Connect with us

Kozhikode

ദേശീയപാത സ്ഥലമെടുപ്പ് അവസാന ഘട്ടത്തില്‍; കിടപ്പാടം നഷ്ടപ്പെടുന്നവരുടെ ആശങ്കക്ക് പരിഹാരമായില്ല

Published

|

Last Updated

വടകര: ജില്ലയില്‍ ദേശീയപാത നാല് വരിയായി ഉയര്‍ത്താനുള്ള സ്ഥലമെടുപ്പ് നടപടികള്‍ അവസാനഘട്ടത്തിലേക്ക്. പാതക്ക് ആവശ്യമായ സ്ഥലം സര്‍ക്കാറില്‍ നിക്ഷിപ്തമാക്കുന്നതിന്റെ ഭാഗമായ ഉത്തരവ് ജില്ലയിലുടനീളം നിലവില്‍ വന്നു. നേരത്തെ അഴിയൂര്‍, പയ്യോളി വില്ലേജുകളിലെ പല ഭാഗങ്ങളിലാണ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്.
ഇതില്‍ ബാക്കി വരുന്ന വടകര താലൂക്കിലെ നടക്കുതാഴ, വടകര, ഒഞ്ചിയം, ചോറോട്, കൊയിലാണ്ടി താലൂക്കിലെ തിക്കോടി, മൂടാടി, ചെങ്ങോട്ടുകാവ് തുടങ്ങിയ വില്ലേജുകളിലായി 22 ദേശങ്ങളിലെ ഉത്തരവാണ് രണ്ടാം ഘട്ടത്തില്‍ പ്രസിദ്ധീകരിച്ചത്. ഇതിന്റെ ഭാഗമായി വടകര, കൊയിലാണ്ടി, എല്‍ എ എന്‍ എച്ച് ഓഫീസുകളില്‍ സ്ഥലം നഷ്ടപ്പെടുന്നവരുടെ രേഖ പരിശോധന നടക്കും. ഇതിനായി ആധാരം ഉള്‍പ്പെടെ വിവിധ രേഖകള്‍ ഹാജരാക്കണം.
രേഖ പരിശോധന പൂര്‍ത്തിയായാല്‍ നഷ്ടപരിഹാര വിതരണത്തിന്റെ നടപടിക്രമം നടക്കും. സ്ഥലമെടുപ്പ് നടപടികള്‍ ദ്രുതഗതിയില്‍ നടക്കുമ്പോഴും സ്ഥലം നഷ്ടപ്പെടുന്നവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായില്ലെന്ന പരാതി നിലനില്‍ക്കുകയാണ്. സ്ഥലം, വീട്, കച്ചവടസ്ഥാപനങ്ങള്‍ എന്നിവ നഷ്ടപ്പെടുന്നവര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക നഷ്ടപരിഹാര പാക്കേജ് നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്നു. അതുവരെ എല്ലാ തുടര്‍ നടപടികളും നിര്‍ത്തിവെക്കാനും തീരുമാനിച്ചു. ഇതിനിടയിലാണ് പാക്കേജ് ഇന്നത്തെ രീതിയില്‍ നടപ്പിലാക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് ധനകാര്യ വകുപ്പ് ഫയല്‍ മടക്കിയത്. പാക്കേജ് എങ്ങുമെത്താത്ത സ്ഥിതിയില്‍ മറ്റ് നടപടികളുമായി മുന്നോട്ട് പോകുന്നത് ശരിയല്ലെന്ന് കര്‍മസമിതി കുറ്റപ്പെടുത്തി.
ജില്ലയിലെ എം എല്‍ എ മാരടക്കം ആവശ്യപ്പെട്ടിട്ടും പ്രശ്‌നം പരിഹരിക്കാതെ സ്ഥലമെടുപ്പുമായി അധികൃതര്‍ മുന്നോട്ട് പോകുകയാണ്. തുടര്‍ന്ന് പല ഭാഗത്തുനിന്നും പ്രതിഷേധം ഉയരുമ്പോഴാണ് രണ്ടാംഘട്ട സ്ഥലമെടുപ്പ് ഉത്തരവ് പുറത്തുവന്നത്. സ്ഥലം നഷ്ടപ്പെടുന്നവര്‍ക്കുള്ള പാക്കേജില്‍ കച്ചവടക്കാരെയും കച്ചവട സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരെയും വീട് നഷ്ടപ്പെടുന്നവരെയും പുനരധിവസിപ്പിക്കാന്‍ വ്യവസ്ഥകളുണ്ട്. പാക്കേജിനായി ആവശ്യമായ ഫണ്ട് അനുവദിക്കാന്‍ ദേശീയപാത അതോറിറ്റിയെ സമീപിച്ചെങ്കിലും നിര്‍വാഹമില്ലെന്ന നിലപാടാണ് അതോറിറ്റി സ്വീകരിച്ചത്. ജനപ്രതിനിധികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ വാക്ക് പാലിക്കാതെ ഏകപക്ഷീയമായി സ്ഥലമെടുപ്പ് തുടരുന്ന സാഹചര്യത്തില്‍ രേഖാപരിശോധനയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കര്‍മസമിതി തീരുമാനിച്ചു.