ഇടത് യുവജന സംഘടനാ മാര്‍ച്ചില്‍ സംഘര്‍ഷം; പോലീസിനും മാധ്യമപ്രവര്‍ത്തകര്‍ക്കും പരുക്ക്‌

Posted on: June 28, 2013 7:40 am | Last updated: June 28, 2013 at 7:40 am
SHARE

mlp- riyasകോഴിക്കോട്/മലപ്പുറം: സോളാര്‍ തട്ടിപ്പ് കേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് കലക്ടറേറ്റുകളിലേക്ക് ഇടത് യുവജനസംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. നിരവധി പോലീസുകാര്‍ക്കും സംഘടനാ പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു.
കോഴിക്കോട് കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെ നോര്‍ത്ത് എ സി പ്രിന്‍സ് എബ്രഹാം ഉള്‍പ്പെടെ മുപ്പതില്‍പ്പരം പോലീസുകാര്‍ക്കും നിരവധി യുവജനസംഘടനാ പ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. മാതൃഭൂമി ഫോട്ടോഗ്രാഫര്‍ കെ കെ സന്തോഷ്, ദീപികാ ഫോട്ടോഗ്രാഫര്‍ ബി അനുഷ്, കൈരളി ചാനല്‍ ഡ്രൈവര്‍ റിയാസ്, ക്യാമറാമാന്‍ കെ കെ ഷിനു, എ സി വി റിപ്പോര്‍ട്ടര്‍ ഷമീര്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.
പരുക്കേറ്റ 15 യുവജന സംഘടനാ പ്രവര്‍ത്തകരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.
മലപ്പുറം കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പോലീസ് ലാത്തിച്ചാര്‍ജില്‍ ഡി വൈ എഫ് ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി പി എ മുഹമ്മദ് റിയാസ്, മലപ്പുറം ജില്ലാ സെക്രട്ടറി അബ്ദുല്ല നവാസ് എന്നിവരടക്കം മുപ്പതോളം പേര്‍ക്കും 14 പോലീസുകാര്‍ക്കും പരുക്കേറ്റു.
തലക്ക് പരുക്കേറ്റ റിയാസിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമരത്തെ തുടര്‍ന്ന് ഒന്നര മണിക്കൂറോളം മലപ്പുറം നഗരത്തില്‍ ഗതാഗതവും മുടങ്ങി