Connect with us

National

കോണ്‍ഗ്രസുമായി സഖ്യം; സന്നദ്ധത പ്രകടിപ്പിച്ച് വൈ എസ് ആര്‍ കോണ്‍ഗ്രസ്‌

Published

|

Last Updated

ഹൈദരാബാദ്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് സന്നദ്ധ പ്രകടിപ്പിച്ച് ആന്ധ്രാ പ്രദേശിലെ വൈ എസ് ആര്‍ കോണ്‍ഗ്രസ്. ബി ജെ പി അധികാരത്തില്‍ വരുന്നത് തടയുകയെന്നതാണ് വൈ എസ് ആര്‍ കോണ്‍ഗ്രസിന്റെ ന്യായീകരണം.
കോണ്‍ഗ്രസ് പിന്നില്‍ നിന്ന് കുത്തിയിട്ടുണ്ടെങ്കിലും ബി ജെ പിയുടെ പ്രത്യയശാസ്ത്ര യുക്തികളോട് രാജിയാകാനാകില്ല. ഈ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസുമായോ മൂന്നാം മുന്നണിയുമായോ സഹകരിക്കും. വൈസ് എസ് ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഢിയുടെ സഹോദരി ശര്‍മിള റെഡ്ഢി പറഞ്ഞു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജഗന്‍മോഹന്‍ ജയിലിലായതിനാല്‍ ശര്‍മിള റെഡ്ഢിയാണ് ഇപ്പോള്‍ പാര്‍ട്ടിയെ നയിക്കുന്നത്.
അതേസമയം, ഇക്കാര്യത്തില്‍ പാര്‍ട്ടി പ്രസിഡന്റ് അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് ശര്‍മിള പറഞ്ഞു. ആന്ധ്രയില്‍ 2500 കിലോ മീറ്റര്‍ പദയാത്ര കഴിഞ്ഞ് സ്വകാര്യ ചാനലിനോട് സംസാരിക്കുകയായിരുന്നു അവര്‍.
അതേസമയം, ശര്‍മിളയുടെ പ്രസ്താവന കോണ്‍ഗ്രസിന് ആശ്വാസം പകരുന്നതാണ്. 2010ല്‍ ജഗന്‍മോഹന്‍ പാര്‍ട്ടി വിട്ട്, വൈ എസ് ആര്‍ കോണ്‍ഗ്രസ് രൂപവത്കരിച്ച ശേഷം വന്‍ തിരിച്ചടികളാണ് കോണ്‍ഗ്രസിന് ഉണ്ടായിട്ടുള്ളത്. ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയായിരിക്കെ, പിതാവ് വൈ എസ് രാജശേഖര റെഡ്ഢി 2009 സെപ്തംബര്‍ രണ്ടിന് ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കുടുംബങ്ങളെ ആശ്വസിപ്പിക്കാന്‍ “ഒദര്‍പു യാത്ര” എന്ന പേരില്‍ സംസ്ഥാന പര്യടനം നടത്തിയതിനെ തുടര്‍ന്നാണ് ജഗന്‍മോഹന്‍ പാര്‍ട്ടിയില്‍ പുറത്തുപോകുന്നത്.
തെലുങ്കാന സംസ്ഥാന രൂപവത്കരണത്തില്‍ കൃത്യമായ നിലപാട് കൈക്കൊള്ളാനാകാത്തതിനാലും പാര്‍ട്ടി നേതാക്കള്‍ വൈ എസ് ആര്‍ കോണ്‍ഗ്രസിലേക്കും തെലുങ്കാന രാഷ്ട്ര സമിതിയിലേക്കും തുടര്‍ച്ചയായി പോകുന്നതിനാലും വലിയ പ്രയാസത്തിലാണ് കോണ്‍ഗ്രസിന്റെ അവസ്ഥ. 2004ലും 2009ലും കേന്ദ്രത്തില്‍ അധികാരത്തില്‍ വരാനായതില്‍ ആന്ധ്രയാണ് കോണ്‍ഗ്രസിന് നിര്‍ണായകമായത്. 2004ല്‍ 29 സീറ്റുകള്‍ ലഭിച്ചപ്പോള്‍ 2009ല്‍ 33 ആയി ഉയര്‍ന്നു.
അടുത്ത തിരഞ്ഞെടുപ്പില്‍ 35 ലോക്‌സഭാ മണ്ഡലങ്ങള്‍ ലഭിക്കുമെന്നാണ് വൈ എസ് ആര്‍ കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. 2004ലും 2009ലും വൈ എസ് ആറിന്റെ മികവ് കൊണ്ടാണ് കോണ്‍ഗ്രസ് വന്‍വിജയം നേടിയതെന്നും എന്നാല്‍ പാര്‍ട്ടി ഇത് മറക്കുകയും തങ്ങളെ വഞ്ചിക്കുകയുമായിരുന്നെന്നും ശര്‍മിള കുറ്റപ്പെടുത്തി.

Latest