തല്‍ബിയത്തിന്റെ മന്ത്ര ധ്വനികളില്‍ മുങ്ങി സ്വലാത്ത് നഗര്‍

Posted on: June 28, 2013 1:28 am | Last updated: June 28, 2013 at 1:31 am
SHARE

മലപ്പുറം: അവരുടെ ചുണ്ടുകളില്‍ ത്രസിച്ചത് തല്‍ബിയത്തിന്റെ മന്ത്രങ്ങളായിരുന്നു. കാത്തു കാത്തിരുന്ന വിശുദ്ധ പ്രയാണത്തിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, മഅ്ദിന്‍ എജ്യുപാര്‍ക്കിലെത്തിയ ഹാജിമാര്‍ ധന്യമായി ഒരു ദിവസത്തിന്റെ ഓര്‍മകളുമായാണ് തിരിച്ചു പോയത്. സംസ്ഥാന തല ഹജ്ജ് ക്യാമ്പിനായി ഒരുക്കിയ സൗകര്യങ്ങള്‍ അപ്രസക്തമാക്കും വിധമായിരുന്നു സ്വലാത്ത് നഗരിയിലെ ഹാജിമാരുടെ ഒഴുക്ക്.
രാവിലെ എട്ടിന് ആരംഭിച്ച് വൈകുന്നേരം അഞ്ചിന് അവസാനിക്കുന്നത് വരെ നിറഞ്ഞ സദസ്സില്‍ നിന്നും തല്‍ബിയത്തിന്റെയും സ്വലാത്തുകളുടെയും വിശുദ്ധ വീചികളുയര്‍ന്നു. മലപ്പുറത്തെയും പരിസരത്തെയും വീടുകളില്‍ നിന്ന് ഹാജിമാര്‍ക്കായി നെയ്യപ്പവും പലഹാരവും എത്തിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടു. ഏഴായിരത്തിലധികം പേരെ പ്രതീക്ഷിച്ചുള്ള ഒരുക്കങ്ങള്‍ ഹാജിമാരുടെ ഒഴുക്കില്‍ അപ്രസക്തമായി. എന്നാല്‍, സന്നദ്ധ സേവകരുടെയും മഅ്ദിന്‍ ജീവനക്കാരുടെയും വിദ്യാര്‍ഥികളുടെയും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രകീര്‍ത്തിക്കപ്പെട്ടു. ക്യാമ്പിന്റെ ഉപഹാരമായുള്ള സൗജന്യ ഹജ്ജ് കിറ്റ് വിതരണം ചെയ്തിരുന്നു. സമാപന വേദിയില്‍ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.