Connect with us

National

പ്രകൃതി വാതകത്തിന് വില കൂട്ടി

Published

|

Last Updated

ന്യൂഡല്‍ഹി: പ്രകൃതി വാതകത്തിന്റെ വില കൂട്ടാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതിയാണ് വില വര്‍ധനവിന് അംഗീകാരം നല്‍കിയത്. മൂന്ന് വര്‍ഷത്തിനിടെ ആദ്യമായാണ് പ്രകൃതി വാതകത്തിന്റെ വില വര്‍ധിപ്പിക്കുന്നത്. ഒരു ബ്രിട്ടീഷ് തെര്‍മല്‍ യൂനിറ്റിന് 6.77 ഡോളറായാണ് വര്‍ധിപ്പിച്ചത്. നിലവില്‍ 4.2 ഡോളറാണ് വില. അടുത്ത ഏപ്രില്‍ മുതല്‍ വിലവര്‍ധന പ്രാബല്യത്തില്‍ വരും. യൂറിയ ഉള്‍പ്പെടെയുള്ള രാസവളങ്ങള്‍ക്കും വൈദ്യുതി ചാര്‍ജും ഗണ്യമായി വര്‍ധിക്കാന്‍ ഇത് ഇടയാക്കും. അടുത്ത അഞ്ച് വര്‍ഷത്തേക്കാണ് പ്രകൃതി വാതകത്തിന്റെ വിലയില്‍ മാറ്റം വരുത്തിയത്. രംഗരാജന്‍ സമിതിയുടെ നിര്‍ദേശാനുസരണമാണ് വില വര്‍ധിപ്പിച്ചത്. തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന പ്രകൃതി വാതകത്തിനും ഇറക്കുമതി ചെയ്യുന്ന വാതകത്തിന്റെ വില നല്‍കേണ്ടി വരും. വില വര്‍ധിക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് എണ്ണക്കമ്പനികളുടെ ഓഹരിവിലയില്‍ വര്‍ധനവുണ്ടായി. ബി എസ് സി സൂചികയില്‍ രണ്ട് ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്.
വൈദ്യുതി, രാസവള മന്ത്രാലയങ്ങള്‍ പ്രകൃതി വാതക വില വര്‍ധനവിനെ ശക്തമായി എതിര്‍ത്തിരുന്നു. വൈദ്യുതിക്കും രാസവളത്തിനും വില വര്‍ധിക്കാനിടയാകുമെന്നതാണ് കാരണം. വില വര്‍ധനവ് റിലയന്‍സിന് നേട്ടമുണ്ടാക്കാന്‍ ലക്ഷ്യം വെച്ചുള്ളതാണെന്നും എണ്ണ മന്ത്രി വീരപ്പമൊയ്‌ലിയുടെ താത്പര്യമാണ് ഇതിന് പിന്നിലെന്നും ഇടത് പാര്‍ട്ടികള്‍ ആരോപിച്ചു. അഞ്ച് ഡോളറിന് മുകളില്‍ വില വര്‍ധിക്കുന്നത് രാജ്യത്തെ വൈദ്യുത ഉത്പാദനത്തെ ശക്തമായി ബാധിക്കുമെന്ന് വൈദ്യുത മന്ത്രാലയം പറഞ്ഞു. രൂപക്ക് മൂല്യം ഇടിയുന്ന സാഹചര്യത്തില്‍ വില വര്‍ധിപ്പിക്കാനുള്ള നീക്കം ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. വില വര്‍ധന കാര്‍ഷിക മേഖലയെ തകര്‍ക്കുമെന്നതിനാല്‍ ഇതനുവദിക്കരുതെന്ന് കേന്ദ്ര രാസവള മന്ത്രാലയം നേരത്തെ വീരപ്പ മൊയ്‌ലിക്ക് കത്ത് നല്‍കിയിരുന്നു.

Latest