സ്‌നോഡെന് ഇക്വഡോര്‍ രാഷ്ട്രീയ അഭയം നല്‍കും

Posted on: June 28, 2013 1:19 am | Last updated: June 28, 2013 at 1:19 am
SHARE

snowdenക്വയ്‌റ്റോ: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെക്ക് പിന്നാലെ യു എസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥനായിരുന്ന എഡ്വാര്‍ഡ് സ്‌നോഡെനും ഇക്വഡോര്‍ രാഷ്ട്രീയ അഭയം നല്‍കും. ഒരാഴ്ചക്കുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. നിലവില്‍ മോസ്‌കോയിലുള്ള സ്‌നോഡെന് ഇക്വഡോര്‍ രാഷ്ട്രീയ അഭയം നല്‍കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇക്വഡോര്‍ വിദേശകാര്യ മന്ത്രി റിച്ചാര്‍ഡോ പാറ്റിനോയാണ് ഇക്കാര്യമറിയിച്ചത്.
സ്‌നോഡെന് രാഷ്ട്രീയ അഭയം ഇക്വഡോര്‍ നല്‍കുകയാണെങ്കില്‍ ഇക്വഡോറിന് സാമ്പത്തികമായി തിരിച്ചടി നല്‍കണമെന്ന് യു എസ് സെനറ്റിലെ വിദേശകാര്യ കമ്മിറ്റി ചെയര്‍മാന്‍ റോബര്‍ട്ട് മെനെന്‍ഡസ് പറഞ്ഞു. സാമ്പത്തിക ഉപരോധം ഉള്‍പ്പെടെ ഇക്വഡോറിന് മേല്‍ അമേരിക്ക ഏര്‍പ്പെടുത്തുമെന്ന സൂചനയാണ് മെനെന്‍ഡസിന്റെ വാക്കുകളിലുള്ളത്. ഇക്വഡോറുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിക്കാനും ഒരുക്കമാണെന്ന് യു എസ് വ്യക്തമാക്കിയിട്ടുണ്ട്. ഉപരോധ ഭീഷണി ഉയര്‍ത്തി സ്‌നോഡെന് രാഷ്ട്രീയ അഭയം നല്‍കുന്നതില്‍ നിന്നും ഇക്വഡോറിനെ പിന്തിരിപ്പിക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം.
സ്‌നോഡെന് അഭയം നല്‍കുന്നതില്‍ നിന്ന് റഷ്യയും പിന്മാറണമെന്ന് മെനെന്‍ഡസ് പറഞ്ഞു. സ്‌നോഡെന്‍ മോസ്‌കോ വിമാനത്താവളത്തിന്റെ ട്രാന്‍സിസ്റ്റ് മേഖലയിലാണെന്നും അദ്ദേഹം പറഞ്ഞു. ഹോങ്‌കോംഗില്‍ നിന്നാണ് സ്‌നോഡെന്‍ മോസ്‌കോയിലെത്തിയതെന്നാണ് അമേരിക്ക പറയുന്നത്. ഞായറാഴ്ചയാണ് അദ്ദേഹം മോസ്‌കോയിലെത്തിയത്.
വെനിസുലന്‍ തലസ്ഥാനമായ കാരസ്‌ക്കസിലേക്ക് വിമാനത്തില്‍ പോകവെ തന്റെ തൊട്ടടുത്ത സീറ്റിലിരുന്ന 30 കാരനായ അമേരിക്കന്‍ ഐ ടി വിദഗ്ധനാണ് രാഷ്ട്രീയ അഭയം തേടിയതെന്ന് ഇക്വഡോര്‍ വിദേശകാര്യ മന്ത്രി പറഞ്ഞു.
അസാഞ്ചെക്ക് ഇക്വഡോര്‍ രാഷ്ട്രീയ അഭയം നല്‍കാന്‍ രണ്ട് മാസത്തെ സമയമെടുത്തിരുന്നു. എന്നാല്‍ സ്‌നോഡെന്റെ കാര്യത്തില്‍ ഈ കാത്തിരിപ്പ് വേണ്ടിവരില്ലെന്നും ഒരാഴ്ചക്കകം തന്നെ തീരുമാനമുണ്ടാകുമെന്നും ഇക്വഡോര്‍ വ്യക്തമാക്കി. ജൂലിയന്‍ അസാഞ്ചെ ബ്രിട്ടനിലെ ഇക്വഡോര്‍ എംബസിയില്‍ ഒരു വര്‍ഷമായി താമസിക്കുകയാണ്.