ്.
പക്ഷേ, സര്‍ക്കാറിന് ഇവരെ ഓര്‍മയില്ലായിരിക്കാം. ആര് മറന്നാലും ഞങ്ങള്‍ക്ക് മറക്കാനാകുമോ ? എന്ന ബന്ധുക്കളുടെ ചോദ്യത്തില്‍ രോഷവും വേദനയും അടങ്ങിയിട്ടുണ്ട്. ഇനിയും കാത്തിരിക്കാനാകില്ല ഇവര്‍ക്ക്. ജീവിച്ചിരിപ്പുണ്ടോ, മരിച്ചോ എന്നെങ്കിലും അറിയാനുള്ള അവകാശമുണ്ട്. ഇതിന് വേണ്ടിയാണിപ്പോള്‍ കുടുംബങ്ങള്‍ ശബ്ദമുയര്‍ത്തുന്നത്.
1977 ജൂണ്‍ 7ന് തിരൂരങ്ങാടി, കൊടിഞ്ഞി, മൂന്നിയൂര്‍, കുണ്ടൂര്‍, കൊടക്കല്ല്, വടക്കേ മമ്പുറം എന്നിവിടങ്ങളില്‍ നിന്നായി ലോഞ്ചില്‍ പുറപ്പെട്ട 35 പേരെ കുറിച്ചാണ് ഇപ്പോഴും ഒരു വിവരവുമില്ലാത്തത്. കുടുംബങ്ങളുടെ സംഗമം ഇതിനകം നടന്നു കഴിഞ്ഞു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദ് പ്രശ്‌നത്തില്‍ ഇടപെട്ടത് പ്രതീക്ഷയോടെയാണ് ബന്ധുക്കള്‍ കാണുന്നത്. കാണാതായ തെന്നല കൊടക്കല്ല് ഭഗവതി കാവുങ്ങല്‍ മുഹമ്മദ് കുട്ടിയുടെ സഹോദരന്‍ ബി കെ മൊയ്തീന്‍ സ്ഥലം എം എല്‍ എ കൂടിയായ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബിനും നിവേദനം നല്‍കി കാത്തിരിപ്പ് തുടരുകയാണ്.
1977ല്‍ ലോഞ്ചില്‍ പോയി
കാണാതായവര്‍
1, ഭഗവതിക്കാവുങ്ങല്‍ മുഹമ്മദ്കുട്ടി 2, വാണിയംപീടിയേക്കല്‍ കുഞ്ഞിമുഹമ്മദ് 3, വാണിയംപീടിയേക്കല്‍ മൂസ, 4, കുട്ടിയത്ത് കുഞ്ഞിപ്പോക്കര്‍ 5, തലവെട്ടിപറമ്പില്‍ മൊയ്തീന്‍ 6, തെന്നല ചാത്തേരി മൊയ്തീന്‍ 7, പനക്കല്‍ ബീരാന്‍കുട്ടി 8, വെള്ളക്കാട്ട് ഹംസ 9, തൊണ്ടാലി ചേക്കു 10, ചെനക്കല്‍ സൈതലവി 11, നെച്ചിക്കാട്ട് കുഞ്ഞിക്കമ്മു 12, പനക്കത്തായം ഹസന്‍, 13 അമ്മാംവീട്ടില്‍ മൊയ്തീന്‍ 14, തലപ്പാറ ഇ കോയക്കുട്ടി, 15, കൊടിഞ്ഞി എളയഞ്ചേരി അഹമ്മദ്കുട്ടി 16, ഇളയഞ്ചേരി മുഹമ്മദ്കുട്ടി 17, ഇളയഞ്ചേരി സൈതലവി, 18, മൂന്നിയൂര്‍ വാല്‍പറമ്പില്‍ കെ മുഹമ്മദ്, 19, ഇളയഞ്ചേരി കുഞ്ഞിമൊയ്തീന്‍ 20, കുണ്ടൂര്‍ കാവുങ്ങല്‍ കെ ഹുസൈന്‍ 21, വടക്കെ മമ്പുറം ചാപ്പങ്ങാത്തില്‍ ഇബ്‌റാഹിംകുട്ടി 22, മൂന്നിയൂര്‍ കന്നിപറമ്പില്‍ മൊയ്തീന്‍ 23, ചാപ്പങ്ങാത്തില്‍ അബൂബക്കര്‍, 24, താഴത്തുവീട്ടില്‍ ടി വി അഹമ്മദ് 25, വലിയപാലത്തിങ്ങല്‍ വി പി സൈതാലിക്കുട്ടി 26, ആലിന്‍ചുവട് എരഞ്ഞിക്കല്‍ മൊയ്തീന്‍ 27, അടാട്ട് ടി വി സൈത്, 28, പുത്തൂപറക്കാട്ട് ഹസന്‍, 29, പുത്തൂപറക്കാട്ട് മുഹമ്മദ് 30, നന്നമ്പ്ര പനക്കല്‍ ബീരാന്‍കുട്ടി 31, വെള്ളിശ്ശേരി സൈതലവി.
(അവസാനിച്ചു)