Connect with us

International

കുടിയൊഴിപ്പിക്കല്‍; ഗിന്‍ചിയാംഗില്‍ സംഘര്‍ഷം തുടരുന്നു

Published

|

Last Updated

ബെയ്ജിംഗ്: ഗിന്‍ചിയാംഗ് കലാപത്തെ തുടര്‍ന്ന് ഇവിടേക്കുള്ള റോഡുകള്‍ ചൈനീസ് സായുധ പോലീസ് തടഞ്ഞു. കഴിഞ്ഞ ദിവസമാണ് ഇവിടെ കലാപം പൊട്ടിപ്പുറപ്പെട്ടത്. തര്‍പാന്‍ നഗരത്തിന്റെ 40 കിലോമീറ്റര്‍ ചുറ്റളവിലാണ് ഗതാഗത നിരോധം. ഇവിടെ യാത്രക്കാരുടെ ഐ ഡി കാര്‍ഡുകള്‍ പരിശോധിക്കുകയും വാഹനപരിശോധന നടത്തുകയും ചെയ്യുന്നുണ്ട്. സുരക്ഷാ കാരണങ്ങളാലാണ് നിയന്ത്രണമെന്ന് പോലീസ് അറിയിച്ചു. 20 ഓളം പോലീസ് വാഹനങ്ങള്‍ ഉപയോഗിച്ചാണ് റോഡ് തടഞ്ഞതെന്ന് പ്രദേശത്തുകാരനായ ഒരാള്‍ വാര്‍ത്താ ഏജന്‍സിയെ അറിയിച്ചു. ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയുടെ റിപ്പോര്‍ട്ട് പ്രകാരം ജനക്കൂട്ടം പോലീസ് സ്റ്റേഷനുകള്‍ ആക്രമിക്കുകയായിരുന്നുവെന്നാണ്. ഒന്‍പത് പോലീസുകാരും എട്ട് നാട്ടുകാരും പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടുവെന്നാണ് പോലീസ് വിശദീകരണം.
പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ ഹെലികോപ്റ്ററുകള്‍ വഴി സൈന്യത്തെ ഇറക്കിയിട്ടുണ്ട്. മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ് ഗിന്‍ചിയാംഗ്. 10 ദശലക്ഷം പേരാണ് ഇവിടെയുള്ളത്. വികസനത്തിന്റെ പേരില്‍ ഇവിടെ നിന്ന് ബലം പ്രയോഗിച്ച് കുടിയൊഴിപ്പിക്കുന്നതാണ് സംഘര്‍ഷത്തിലേക്ക് വഴിവെച്ചത്. വിഭവസമ്പന്നമായ ഈ പ്രദേശം വന്‍കിടക്കാര്‍ക്ക് പതിച്ചുനല്‍കുന്നതിനെയാണ് ഇവിടത്തുകാരായ ന്യൂനപക്ഷങ്ങള്‍ എതിര്‍ക്കുന്നത്. ഇവരെ പോലീസിനെ ഉപയോഗിച്ച് നേരിടുകയായിരുന്നു സര്‍ക്കാര്‍. മുന്തിരിപ്പാടങ്ങളില്‍ ജോലി ചെയ്ത് ഉപജീവനം നടത്തുന്ന ഇവിടത്തുകാര്‍ കഴിയുന്നത് മണ്ണ് കട്ടകളെ കൊണ്ട് നിര്‍മിച്ച വീടുകളിലാണ്. വികസനത്തിനായി കുടിയൊഴിപ്പിക്കപ്പെടുമ്പോള്‍ ഈ കിടപ്പാടം പോലും ഇവര്‍ക്കില്ലാതാകും. ദൈന്യതയുടെ കാഴ്ചകളാണ് പ്രദേശത്ത് കാണാനാകുന്നതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. തീവ്രവാദികളാണ് പ്രശ്‌നമുണ്ടാക്കുന്നതെന്നാണ് ചൈനീസ് അധികൃതരുടെ വാദം. റോഡുകളും മറ്റും അടച്ചതോടെ പ്രദേശം പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലാണ്.
ദേശീയ ടെലിവിഷന്‍ ചാനലിന്റെ ട്വിറ്ററില്‍ സംഭവം കലാപമായാണ് ചിത്രീകരിക്കപ്പെട്ടത്. 46 ശതമാനം വരുന്ന മുസ്‌ലിം ന്യൂനപക്ഷ വിഭാഗങ്ങളും 39 ശതമാനം വരുന്ന ഹാന്‍ ചൈനീസ് വംശജരും തമ്മില്‍ നേരത്തെ നേരിയ സംഘര്‍ഷങ്ങള്‍ ഉടലെടുത്തിരുന്നു. തെക്കന്‍ ചൈനയിലാണ് ഈ പ്രദേശം. ടിബറ്റിലെ പോലെ സ്വയംഭരണാവകാശം വേണമെന്ന വാദം ഇവിടെയും ശക്തമാണ്. 2009 ജൂലൈയില്‍ ഇവിടെയുണ്ടായ വംശീയ കലാപത്തില്‍ 200 പേരാണ് മരിച്ചത്. പുതിയ സംഘര്‍ഷത്തെ തുടര്‍ന്നുള്ള വിവരങ്ങള്‍ പുറത്ത് വിടുന്നതില്‍ അധികൃതര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

Latest